കുരുക്കഴിയാതെ മലയിന്‍കീഴ്

Saturday 11 February 2017 10:00 pm IST

മലയിന്‍കീഴ്: നടപ്പാതകളില്‍ കയ്യേറ്റക്കാരുടെ ആധിപത്യം. കാല്‍നടക്കാരുടെ യാത്ര റോഡിനു നടുവിലൂടെ. ജനങ്ങളുടെ പരാതികള്‍ക്ക് മുന്നില്‍ മുഖം തിരിക്കുന്ന അധികൃതര്‍. ഇതാണ് മലയിന്‍കീഴ് പട്ടണം. നാലുറോഡുകള്‍ ഇഴചേര്‍ന്ന പട്ടണമദ്ധ്യം. രാവും പകലും കുരുക്കിലമര്‍ന്നിട്ടും കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കി നടപ്പാതകള്‍ സ്വതന്ത്രമാക്കാന്‍ മടിക്കുകയാണ് അധികൃതര്‍. കാലപ്പഴക്കത്തിന്റെ അടയാളങ്ങളായി റോഡിന് ഇരുവശത്തും തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങളും അവയില്‍ നിന്ന് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഇറക്കുകളും റോഡിനെ കുപ്പിക്കഴുത്തുപോലാക്കി. കുണ്ടമണ്‍കടവ്-കാട്ടാക്കട റോഡില്‍ അപകടങ്ങളുടെ വേലിയേറ്റം നടന്ന പട്ടണമായിരുന്നു പേയാട്. ഒരാഴ്ച മുമ്പ് വിളപ്പില്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകള്‍ സംയുക്തമായി കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കി. രാഷ്ട്രീയഭേദമില്ലാതെ ജനപ്രതിനിധികള്‍ ഏക മനസോടെ ഒന്നിച്ചപ്പോള്‍ പേയാടിനെ കയ്യേറ്റക്കാരില്‍ നിന്ന് മോചിപ്പിക്കാനായി. നാട്ടുകാര്‍ കാലങ്ങളായി ആഗ്രഹിച്ചത് ഒറ്റ രാത്രികൊണ്ട് പ്രാവര്‍ത്തികമാക്കി ഇരുപഞ്ചായത്തുകളും മാതൃകയായി. വിളപ്പിലും വിളവൂര്‍ക്കലും പൊതുസമൂഹത്തിന് കാണിച്ചുകൊടുത്ത മാതൃക മലയിന്‍കീഴ് പഞ്ചായത്തിന്റെ കണ്ണുതുറപ്പിക്കണമെന്നതാണ് ഇവിടത്തുകാരുടെ ആവശ്യം. കാട്ടാക്കട, ഊരുട്ടമ്പലം, ബ്ലോക്ക് നട, പേയാട് എന്നിങ്ങനെ നാലുറോഡുകള്‍ സംഗമിക്കുന്ന ചെറുപട്ടണമാണ് മലയിന്‍കീഴ്. ഒരേ സമയം നാലുറോഡുകളില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങള്‍ പട്ടണഹൃദയത്തിലേക്ക് പ്രവേശിക്കുന്നതോടെ ജംഗ്ഷന്‍ കുരുക്കിലമരും. അനധികൃത വാഹന പാര്‍ക്കിംഗ്, വഴിവാണിഭം, വിലക്കുകള്‍ ലംഘിച്ച് നിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും കമാനങ്ങളും എല്ലാം കൂടി ചേരുമ്പോള്‍ വലയുന്നത് കാല്‍നടക്കാര്‍. രാവിലെയും വൈകിട്ടും സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളും ജോലിക്കാരും മലയിന്‍കീഴ് ജംഗ്ഷന്‍ താണ്ടാന്‍ അഴിയാകുരുക്കില്‍ കാത്തുകിടക്കുന്നത് മണിക്കൂറുകളാണ്. പാലോട്ടുവിള മുതല്‍ മലയിന്‍കീഴ് പോലീസ്‌സ്റ്റേഷന്‍ വരെയുള്ള ഭാഗത്താണ് ഏറ്റവുമധികം കയ്യേറ്റങ്ങള്‍. വ്യാപാരികള്‍, ജനപ്രതിനിധികള്‍, പോലീസ്, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്താല്‍ പരിഹരിക്കാവുന്നതാണ് മലയിന്‍കീഴിലുള്ളത്. ഇച്ഛാശക്തിയുള്ള ഭരണാധികാരികള്‍ക്ക് വളരെ പെട്ടെന്ന് സാധിക്കുന്ന പേയാട് മോഡല്‍.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.