പറമ്പുകാട്ട് മലയില്‍ വന്‍ തീപിടിത്തം

Saturday 11 February 2017 9:54 pm IST

തൊടുപുഴ: കലയന്താനി പറമ്പുകാട്ട് മലയില്‍ വന്‍   തീപിടിത്തം. ഏക്കറുകണക്കിന് സ്ഥലത്തെ കൃഷിദേഹണ്ഡങ്ങള്‍ കത്തിനശിച്ചു. കൊട്ടാരത്തില്‍ നൈബി ഫ്രീന്‍സിസ്, പ്ലാത്തോട്ടത്തില്‍ ജോര്‍ജ്, പാപ്പച്ചന്‍ എന്നിവരുടെ കൃഷിയിടങ്ങളിലാണ് തീ പടര്‍ന്നത്. തൊടുപുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘം എത്തി മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് വെള്ളിയാമറ്റം, ആലക്കോട് പഞ്ചായത്തുകളുടെ അതിര്‍ത്തിയായ പറമ്പുകാട്ട് മലയില്‍ തീ പിടിത്തമുണ്ടായത്. കലയന്താനിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് വാഹനം ഏറെ പണിപ്പെട്ടാണ് മുകളില്‍ എത്തിച്ചത്. വെള്ളം തീപടര്‍ന്ന മേഖലയിലേയ്ക്ക് എത്തിക്കാന്‍ സാധിക്കാതെ വന്നതോടെ സമീപത്തെ മഴവെള്ള സംഭരണിയിലേയ്ക്ക് സംഭരിച്ച ശേഷം അവിടെ  നിന്ന് ഹോസ് ഉപയോഗിച്ചാണ് തീ അണച്ചത്. വാഴ, കപ്പ, കുരുമുളക്, റബ്ബര്‍ തുടങ്ങി ഏഴ് ഏക്കറോളം ഭൂമിയിലെ കൃഷികള്‍ ഭാഗീകമായി നശിച്ചിട്ടുണ്ട്. തീ മറ്റിടങ്ങളിലേയ്ക്ക് പടരാതിരിക്കാന്‍ ഇവിടെ ഫയര്‍ലൈന്‍ തെളിയിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. തൊടുപുഴയില്‍ നിന്നും അസി. സ്റ്റേഷന്‍ മാസ്റ്റര്‍ റ്റി പി കരുണാകരപിള്ള, ലീഡിങ് ഫയര്‍മാന്‍ റ്റി ഇ അലിയാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. കഴിഞ്ഞ വര്‍ഷവും ഇവിടെ തീ പിടിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.