ബജറ്റില്‍ കൊച്ചിക്ക്‌ അവഗണന: തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന്‌ എസ്‌.ശര്‍മ

Sunday 10 July 2011 9:42 am IST

കൊച്ചി: കെ.എം. മാണി അവതരിപ്പിച്ച കേരള ബജറ്റ്‌ തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന്‌ മുന്‍ മന്ത്രി എസ്‌. ശര്‍മ എംഎല്‍എ മുന്നറിയിപ്പു നല്‍കി. കൊച്ചിയെയും തീരദേശ മേഖലയെയും പാടെ അവഗണിച്ച ബജറ്റാണ്‌ അവതരിപ്പിച്ചത്‌. തീരദേശക്കാര്‍ക്ക്‌ ഏറ്റവും കൂടുതല്‍ സഹായകമാകുന്ന കടാശ്വാസ കമ്മീഷന്‌ പത്ത്‌ പൈസ പോലും വകയിരുത്തിയിട്ടില്ല. കടാശ്വാസത്തിനായി 120 കോടി രൂപ സഹകരണ സംഘം രജിസ്ട്രാറുടെ അക്കൗണ്ടിലേക്കു മാറ്റിയിട്ടാണ്‌ എല്‍ഡിഎഫ്‌ പടിയിറങ്ങിയത്‌. കടാശ്വാസപദ്ധതി തുടരാന്‍ ഈ ബജറ്റില്‍ തുകയില്ല. ഇതിന്റെ ഫലമായി സഹകരണ സംഘങ്ങളില്‍ നിന്നും വായ്പയെടുത്തവര്‍ ജപ്തി ഭീഷണി നേരിടുന്ന അവസ്ഥയുണ്ടാകും. ഇതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്താണ്‌ ബജറ്റ്‌ തീരുമാനിക്കുന്നത്‌. അപ്പോള്‍ ഫിഷറീസ്‌ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം ധനമന്ത്രിയോട്‌ ആവശ്യപ്പെട്ടിരുന്നോ എന്ന്‌ വ്യക്തമാക്കണം. അതോ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ധനമന്ത്രി നിരാകരിച്ചതാണോയെന്നും അദ്ദേഹം ചോദിച്ചു.
കൊച്ചിയെ പാടെ അവഗണിക്കുന്നതാണ്‌ ബജറ്റ്‌. അതു കൊണ്ടാണ്‌ ഭരണപക്ഷ എംഎല്‍എമാര്‍ വരെ ബജറ്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്‌. സംസ്ഥാന ഖജനാവിലേക്ക്‌ എത്തുന്ന പണത്തിന്റെ വലിയൊരു ഭാഗം കൊച്ചിയില്‍ നിന്നാണെന്ന കാര്യം മറക്കരുത്‌.
കൊച്ചി മെട്രോ റെയിലിനു വേണ്ടി 150 കോടി രൂപയാണ്‌ തോമസ്‌ ഐസക്കിന്റെ ബജറ്റില്‍ വകയിരുത്തിയത്‌. എന്നാല്‍ വെറും 25 കോടിയാക്കി മാണി തുക ചുരുക്കിയിരിക്കുന്നു. കിന്‍ഫ്രയില്‍ 75 ഏക്കര്‍ സ്ഥലത്ത്‌ എക്സിബിഷന്‍ സെന്ററിന്‌ 400 കോടി വകയിരുത്തിയതും പുതിയ ബജറ്റിലില്ല. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടത്തിന്‌ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും രൂപീകരിച്ചാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ഒഴിഞ്ഞത്‌. എന്നാല്‍ ഒരു രൂപ പോലും ഇതിനായി മാറ്റി വച്ചിട്ടില്ല. 16 റോഡുകള്‍ വീതി കൂട്ടാന്‍ കേരള റോഡ്‌ ഫണ്ടില്‍ നിന്നും 1000 കോടി രൂപ വകയിരുത്തിയിരുന്നു. ബജറ്റ്‌ ഇതു സംബന്ധിച്ചും മൗനംപാലിക്കുന്നു. എല്‍.എന്‍.ജി ടെര്‍മിനല്‍ 2012ല്‍ കമ്മീഷന്‍ ചെയ്യുന്നത്‌ മുന്‍കൂട്ടി കണ്ട്‌ വിതരണ ശൃംഖലയ്ക്കായി 12 കോടി രൂപ വകയിരുത്തിയിരുന്നതാണ്‌. ഇതും കെ എം മാണി വെട്ടിക്കുറച്ചു.
എറണാകുളത്തെ മന്ത്രിമാര്‍ ഇതിനെതിരെ രംഗത്തു വരണം. ബജറ്റ്‌ പാസാക്കുന്ന വേളയില്‍ വേണ്ട തിരുത്തലുകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.