കാര്‍ഷികോത്പ്പാദനത്തില്‍ വന്‍ കുറവ്

Saturday 11 February 2017 7:59 pm IST

ബത്തേരി : വയനാട്ടില്‍ അനുഭവപ്പെട്ട അസാധാരണമായ മഴക്കുറവ് കാര്‍ഷിക ഉത്പാദന രംഗത്ത് വന്‍ തകര്‍ച്ചയാണ് ഉണ്ടാക്കിയത്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫെബ്രുവരി പകുതിയായിട്ടും കുരുമുളക് വിളവെടുപ്പ് തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. മഴയുടെ കുറവ് മൂലം കുരുമുളക് ചെടികള്‍ വാടി ഉണങ്ങുന്നതും പുതിയ വെല്ലുവിളിയാവുന്നു. കുരുമുളക് പാകമാകുന്നതിന് മുമ്പ് കൊടികള്‍ കരിഞ്ഞുണങ്ങുന്നതോടെ യഥാര്‍ത്ഥ തൂക്കത്തിന്റെ പകുതി പോലും കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ ആവലാതിപ്പെടുന്നു. സമീപകാലത്തായി കുരുമുളക് കൃഷി ജില്ലയില്‍ ഏറിവരുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥാമാറ്റം അവയെ നിഷ്പ്രഭമാക്കുകയാണ്. ആവശ്യത്തിന് മഴ കിട്ടേണ്ട സമയത്ത് അത് കിട്ടാതെ വന്നതോടെ കുരുമളകിന് സാധാരണ വലുപ്പം പോലും ഇല്ലാത്ത അവസ്ഥയാണ് ഇക്കുറി. കറുത്തപൊന്നിന്റെ വില നിര്‍ണ്ണയത്തിന് സ്വീകരിക്കുന്ന ലിറ്റര്‍ വെയിറ്റ് മാനദണ്ഡം അനുസരിച്ച് ഈ വര്‍ഷത്തെ മുളകിന് കഴിഞ്ഞകാലത്തെ ഗുണനിലവാരം ഇല്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഈ ഗുണ നിലവാരത്തകര്‍ച്ച കാപ്പിക്കും സംഭവിച്ചിട്ടുണ്ട്. എല്ലാത്തരം കൃഷികള്‍ക്കും ജല ലഭ്യത അത്യാവശ്യമാണെന്നും രണ്ട് നൂറ്റാണ്ട് മുമ്പ് തുടങ്ങിയ തോട്ടവിള കൃഷിയുടെ ഭാവിപോലും ഇവിടെ പ്രതി സന്ധിയിലേക്ക് നീങ്ങുന്നുവെന്നുമാണ് ഈ വിളവെടുപ്പുകാലം നല്‍കുന്ന സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.