കൂടൊഴിയുന്ന കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍

Monday 19 June 2017 12:24 am IST

കാലം മാറിയപ്പോള്‍ രാഷട്രീയത്തിന്റെ ഗതിയും മാറി. വന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ അവസാനത്തെ ഉരുക്കുകോട്ടയായിരുന്നു മഹാരാഷ്ട്ര. ഒരുകാലത്ത് ഗ്രാമങ്ങളിലും നഗരങ്ങളിലും ശക്തമായ വേരോട്ടമുണ്ടായിരുന്ന സംസ്ഥാനത്തെ പാര്‍ട്ടി കോണ്‍ഗ്രസ്സ് മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ഏറെക്കാലം എന്‍സിപിയുടെ സഹായത്തോടെയാണെങ്കിലും ഭരണമാറ്റമില്ലാതെ സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ കൈപ്പിടിയില്‍ നിര്‍ത്താന്‍ കഴിഞ്ഞു. പശ്ചിമ മഹാരാഷ്ട്രയില്‍ മാത്രം രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്ന ശരത് പവാര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അതികായനായി അറിയപ്പെട്ടിരുന്നെങ്കിലും കോണ്‍ഗ്രസ്സ് മുന്നണിയില്‍ എന്നും രണ്ടാം സ്ഥാനമായിരുന്നു അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക്, സീറ്റിന്റെ കാര്യത്തിലും. പക്ഷെ വര്‍ഷം 2014 ഇരുപാര്‍ട്ടികള്‍ക്കും അവരുടെ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു. പല നേതാക്കളുടെയും സ്വപ്‌നങ്ങള്‍ തകര്‍ന്നു. പിന്നീട് ഒട്ടേറെ നേതക്കാള്‍ അകാല വാര്‍ദ്ധക്യ പെന്‍ഷന്‍ വാങ്ങി സജീവ രാഷട്രീയത്തില്‍നിന്ന് വിട്ടുനിന്നു. അവരില്‍ തലസ്ഥാന നഗരിയായ മുംബൈയിലെ യുവനേതാക്കളായ മിലിന്ദ് ദേവ്‌റയും പ്രിയ ദത്തും ഉള്‍പ്പെടുന്നു. ഇവര്‍ പെന്‍ഷന്‍ വാങ്ങി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം വിട്ട് നഗരത്തിലെ കോണ്‍ഗ്രസിന്റെ ദുരവസ്ഥ നിസ്സഹായതയോടെ കണ്ട് മൗനം പാലിച്ചു. പ്രതാപങ്ങളെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് മുംബൈയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വരുന്നത്. അടുത്ത കാലത്ത് സംസ്ഥാനത്തെ ഒട്ടേറെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടന്ന തെരഞ്ഞെടുപ്പുക്കള്‍ കോണ്‍ഗ്രസിന് സന്തോഷിക്കാന്‍ വക നല്‍കിയില്ല. ഭാരതത്തിലെ എറ്റവും വലിയ മുനിസിപ്പല്‍ തെരഞ്ഞെടുപ്പായ മുംബൈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വലിയ പ്രതീക്ഷ ഒന്നുമില്ലെങ്കിലും ഒരു കൈ നോക്കാമെന്ന് കരുതി കേന്ദ്ര നേതാക്കാള്‍ നഗരത്തിലെ പാര്‍ട്ടിയുടെ മുഖങ്ങളായ മിലിന്ദ് ദേവ്‌റ, പ്രിയാ ദത്ത്, ഏകനാഥ് ഗായ്ക്ക്വാഡ്, ഗുരുദാസ് കാമത്ത് എന്നിവരെ വിളിച്ച് മുംബൈ പ്രദേശ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ സംഞ്ജയ് നിരുപമിനെ സഹായിക്കാന്‍ ആവശ്യപ്പെട്ടു. വിഘടിച്ച് നില്‍ക്കുകയായിരുന്ന നേതാക്കളെ ഈ സാഹചര്യത്തില്‍ ഒന്നിച്ച് നിര്‍ത്താമെന്ന് പാര്‍ട്ടി നേതൃത്വം കരുതി. അങ്ങനെ മിലിന്ദ് ദേവ്‌റക്ക് തെരഞ്ഞെടുപ്പ് പ്രചാരണ ഉത്തരവാദിത്വവും, പ്രിയ ദത്തിന് തെരഞ്ഞെടുപ്പ് മാനിഫസ്‌റ്റോയുടെ ഉത്തരവാദിത്വവും നല്‍കി പ്രവര്‍ത്തന രംഗത്ത് പേരിനെങ്കിലും തിരിച്ചുകൊണ്ടുവന്നു. ഗുരുദാസ് കാമത്തും നാരായണ്‍ റാണെയും ഇടഞ്ഞുനിന്ന് മൗനം തുടര്‍ന്നു. പാര്‍ട്ടിക്കകത്തെ കാര്യങ്ങളില്‍ ഉന്നത നേതാക്കള്‍ക്ക് ഇപ്പോഴും തൃപ്തിയില്ല. നേതാക്കള്‍ പലരും ഇപ്പോഴും സജീവമല്ലാത്തതിന് കാരണവും ഇതുതന്നെ. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഗുരുദാസ് കാമത്ത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം രാജിവച്ച് രാഷ്ടീയ രംഗത്തുനിന്ന് വിടപറയാന്‍ ഒരുങ്ങിയത്. പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ കുറെക്കാലമായി അതൃപ്തിയുള്ള നേതാവാണ് കാമത്ത്. കോണ്‍ഗ്രസ്സിന്റെ ഇന്നത്തെ അവസ്ഥ വഷളാകാനേ സാധ്യതയുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ കണക്കുകൂട്ടല്‍. അതിനു കാരണം മുംബൈ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍ സംഞ്ജയ് നിരുപം തന്നെ. ബീഹറില്‍ നിന്നുള്ള കുടിയേറ്റക്കാരനും ശിവസേന എംപിയുമായിരുന്ന നിരുപം ഒട്ടനവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് സ്വീകാര്യനല്ലെങ്കിലും രാഹുല്‍ ഗാന്ധിയുമായുളള അടുപ്പംകൊണ്ട് മാത്രമാണ് പാര്‍ട്ടിയില്‍ പിടിമുറുക്കിയത്. നിരുപമിന്റെ നേതൃത്വം പാര്‍ട്ടിക്ക് വിനയാണെന്ന് ഗുരുദാസ് കാമത്ത് ഒരിക്കല്‍ നേരിട്ട് കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. വര്‍ഷം 1991ലെ മുംെബെ കലാപത്തിനുശേഷം മുസ്ലിം സമുദായ നേതാക്കള്‍ വിശ്വസിക്കാത്ത നേതാക്കളാണ് പഴയ ശിവസേന നേതാക്കളായ നിരുപമവും നാരായണ്‍ റാണെയും. നിരുപമിന്റെ നേതൃത്വം തുടര്‍ന്നാല്‍ പാര്‍ട്ടിയില്‍ രണ്ടാം തലമുറ നേതാക്കാള്‍ ഉണ്ടാകില്ലെന്ന് ഒരിക്കല്‍ കാമത്ത് രാഹുല്‍ ഗാന്ധിക്ക് ട്വീറ്റ് ചെയ്യുകയുണ്ടായി. രാഹുലിന് സ്തുതിപാടി പരിചയമുള്ള നിരുപമിന് സംസ്ഥാനത്തെ മറ്റ് നേതാക്കളെ ഭയമില്ല. നിരുപമിന്റെ നിയോജക മണ്ഡലത്തിനകത്തുള്ള രണ്ട് പഴയ കോണ്‍ഗ്രസ്സ് എംഎല്‍എമാരായ കൃഷ്ണ ഹെഗ്‌ഡെയും രമേഷ് താക്കൂറും പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. അത് തടയാന്‍ നിരുപം ശ്രമിച്ചില്ലെന്ന് കാമത്ത് കുറ്റപ്പെടുത്തി. അങ്ങനെ ഒട്ടേറെ നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നു. തെരുവിലായ പാര്‍ട്ടി തെരുവ് യുദ്ധത്തിലാണെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ സമ്മതിക്കുമ്പോള്‍ വമ്പന്മാര്‍ രാഷ്ട്രീയത്തില്‍ പുതിയ വഴികളന്വേഷിക്കുകയാണ്. ഈ സാഹചര്യത്തില്‍ അടിയന്തര കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് എഴുതിയ സന്ദേശത്തിന് കാമത്തിന് കിട്ടിയ മറുപടി മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഡയെ അയച്ച് തല്‍ക്കാലം സമവായം ഉണ്ടാക്കാം എന്ന ഉറപ്പായിരുന്നു. പക്ഷെ ഹൂഡയുടെ നേതൃത്വത്തിലുള്ള സമവായ ചര്‍ച്ചകൊണ്ട് കാമത്തും മറ്റ് നേതാക്കളും തൃപ്തരായിരുന്നില്ല. മുംബൈ നഗരസഭ തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ പുറത്തിറങ്ങുന്ന ദിവസം വിളിച്ചുചേര്‍ത്ത പരിപാടിയില്‍ നിന്ന് കാമത്തും റാണെയും വിട്ടുനില്‍ക്കുകയായിരുന്നു. റാണെ നേരത്തേ തന്നെ പാര്‍ട്ടിവിടാനുള്ള തിരുമാനത്തിലായിരുന്നെങ്കിലും താത്പര്യാര്‍ത്ഥമുള്ള പദവി മറ്റ് പാര്‍ട്ടിയില്‍ ലഭിക്കുമോ എന്ന് ഉറപ്പില്ലാത്തതിനാലാണ് കോണ്‍ഗ്രസ് വിടാതിരുന്നത്. കോണ്‍ഗ്രസിനകത്തും അദ്ദേഹത്തിന് താല്‍പര്യമുള്ള മുഖ്യമന്ത്രി പദവി കിട്ടുമെന്ന് ഉറപ്പില്ലായിരുന്നെങ്കിലും വര്‍ഷങ്ങളായി ഒരാഗ്രഹം വച്ച് പുലര്‍ത്തുന്ന നേതാവായിരുന്നു നാരായണ്‍ റാണെ. ഈ സാഹചര്യത്തില്‍ പല കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളുടെയും മുന്നിലുള്ള പുതിയ വഴികള്‍ ഒന്നുകില്‍ സജീവ രാഷ്ടീയം മതിയാക്കുക അല്ലെങ്കില്‍ ബിജെപിയിലോ ശിവസേനയിലോ ചേക്കേറുക എന്നത് മാത്രമാണ്. സംസ്ഥാനത്ത് പല നഗരസഭയിലും പഞ്ചായത്തിലും അടുത്ത കാലത്ത് നടന്ന തെരഞ്ഞെടുപ്പുകള്‍ ബിജെപി തരംഗ സൂചനയാണ് നല്‍കിയത്. കഴിഞ്ഞ പാര്‍ളമെന്റ് തെരഞ്ഞെടുപ്പില്‍ 48 ല്‍ രണ്ട് സീറ്റ് മാത്രം നേടിയപ്പോള്‍, കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ ഷിന്റെയെപ്പോലുള്ള വമ്പന്മാര്‍ നിലംപതിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലും നാരായണ്‍ റാണെയെപ്പോലുള്ള വമ്പന്മാര്‍ അവരുടെ ശക്തികേന്ദ്രങ്ങളില്‍ തോറ്റു. മുംബൈ നഗരത്തിലെ ശക്തരെന്ന് കോണ്‍ഗ്രസ് കരുതിയ രാഹുല്‍ വിശ്വസ്തര്‍ ഗുരുദാസ് കാമത്തും സംഞ്ജയ നിരുപമും മുരളി ദേവ്‌റയുടെ മകന്‍ മിലിന്ദ് ദേവ്‌റയും തോറ്റത് കോണ്‍ഗ്രസിന്റെ ശക്തിക്ഷയം സൂചിപ്പിക്കുന്നത് തന്നെയാണ്. മുംബൈയില്‍ മാത്രമല്ല സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും കോണ്‍ഗ്രസ്സ് നേതാക്കളുടെ ഇടയിലുള്ള അതൃപ്തി രൂക്ഷമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 42 സീറ്റുകള്‍ മാത്രം നേടി പതിനഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസിന് മുന്നാം സ്ഥാനത്ത് പോയപ്പോള്‍ തന്നെ പ്രാദേശിക തലത്തിലുള്ള കോണ്‍ഗ്രസ് ഓഫീസുകള്‍ പൂട്ടാന്‍ തുടങ്ങി. അതുപോലെ എന്‍സിപിയിലെ നേതാക്കളും. പാര്‍ട്ടി തലവന്‍ ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലേയും പാര്‍ട്ടിയിലെ മറ്റൊരു വിശ്വസ്തന്‍ പ്രഫുല്‍ പട്ടേലും ലോക്‌സഭയില്‍ തോറ്റപ്പോള്‍, പാര്‍ട്ടിയിലെ രണ്ടാമന്‍ അജിത് പവാര്‍ നിയസഭയിലും തോറ്റതോടെ അണികള്‍ ഒന്നൊന്നായി കൊഴിഞ്ഞ് പോകാന്‍ തുടങ്ങി. ഉന്നതരായ നേതാക്കള്‍ ഏറെയും ഇപ്പോള്‍ പൊതുരംഗത്ത് സജീവമല്ല. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കായി അതുകൊണ്ടുതന്നെ അവരെ ഇപ്പോള്‍ അന്വേഷിക്കാറുമില്ല. എന്‍സിപി പ്രാദേശിക നേതാക്കളുടെയും സ്ഥിതി അതുതന്നെ. നഗരസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ ഇരുപാര്‍ട്ടികളുടെയും അനുയായികള്‍ മിക്കവരും ബിജെപിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. അടുത്ത കാലത്ത് തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ശക്തമായ ബിജെപി തരംഗം വ്യക്തമായിരുന്നു. നാമമാത്രമായ സ്ഥിതിയില്‍നിന്ന് ഭരണത്തിലേക്ക് കുതിക്കുന്ന ബിജെപിയുടെ പ്രകടനം, അതും 500, 1000 രൂപ നോട്ടുകള്‍ റദ്ദ് ചെയ്തതിന് ശേഷം രാഷ്ടീയ നിരീക്ഷകരുടെ കണക്കുകള്‍ തെറ്റിച്ചു. ഇനി മുംബൈയിലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. പക്ഷേ കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ വലിയ കണക്കുകള്‍ കൂട്ടി സഞ്ജയ് നിരുപമിന്റെ നേതൃത്വം അംഗീകരിക്കാന്‍ തല്‍ക്കാലം തയ്യാറില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.