മുപ്പത് കഴിഞ്ഞ ഭ്രാന്തന്‍

Monday 19 June 2017 1:58 am IST

  മലയാള കവിത പെരിയാറാണെങ്കില്‍ ആ പെരിയാറിന്റെ തീരത്തെ ആലുവാ മണപ്പുറമാണ് വി.മധുസൂദനന്‍ നായര്‍ കവിതകള്‍. കിഴക്കുനിന്ന് പടിഞ്ഞാറേക്കൊഴുകുന്ന പെരിയാര്‍ ആലുവയില്‍ വച്ച് ഒരു പുണ്യനദിയായി മാറുന്നു. മഹാശിവരാത്രി നടക്കുന്നത് ഈ മണപ്പുറത്തുവച്ചാണ്. ഈ മണല്‍പ്പരപ്പില്‍ വന്ന് ധ്യാനിച്ചാണ് പതിനായിരങ്ങള്‍ പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടുന്നത്. മലയാള പൈതൃകത്തിനുള്ള തിലോദകമാണ് മധുസൂദനന്‍ നായര്‍ കവിതകള്‍. ആ കവിതകളിലെ മഹാദേവനായ നാറാണത്ത് ഭ്രാന്തന്‍ പുറത്തുവന്നിട്ട് 2016 അവസാനം മുപ്പത് വര്‍ഷം കഴിഞ്ഞു. ഈ മുപ്പത് വര്‍ഷത്തെ വലംചുറ്റി കടന്നുപോയ തലമുറ നാറാണത്ത് ഭ്രാന്തന്‍ ഒരിക്കലെങ്കിലും ചൊല്ലാതിരുന്നിട്ടില്ല. അത്രമേല്‍ മലയാളിയുടെ ആത്മാവില്‍ ഒട്ടിച്ചേരും വിധമാണ നാറാണത്ത് ഭ്രാന്തന്‍ പിറവികൊണ്ടത്. 1986 അവസാനത്തിലാണ് കലാകൗമുദിയില്‍ ഈ കവിത അച്ചടിച്ചുവന്നത്. അതിന് മുമ്പ് ഈ കവിത മലയാളത്തിലെ ഒരു പ്രമുഖ വാരിക തിരസ്‌കരിച്ചിരുന്നു. തിരസ്‌കാരങ്ങളുടേയും കൂടി മിത്താണല്ലോ നാറാണത്ത് ഭ്രാന്തന്‍. വരരുചിയുടെ മക്കളില്‍ ഭ്രാന്തുണ്ടായിരുന്നതും ഇദ്ദേഹത്തിന് മാത്രമായിരുന്നല്ലോ?. ഈ തിരസ്‌കാരം വരാനിരിക്കുന്ന സ്വീകാര്യതയുടെ മുന്നോടിയായി. അച്ചടിച്ച കവിത എന്ന നിലയിലല്ല, ചൊല്ലിക്കേട്ട കവിത എന്ന നിലയിലാണ് പിന്നീട് നാറാണത്ത് ഭ്രാന്തന്‍ ഒരു ചുഴലിയായി രൂപംകൊണ്ടത്. മധുസൂദനന്‍ നായരുടെ ശബ്ദസൗകുമാര്യവും ആലാപനമികവും കവിതയുടെ ഈണത്തെ മലയാളിയുടെ ആത്മാവിഷ്‌കാരമാക്കി മാറ്റി. കള്ളുഷാപ്പ് മുതല്‍ കലാലയവേദി വരെ നാറാണത്ത് ഭ്രാന്തന്‍ പിടിമുറുക്കി. അന്ന് നടന്ന പല കവിതാ മത്സരങ്ങളിലും മുഴുവന്‍ മത്സരാര്‍ത്ഥികളും ' ഭ്രാന്തന്‍'' മാത്രം ചൊല്ലി. അതില്‍ ഏറ്റവും മികച്ച ഭ്രാന്തനെ തിരഞ്ഞെടുക്കുക എന്ന ജോലി മാത്രമേ വിധികര്‍ത്താക്കള്‍ക്കുണ്ടായിരുന്നുള്ളു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഒരേ കവിത നേടി. രാഷ്ട്രീയപാര്‍ട്ടികളുടെ യുവജന സംഘടനകള്‍ പരിപാടിക്ക് മുമ്പ് നാറാണത്ത് ഭ്രാന്തന്‍ വെച്ച് ആളെക്കൂട്ടി. അക്ഷരാഭ്യാസമില്ലാത്തവര്‍ വരെ ഈ കവിതയുടെ ആരാധകരും പ്രചാരകരുമായി മാറി. 1993 ലാണ് നാറാണത്ത് ഭ്രാന്തന്‍ പുസ്തക രൂപത്തില്‍ സമാഹരിക്കപ്പെടുന്നത്. പുസ്തകമിറങ്ങി 10 വര്‍ഷം കഴിയുമ്പോഴേക്കും 25 പതിപ്പുകള്‍ എന്ന റെക്കോഡിലേക്ക് ഭ്രാന്തനെത്തി. നോവലുകള്‍ പോലും അപൂര്‍വ്വമായി മാത്രം കൈവരിക്കാറുള്ള വില്‍പനയിലെ ഈ ആത്മസായൂജ്യം കുങ്കുമം ചാര്‍ത്തിയ ആദ്യ കവിതാ സമാഹാരമായിരുന്നു നാറാണത്ത് ഭ്രാന്തന്‍. എന്തുകൊണ്ട് ഈ കവിത ഇത്രമേല്‍ പ്രചാരം നേടി എന്നത് അക്കാദമിക തലത്തില്‍ പഠന വിഷയമാക്കേണ്ടതായിരുന്നെങ്കിലും കാര്യമാത്ര പ്രസക്തമായ യാതൊരു ശ്രമവും ആ നിലയില്‍ നടന്നില്ല. നിരൂപകര്‍ അധികം താലോലിക്കാത്ത കവിതയായിരുന്നു ഇത്. കവിയുടെ ആലാപനം സൃഷ്ടിക്കുന്ന ശ്രവണ കൗതുകം എന്ന മട്ടില്‍ അവര്‍ മൗനികളായപ്പോള്‍ കേരളത്തിന്റെ സംസ്‌കാരിക ഭൂപടത്തിലെ തലസ്ഥാനമായി നാറാണത്ത് ഭ്രാന്തന്‍ മാറി. ഇന്ന് മലയാളിയുള്ളിടത്തെല്ലാം മധുസൂദനന്‍ നായരുണ്ട്, ഒപ്പം നാറാണത്ത് ഭ്രാന്തനുമുണ്ട് എന്ന സ്ഥിതിവന്നു. വെറും കേഴ്‌വി സുഖം കൊണ്ടാണീ കവിത ശ്രദ്ധിക്കപ്പെട്ടത് എന്ന് പിറുപിറുത്ത നിരൂപകര്‍ക്കു നേരെ മുപ്പതുവര്‍ഷത്തിനിപ്പുറവും കെടാത്ത തീപ്പന്തം പോലെ ജ്വലിക്കുന്നു, ഈ കവിത. മലയാള കവിത ഇടക്കാലത്ത് ഗാമയുടെ കപ്പലില്‍ കയറി യൂറോപ്പിന്റെ കര പറ്റിയിരുന്നു. വൃത്തബോധത്തേയും താളബോധത്തേയും അതുവഴി പലപ്പോഴും കവിത്വത്തെ തന്നെയും അവര്‍ ഇല്ലാതാക്കി. അസ്തിത്വം നഷ്ടപ്പെട്ട മലയാള കവിതയിലെ ഘര്‍വാപസിയായിരുന്നു നാറാണത്ത് ഭ്രാന്തന്‍. കുറേക്കാലങ്ങള്‍ക്കുശേഷം മലയാള കവിത മണ്ണുതൊട്ടു. എഴുത്തച്ഛനും പൂന്താനവും കൊളുത്തിവിട്ട മലയാള കവിതയുടെ സാംസ്‌കാരിക തനിമയുടേയും മൗലികതയുടേയും ദീപശിഖ കാവാലവും അയ്യപ്പപ്പണിക്കരും കുറേദൂരം മുന്നോട്ട് കൊണ്ടുപോയെങ്കിലും കൃത്യവും ശക്തവുമായ ഒരേറ്റുവാങ്ങല്‍ നടന്നത് തിരുവനന്തപുരത്ത് നെയ്യാറിന്റെ തീരത്താണ്. മധുസൂദനന്‍ നായര്‍ ആ ദീപശിഖയുടെ വെളിച്ചമാക്കി നാറാണത്ത് ഭ്രാന്തനെ മാറ്റി. പന്ത്രണ്ട് രാശിയും നീറ്റി കാലമാകുന്ന അമ്മയുടെ മടിയില്‍ പിറന്നുവീണവനായിരുന്നല്ലോ ഈ ഭ്രാന്തന്‍. കാല്‍പനികതയുടെ കാമുകന്മാരായ മലയാളി വായനക്കാരുടെ വിഷാദ നിര്‍ഭരമായ മനസുകളെ ഒറ്റപ്പെടലിന്റെ വേദനയിലൂടെ സ്പര്‍ശിച്ചു. ഈ ഭ്രാന്തന്‍ അച്ഛനായ വരരുചിയുടെ ചാത്തത്തിനുപോലും സഹോദരങ്ങളോടൊത്തുചേര്‍ന്നത് വെറും കാഴ്ചയ്ക്കുവേണ്ടിയായി മാറി. അസ്തിത്വ ദുഖത്തിന്റെ അമ്പലപ്പറമ്പുകളായിരുന്നല്ലോ ഒരുകാലത്ത് മലയാളിയുടെ യുവത്വം. ആ യുവത്വത്തിന് പറ്റിയ പ്രതിനായക സ്വഭാവമുള്ള നായകനായിരുന്നു ഭ്രാന്തന്‍. എന്നും പുതിയ മാനവനു വേണ്ടി സ്വപ്‌നം കണ്ട ഏതൊരു മലയാളി ചെറുപ്പക്കാരനെ പോലെയും ഈ ഭ്രാന്തനും സ്വപ്‌നം കണ്ടു. ആ സ്വപ്‌നത്തിന് തന്റെ കരളിന്റെ നിറവും സുഗന്ധവും ഊഷ്മാവുമുണ്ടായിരിക്കുമെന്ന് ഭ്രാന്തന്‍ വിചാരിച്ചു. അത് വെറുമൊരു ഭ്രാന്തന്റെ സ്വപ്‌നം മാത്രമാണെന്നറിഞ്ഞുകൊണ്ടുതന്നെ. ഭ്രാന്തനെക്കുറിച്ചുള്ള നിരീക്ഷണങ്ങളില്‍ ശ്രദ്ധേയമായ ഒന്ന് പൗലോ കൊയ്‌ലോ നടത്തിയതാണ്. സഹീര്‍ എന്ന നോവലില്‍ കൊയ്‌ലോ പറയുന്നു. ഭ്രാന്ത് എന്നു പറയുന്നത് ഒരാള്‍ അവനവന്റെ ലോകത്തില്‍ മാത്രം ജീവിക്കാന്‍ തുടങ്ങുന്നതിന്റേയോ ഒരാള്‍ മറ്റെല്ലാവരില്‍ നിന്ന് വ്യത്യസ്തനായി ജീവിക്കാന്‍ ശ്രമിക്കുന്നതിന്റേയോ പേരാണ്. നാറാണത്ത് ഭ്രാന്തന്‍ എന്ന വരരുചിത്താവഴി മാത്രമല്ല മധുസൂദനന്‍ നായര്‍ കവിതകളെല്ലാം തന്നെ അവനവന്റെ സംസ്‌കാരം പകര്‍ത്തിവയ്ക്കാനാണ് ശ്രമിച്ചത്. അതുകൊണ്ടുതന്നെയാണ് അവ വ്യത്യസ്തമായി തീര്‍ന്നതും. കവി പറയുന്നത് ശ്രദ്ധിക്കുക' ശില്‍പവും ശൈലിയും സംസ്‌കാരവുമെല്ലാം ബോധപൂര്‍വ്വം ഉണ്ടാക്കിയെടുത്താല്‍ അത് കൃത്രിമമാകും. പാരമ്പര്യത്തിന്റെ സ്വാഭാവിക വികാസമാണെങ്കില്‍ അതിന് വേരുറപ്പുണ്ടാകും. എന്റെ കവിതയിലെ പാരമ്പര്യ സംയോഗം ബോധപൂര്‍വ്വമല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്'. ഈ പാരമ്പര്യത്തിന്റെ സവിശേഷത തന്നെയാണ് കല്ലുരുട്ടി താഴെയിടുക, പിന്നെയും കയറ്റി താഴെയിടുക എന്ന പ്രവൃത്തിയിലൂടെ നാറാണത്ത് ഭ്രാന്തനും കാണിക്കുന്നത്. അതും ഇതും ഒക്കെ ഏകം തന്നെയെന്ന അദ്വൈതമാണ് ഭ്രാന്തന്‍ പങ്കുവച്ചത്. നാറാണത്ത് ഭ്രാന്തന്‍ എന്ന കവിത പകര്‍ന്നു തന്ന ദര്‍ശനവും ഇതല്ലാതെ മറ്റൊന്നല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.