ശുചിത്വയജ്ഞം പരിപാടി ജില്ലാതല ഉദ്ഘാടനം മരടില്‍ നടന്നു

Sunday 20 May 2012 10:59 pm IST

മരട്‌: മഴക്കാലരോഗപ്രതിരോധവും സമ്പൂര്‍ണ ശുചിത്വവും ലക്ഷ്യമിട്ടുകൊണ്ടുള്ള ശുചിത്വയജ്ഞം പരിപാടിക്ക്‌ മരടില്‍ തുടക്കമായി. ജില്ലാ സാനിറ്റേഷന്‍ സമിതിയുടെ മേല്‍നോട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്നലെ രാവിലെ 8.30 ന്‌ മരട്‌ കുണ്ടന്നൂര്‍ പെട്രോഹൗസില്‍ (കെആര്‍എല്‍ ഹാള്‍) സംസ്ഥാന എക്സൈസ്മന്ത്രി കെ. ബാബു നിര്‍വഹിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ശുചിത്വത്തിനും സമ്പൂര്‍ണ മഴക്കാലരോഗ പ്രതിരോധത്തിനും സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ്‌ നല്‍കുന്നതെന്ന്‌ പരിപാടി ഉദ്ഘാടനംചെയ്തുകൊണ്ട്‌ മന്ത്രി കെ. ബാബു പറഞ്ഞു. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിളക്ക്‌ കൊളുത്തി ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ ചെയര്‍പേഴ്സണ്‍ ബിന്ദു ജോര്‍ജ്‌, മരട്‌ നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി.കെ. ദേവരാജന്‍, പള്ളുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുധാംബിക, നഗരസഭാ വൈസ്‌ ചെയര്‍പേഴ്സണ്‍ അജിത നന്ദകുമാര്‍, മുളന്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റീസ്‌ പുത്തന്‍വീട്ടില്‍, കുമ്പളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസഫ്‌ മാസ്റ്റര്‍, മരട്‌ നഗരസഭാ വിവിധ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്മാരായ ജിണ്‍സണ്‍ പീറ്റര്‍, ഗ്രേസി സൈമണ്‍, അബ്ദുള്‍ മജീദ്‌, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പൊതുസ്ഥലങ്ങള്‍ ശുചീകരിക്കല്‍, മാലിന്യസംസ്കരണം കാര്യക്ഷമമാക്കല്‍, ജലാശയങ്ങളും കാനകളും വൃത്തിയാക്കി മലിനജലം ഒഴുക്കിക്കളയുക, കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക എന്നിവയാണ്‌ ശുചിത്വയജ്ഞം പരിപാടിയുടെ ഭാഗമായി നടക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.