കാന്‍സര്‍ രോഗികള്‍ വര്‍ദ്ധിക്കുന്നു

Saturday 11 February 2017 7:42 pm IST

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്നു റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ലോക കാന്‍സര്‍ ദിനാചരണ പരിപാടിക്കു സമാപനം കുറിച്ചു നടന്ന ബോധവത്കരണക്ലാസിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പുരുഷന്‍മാരില്‍ ശ്വാസകോശത്തിലും വായിലും, സ്ത്രീകളില്‍ സ്തനാര്‍ബുദവുമാണ് വര്‍ധിച്ചു വരുന്നതെന്നു ഓങ്കോളജി അധികൃതര്‍ വ്യക്തമാക്കി. പുരുഷന്മാരില്‍ പുകയില, പാന്‍പരാഗ് എന്നിവയുടെയും മദ്യത്തിന്റെയും ഉപയോഗമാണ് ശ്വാസകോശാര്‍ബുദം വര്‍ധിക്കാന്‍ കാരണമാകുന്നത്. മുന്‍വര്‍ഷങ്ങളില്‍ 50 വയസു കഴിഞ്ഞവര്‍ക്കാണ് കൂടുതലായും കാന്‍സര്‍ രോഗം കണ്ടു വന്നിരുന്നത്. ഇപ്പോള്‍ യുവാക്കള്‍ക്കും കാന്‍സര്‍ രോഗം മാരകമായി പടരുകയാണ്. പാന്‍പരാഗും പുകയിലയും സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കു കാന്‍സര്‍ പിടിപെടാനുള്ള സാധ്യതയേറെയാണ്. പാടശേഖരങ്ങളിലും പച്ചക്കറി, പഴവര്‍ഗം എന്നിവയിലും കീടനാശിനിയുടെ ഉപയോഗം വര്‍ദ്ധിച്ചതാണ് കാന്‍സര്‍ പടരാന്‍ കാരണമാകുന്നത്. സ്ത്രീകളില്‍ വര്‍ധിച്ചുവന്നിരുന്ന ഗര്‍ഭാശയ കാന്‍സര്‍ ഇപ്പോള്‍ പൊതുവേ കുറവാണെന്നും കണക്കുകള്‍ പറയുന്നു. കാന്‍സര്‍ പടരുന്നത് ഒഴിവാക്കാന്‍ ബോധവത്കരണ പരിപാടികള്‍ വ്യാപകമാക്കാനാണ് തീരുമാനമെന്നും ഭാരവാഹികള്‍ പറഞ്ഞു. ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ആര്‍.വി. രാംലാല്‍ നിര്‍വഹിച്ചു. റേഡിയോ തെറാപ്പി മേധാവി ഡോ. ശിവരാമകൃഷ്ണന്‍ അദ്ധ്യക്ഷനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.