വെള്ളി നക്ഷത്രം

Monday 19 June 2017 1:56 am IST

  കുട്ടനാട്‌രാമകൃഷ്ണപിള്ള വെള്ളി നക്ഷത്രത്തിന് കഥയും സംഭാഷണവും എഴുതിത്തുടങ്ങിയ കഥ മുന്‍പേ സൂചിപ്പിച്ചു. നാടകമല്ല, സിനിമ എന്ന ഗ്രാഹ്യം അദ്ദേഹത്തിനില്ലായിരുന്നു. സിനിമയുടെ രീതി വഴികളുമറിയില്ലായിരുന്നു. തിരക്കഥയുടെ സമ്പ്രദായ ശാസ്ത്രങ്ങളെക്കുറിച്ച് അപൂര്‍വ ങ്ങളായെങ്കിലും ചില ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലായിരുന്നു. താന്‍പോരിമയില്‍ അതിരു കടന്നു മദിച്ചിരുന്ന രാമകൃഷ്ണപിള്ള അവയൊന്നും തേടി വായിക്കാന്‍ തയ്യാറായില്ല. ''അവയൊന്നും അനുകരിക്കേണ്ട കാര്യം തനിക്കില്ലെ''ന്നായിരുന്നുവത്രെ അദ്ദേഹത്തിന്റെ നിലപാട്. നാടകം എഴുതുന്നതുപോലെയാണ് അതുകൊണ്ട് സ്‌ക്രിപ്റ്റും എഴുതിയത്. ഓരോ സീനും കഴിയുമ്പോള്‍ നാടകശീലത്തില്‍ 'കര്‍ട്ടന്‍' എന്നെഴുതിയിരുന്നത് വലിയ പരിഹാസത്തിനിടവരുത്തിയെന്നാണ് ചേലങ്ങാട്ടു പറയുന്നത്. ദീര്‍ഘമായ സംഭാഷണങ്ങള്‍ നീട്ടിവലിച്ചുള്ള രംഗങ്ങളായാണെഴുതിയത്. അതതേപടി ഷൂട്ട് ചെയ്താല്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം ചിലപ്പോള്‍ ദിവസങ്ങള്‍ നീണ്ടേക്കാം. ഇത്രയൊക്കെയാണെങ്കിലും കുട്ടനാട് രാമകൃഷ്ണപിള്ളയെ മാറ്റി പകരം മറ്റൊരാളെക്കൊണ്ടെഴുതിക്കുന്ന കാര്യം ചിന്തിക്കുവാനാകുമായിരുന്നില്ല. ടി.എം.വര്‍ഗീസ് നിര്‍ദ്ദേശിച്ച ആളെന്ന മേല്‍ക്കൈ അദ്ദേഹത്തിനുണ്ടായിരുന്നുവല്ലോ. അല്ലെങ്കില്‍ മുതുകുളവും മറ്റുമായി വിന്‍സന്റിന് നേരത്തെ പരിചയമുണ്ടായിരുന്നതാണ്. പക്ഷേ അങ്ങനെ ശ്രമിച്ചില്ല. ചിന്തിച്ചില്ല. ഏതായാലും ബെയ്‌സിന് സ്‌ക്രിപ്റ്റ് ഇംഗ്ലീഷിലാക്കി ടൈപ്പ് ചെയ്തുകൊടുക്കണം. മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലാക്കുമ്പോള്‍ അനാവശ്യ ദൈര്‍ഘ്യം വെട്ടിയൊതുക്കി തിരുത്തുന്ന ദൗത്യം കുഞ്ചാക്കോയും വിന്‍സന്റും ചേര്‍ന്ന് നിവര്‍ത്തിച്ചു. ബെയ്‌സ് അവര്‍ കൊടുക്കുന്ന താളുകളില്‍ തിരുത്തലുകളും നിര്‍ദ്ദേശങ്ങളും കുറിക്കും. അതനുസരിച്ചുമാറ്റും. വിന്‍സന്റ് ഇതിനായി ടൈപ്പിങ് പഠിച്ചു. ഒരു ടൈപ്പ് റൈറ്റര്‍ വാങ്ങി. നടീനടന്മാരെ തിരഞ്ഞെടുത്തു കഴിയുമ്പോള്‍ അവര്‍ക്ക് സംഭാഷണം പറഞ്ഞുകൊടുത്തു പരിശീലിപ്പിക്കേണ്ട ചുമതല വിന്‍സന്റിനായി. അഭിനേതാക്കളെ തിരഞ്ഞെടുക്കേണ്ട ഉത്തരവാദിത്തം കുഞ്ചാക്കോയും വിന്‍സന്റും ചേര്‍ന്നു കയ്യാളി. നായികയുടെ അച്ഛന്റെ റോളിന് മറ്റാരെയെങ്കിലും പരിഗണിക്കുവാന്‍ പഴുതു നല്‍കാതെ താനാണാ വേഷം അഭിനയിക്കുന്നതെന്ന് രാമകൃഷ്ണപിള്ള മുന്നേതന്നെ അവകാശമുറപ്പിച്ചു. എതിര്‍ക്കുവാന്‍ അപ്പോഴത്തെ സാഹചര്യത്തില്‍ കുഞ്ചാക്കോയ്ക്ക് കഴിയുമായിരുന്നില്ല. ടി.എം.വര്‍ഗീസിന്റെ മാത്രമല്ല ജോണ്‍ ഫിലിപ്പോസിന്റെയും പ്രത്യേക പിന്‍ബലം ഇതിനകം ചങ്ങാതി കൈയടക്കിയിരുന്നു. ഇതു മനസ്സിലാക്കിയിട്ടാണോ എന്തോ ബെയ്‌സ് ഷൂട്ടിങ് നടക്കുമ്പോള്‍, മകളെ കാണാതെ റോഡിലൂടെ അന്വേഷിച്ചലയുന്ന നായികയുടെ പിതാവിന്റെ ഭാഗം മുഴുവനും രാമകൃഷ്ണപിള്ളയുടെ പുറകില്‍നിന്നാണ് ചിത്രീകരിച്ചതത്രെ! വിന്‍സന്റ് നയത്തില്‍ മുന്‍പില്‍നിന്ന് കൂടി ചിത്രീകരിക്കാമല്ലോ എന്നുപറഞ്ഞപ്പോള്‍ ആ വാശിക്ക് ബെയ്‌സ് ശാഠ്യപൂര്‍വം പുറകില്‍നിന്ന് തന്നെ മുഴുവനും ചിത്രീകരിച്ചുപോലും. ചിത്രമിറങ്ങിയപ്പോള്‍ പൃഷ്ഠ ഭാഗം കൊണ്ടഭിനയിക്കുന്ന നടന്‍ എന്ന പരിഹാസവും അതോടെ രാമകൃഷ്ണപിള്ളയ്ക്ക് സ്വന്തമായി. മലയാളമറിയാത്ത സാങ്കേതിക പ്രവര്‍ത്തകരോട,് മലയാളികളായവര്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ അത് ഈഗോയുടെ പ്രശ്‌നമായിക്കണ്ട് അവഗണിക്കുകയും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അനുഭവം ആദ്യ ശബ്ദ ചിത്രമായ 'ബാലന്റെ' സംഭാഷണ ലേഖന സമയത്തും വിന്‍സന്റ് അനുഭവിച്ചിട്ടുള്ളതാണ്. മലയാളമറിയാത്തവര്‍ മലയാളം തിരുത്തുന്ന ഗതികേടും സഹിക്കേണ്ടിവന്നിട്ടുണ്ട്. സേലത്തെ മോഡേണ്‍ തിയറ്റേഴ്‌സിലെ റിക്കാര്‍ഡിസ്റ്റ് സര്‍ദാര്‍ജിയുമായി അദ്ദേഹത്തിന് അതിന്റെ പേരില്‍ ശണ്ഠ കൂടേണ്ടതായും വന്നു. ഒടുവില്‍ ടി.ആര്‍.സുന്ദരം ഇടപെട്ടിട്ട് വേണ്ടിവന്നു സന്ധി. അഭയദേവും ചെറായി ജിയുമാണ് വെള്ളിനക്ഷത്രത്തിനുവേണ്ടി പാട്ടുകള്‍ എഴുതിയത്. അഭയദേവിന്റെ ആദ്യചിത്രമായിരുന്നു ഇത്. ''ആദ്യമായി ഒരു സംഗീത വിഭാഗത്തെ രൂപീകരിച്ചു. അന്ന് മദ്രാസില്‍ മാത്രമേ ഓര്‍ക്കസ്ട്ര പാര്‍ട്ടി ഉണ്ടായിരുന്നുള്ളൂ. ഉദയായില്‍ സ്വന്തമായി രൂപീകരിച്ച ഓര്‍ക്കസ്ട്രാ പാര്‍ട്ടിയില്‍ കേരളത്തിലുള്ളവരെയാണാദ്യം ഉള്‍പ്പെടുത്തിയിരുന്നത്.'' കുഞ്ചാക്കോയ്ക്ക് സംഗീതത്തില്‍ സഹജമായുണ്ടായിരുന്ന പ്രത്യേക അഭിനിവേശമായിരുന്നിരിക്കണം ഇങ്ങനെയൊരു തീരുമാനത്തിന് പ്രേരകമായത്. ആ അഭിനിവേശത്തെ അവസാനംവരെ ഉദയാചിത്രങ്ങള്‍ സംഗീതത്തിനു നല്‍കിപ്പോന്ന പ്രാമുഖ്യത്തില്‍ നിന്ന് തിരിച്ചറിയുന്നുമുണ്ടല്ലോ. ചിത്രത്തിലെ മുഖ്യഗായകനായ പീതാംബരം തന്നെയാണ് നായകനായഭിനയിച്ചതും. പീതാംബരമേനോന്‍ എന്നായിരുന്നു യഥാര്‍ത്ഥ നാമം. ഇരിങ്ങാലക്കുട സ്വദേശി. ജഡ്ജിയായിരുന്ന രാമന്‍ തമ്പിയുടെ പുത്രന്‍. സ്വാതി തിരുനാള്‍ അക്കാദമിയില്‍ നിന്ന് ഗാനഭൂഷണം(അന്നത്തെ തത്തുല്യ ബിരുദം) ജയിച്ച ഇദ്ദേഹത്തെ ജോണ്‍ ഫിലിപ്പോസാണ് നായകവേഷത്തിലേക്ക് ശുപാര്‍ശ ചെയ്തത്. 'വെള്ളിനക്ഷത്ര'ത്തില്‍ തനിക്കുവേണ്ട മൂന്നു പാട്ടുകളും പീതാംബരം തന്നെയാണ് പാടിയത്. 'ഗായക' വിശേഷണം അക്കാലത്ത് ഗാനഭൂഷണം തുടങ്ങിയ ടൈറ്റിലുകള്‍ക്ക് തുല്യമായി അവ പ്രാബല്യത്തില്‍വരുന്നതിന് മുന്‍പ് പകരം നല്‍കിവന്നതാവണമെന്നാണ് ഇതേക്കുറിച്ചാരാഞ്ഞപ്പോള്‍ യേശുദാസ് ഒരിക്കല്‍ എന്നോടും ജേസിയോടും ജോഷിയോടും പറഞ്ഞത്. 'ഗായക' ബിരുദം നേടിയ പീതാംബരന്‍ എന്ന നിലയിലാവണം അപ്പോള്‍ 'ഗായക പീതാംബരം' എന്ന് അദ്ദേഹത്തെ വിളിച്ചത്. ഉദയാ സ്റ്റുഡിയോ ഭാരവാഹികള്‍ കളിയാക്കി വിളിച്ചിരുന്ന പേരാണതെന്നാണ് ചേലങ്ങാട്ട് ഭാഷ്യം. സംഗീതവുമായി ബന്ധപ്പെട്ട വിഷയത്തില്‍ യേശുദാസിനെ വിശ്വസിക്കുവാനാണ് എനിക്ക് കൂടുതലിഷ്ടം. അഭയദേവിന്റെ നിര്‍ദ്ദേശപ്രകാരം നായകന്റെ സഹോദരിയുടെ വേഷമഭിനയിക്കുവാന്‍ വന്ന പൊന്‍കുന്നത്തുകാരി അംബുജമായിരുന്നു ചിത്രത്തിലെ പ്രധാന ഗായിക. മലയാളത്തിലെ ആദ്യത്തെ പിന്നണിഗായികയായി ചേലങ്ങാട്ട് അംബുജത്തെ വിശേഷിപ്പിക്കുന്നു. 'നിര്‍മല'യുടെ പിന്നണിയില്‍ ഗോവിന്ദറാവുവിനോടൊപ്പം തൃപ്പൂണിത്തുറയിലുള്ള സി. സരോജിനിയും പി.ലീലയും പാടിയിരുന്നു എന്നെഴുതിയതും ചേലങ്ങാട്ടുതന്നെ. മലയാള സിനിമയില്‍ ആദ്യമായി പിന്നണി ഗാനം ഉള്‍പ്പെടുത്തിയ ചിത്രം 'വെള്ളിനക്ഷത്ര'മായിരുന്നു എന്നും ചേലങ്ങാട്ടു പ്രസ്താവിച്ചു കണ്ടു. അല്ല 'നിര്‍മല'യായിരുന്നു എന്നു ചരിത്രം സാക്ഷ്യപ്പെടുത്തിയ വൃത്താന്തം നാം മുന്‍പേ ചര്‍ച്ച ചെയ്തതാണ്. പിന്നീട് ഏറെ പ്രശസ്തനായി മാറിയ ബി.എ. ചിദംബരനാഥിനും വടക്കന്‍ പറവൂര്‍കാരനായ പരമു ഭാഗവതര്‍ക്കുമായിരുന്നു സംഗീതസംവിധാനത്തിന്റെ ചുമതല. ചിദംബരനാഥിന്റെ ആദ്യചിത്രമായിരുന്നു വെള്ളിനക്ഷത്രം. താന്‍ കടന്നുവരുമ്പോള്‍ പ്രശസ്തമായ ഇതരഭാഷാ ചിത്രഗാനങ്ങളുടെ ഈണം അതേപടി അനുകരിച്ചു പരമുഭാഗവതര്‍ ഓര്‍ക്കസ്ട്രാ വാദകരെ പരിശിലീപ്പിച്ചുവരെ കഴിഞ്ഞിരുന്നു എന്നും തനിക്കാകെ ചെയ്യുവാനുണ്ടായിരുന്നത് വരികള്‍ ഈണത്തിനൊപ്പിച്ചു എഴുതി വാങ്ങി ഗായകരെ പഠിപ്പിച്ചു ആലപിപ്പിച്ചു റിക്കാര്‍ഡ് ചെയ്യുക മാത്രമായിരുന്നു എന്നും ചിദംബരനാഥ് നിരാശ നിഴലിക്കുന്ന സ്വരത്തില്‍ മാക്ടയുടെ പരമവിശിഷ്ടാംഗത്വം സ്വീകരിച്ചുകൊണ്ടുപറഞ്ഞതോര്‍ക്കുന്നു. ഏകോപന ചുമതല മാത്രമാണ് സംഗീത സംവിധായകനില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നത്. അതായിരുന്നു അന്നത്തെ കീഴ്‌വഴക്കം. 'വെള്ളിനക്ഷത്ര'വും അതതേപടി പിന്തുടര്‍ന്നു. ഈ ഒറ്റ ചിത്രത്തോടെ പരമുഭാഗവതര്‍ രംഗത്തുനിന്നു പിന്‍വാങ്ങി. ഉദയായില്‍ തന്നെയാണ് പാട്ടുകളെല്ലാം റിക്കാര്‍ഡ് ചെയ്തത്. റീ-റിക്കാര്‍ഡിങ്ങിനും സെന്‍സറിങ്ങിനും മാത്രമേ മദ്രാസിനെ ആശ്രയിച്ചുള്ളൂ. ഇവിടുള്ളവര്‍ പോരാതെ വന്നപ്പോള്‍ ഓര്‍ക്കസ്ട്രാക്കാര്‍ ചിലരെ മാത്രം മദ്രാസില്‍ നിന്ന് ഇങ്ങോട്ട് വരുത്തിയിരുന്നു. ഉദയായില്‍ പാട്ടുകളും സംഭാഷണങ്ങളും ചെയ്യുന്നത് കൗതുകകരമായ കാഴ്ചയാണ്. തെറ്റാലിയുമായി, പുറത്ത് സ്റ്റുഡിയോയ്ക്കരികിലുള്ള മരത്തിന് മുകളില്‍ ജീവനക്കാരിലൊരാള്‍ കയറി ഇരിക്കും. കെട്ടിടത്തിന്റെ മേല്‍ക്കൂര മുകളിലിരുന്നു കാറാന്‍ പറന്നെത്തുന്ന കാക്കയാദി പക്ഷികളെ ആട്ടിപ്പായിക്കുകയാണ് ദൗത്യം. മറ്റൊരാള്‍ സ്റ്റുഡിയോ വളപ്പിന് പുറത്തു റോഡില്‍ ചുണ്ടിലൊരു വിസിലുമായി നിലയുറപ്പിച്ചു. ആ വഴി വാഹനങ്ങള്‍ ഇരമ്പി വരുമ്പോള്‍ മുന്‍കൂറായി വിസില്‍ സിഗ്നല്‍ നല്‍കും. റിക്കാര്‍ഡിങ് അപ്പോള്‍ നിര്‍ത്തിവയ്ക്കും. ഈ കരുതലില്ലെങ്കില്‍ പാട്ടിനിടയിലും സംഭാഷണത്തിനിടയിലും ''കാകാ'' ശബ്ദവും ലോറിയുടെയും ബസ്സിന്റെയുമൊക്കെ ഇരമ്പലും ഇടചേരും. 1949 ലിറങ്ങിയ 'വെള്ളിനക്ഷത്ര'ത്തിന്റെ പണിപ്പുരയിലെ ഈ പരിമിതി 1983 ല്‍ 34 വര്‍ഷം കഴിഞ്ഞു ഭരതനും ഞാനും സഹവര്‍ത്തിച്ച 'ഉദയാ'യുടെ 'സന്ധ്യമയങ്ങും നേരം' എന്ന ചിത്രത്തിലെ ഭാഗികമായ സംഭാഷണ ലേഖനം അവിടെവച്ചു നടത്തുമ്പോഴും അതേവിധം തുടര്‍ന്നിരുന്നു! 'വെള്ളിനക്ഷത്ര'ത്തില്‍ നായികയായി അഭിനയിച്ചത് ലളിതയാണ്. ലളിത പത്മിനി രാഗിണിത്രയത്തിലെ ലളിതയല്ല. തിരുവനന്തപുരം സ്വദേശിയായ പോലീസ് കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയുടെ മകള്‍, മറ്റൊരു ലളിത! ഈ ലളിത ഈ ചിത്രത്തില്‍ മാത്രമേ അഭിനയിച്ചുള്ളൂ. പിന്നീട് അവര്‍ നഴ്‌സായി പട്ടാളത്തില്‍ ചേര്‍ന്ന് ബുദ്ധമതത്തില്‍പ്പെട്ട ഒരു കശ്മീരി മേജറെ വിവാഹം കഴിച്ചു. ആ മതം സ്വീകരിച്ചു ഇന്ദുമാകന്ദ എന്നപേരു സ്വീകരിച്ച് ശിഷ്ടജീവിതം നയിച്ചുവത്രെ. ലളിത പത്മിനി ബാലേപ്രകൃതത്തിലുള്ള ഇരുവരെയും (രാഗിണി അന്ന് സിനിമയില്‍ സജീവമായിട്ടില്ല) 'വെള്ളിനക്ഷത്ര'ത്തില്‍ ഒരന്തര്‍ നൃത്തനാടകത്തില്‍ (അക്കാലത്ത് അന്തര്‍നാടകങ്ങള്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്രങ്ങളില്‍ പതിവായിരുന്നു. മലയാളവും ആ പതിവ് വര്‍ഷങ്ങളോളം പിന്തുടര്‍ന്നിരുന്നു!) അഭിനയിപ്പിക്കുവാന്‍ ഒരു ശ്രമം നടന്നുവെന്നും അവര്‍ ഇരുവരും തങ്ങളുടെ മാതൃഭാഷയില്‍ ആദ്യമായഭിനയിക്കാന്‍ സന്ദര്‍ഭം കിട്ടിയ സന്തോഷത്തില്‍ തമിഴില്‍ ലഭിച്ചുപോന്ന പ്രതിഫലത്തിന്റെ നേര്‍പകുതിക്ക് 'വെള്ളിനക്ഷത്ര'ത്തില്‍ സഹകരിക്കുവാന്‍ സന്നദ്ധരായെങ്കിലും (തമിഴ് സിനിമകളില്‍ ഇവരുടെ നൃത്തങ്ങള്‍ക്കും നൃത്തനാടകങ്ങള്‍ക്കും വലിയ പ്രിയമുള്ള കാലമായിരുന്നു അത്) അത് നടക്കാതെ പോയി. അവരെ കരാര്‍ ചെയ്യുവാന്‍ ചെന്ന വിന്‍സന്റ് ശഠിച്ച അരുതാത്ത നിബന്ധനയുടെ പേരിലാണതെന്ന് ചേലങ്ങാട്ട് പറയുന്നു. പില്‍ക്കാലത്ത് അവരില്‍ രാഗിണിയും കുഞ്ചാക്കോയും ഉദയായുമായുണ്ടായ വളരെയടുത്ത ഹൃദയൈക്യം കൂടി പരിഗണിച്ചുവേണം ഇതിന്റെ വിശ്വാസ്യത തീരുമാനിക്കുവാന്‍ എന്നുമാത്രം പറയട്ടെ! (അടുത്തലക്കം: ഹിറ്റ്‌ലറും ഗീബല്‍സും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.