ദേവേശ്വരം ഏലായിലെ കര്‍ഷകര്‍ ദുരിതത്തില്‍

Saturday 11 February 2017 10:13 pm IST

  പാറശ്ശാല: നെല്‍കൃഷി അടക്കമുളള കൃഷിയിടങ്ങള്‍ കരിഞ്ഞ് തുടങ്ങിയിട്ടും കനാലില്‍ വെളളം വിടാത്തത് കര്‍ഷകരെ ദുരിത്തിലാക്കി. കൊല്ലയില്‍ പഞ്ചായത്തിലെ നടൂര്‍ക്കൊല്ല ദേവേശ്വരം ഏലായിലാണ് മുപ്പത് ഏക്കറോളം വരുന്ന ഏലായില്‍ വെളളം ലഭിക്കാത്തതു കാരണം കൃഷിയിടങ്ങള്‍ കരിഞ്ഞ് തുടങ്ങിയത്. നെയ്യാറിലെ ഇടതുകര കനാലില്‍ നിന്ന് എത്തുന്ന ജലമാണ് വേനല്‍ക്കാലത്ത് കനാല്‍ വഴി കൃഷിയിടങ്ങളില്‍ എത്തിക്കുന്നത്. മറ്റെല്ലാ ഭാഗത്തും കനാല്‍ വഴി വെള്ളമെത്തി ഒരാഴ്ച കഴിഞ്ഞിട്ടും കൊല്ലയില്‍ പഞ്ചായത്തിലൂടെയെത്തുന്ന കനാലുകളില്‍ ജലമെത്തിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത് സംബധിച്ച് കര്‍ഷകര്‍ കഴിഞ്ഞ രണ്ട് ദിവസമായി ഇറിഗേഷന്‍ വകുപ്പിനും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിട്ടും യാതൊരു നടപിടിയും സ്വീകരിച്ചിട്ടില്ല. കനാല്‍ ശുചീകരിക്കുന്നതു കൊണ്ടാണ് ജലവിതരണം നടത്താത്തതെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ പഞ്ചായത്ത് പ്രദേശത്തെ ഒരു സ്ഥലത്തും ശുചീകരണം നടത്തുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. അധികൃതരുടെ ഈ ഒളിച്ചുകളിയില്‍ ബലിയാടാകുന്നത് കര്‍ഷകരാണ്. ഏലയിലെ 30 ഏക്കറോളം സ്ഥലത്ത്, നെല്‍കൃഷി, വാഴ, ചീര, പാവല്‍, പടവലം എന്നിവ കൃഷി ചെയ്യുന്ന കര്‍ഷകരാണ് അധികം പേരും. പലരും പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. നേരത്തെ ഏലയില്‍ കൃഷി ചെയ്ത കര്‍ഷകര്‍ കാര്‍ഷിക ലോണെടുത്താണ് കൃഷി ചെയ്തത്. പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ചതിനാല്‍ ലോണെടുത്ത പണം തിരികെ അടയ്ക്കാന്‍ കഴിയാതെ ജപ്തി ഭീഷണിയിലാണ് മിക്ക കര്‍ഷകരും. അതിനിടയിലാണ് ഇടിത്തീ പോലെ വരള്‍ച്ചയെത്തിയത്. രണ്ട് ദിവസം കൂടി ജലം ലഭിക്കാതെ വന്നാല്‍ ലക്ഷങ്ങളുടെ നഷ്ടമായിരിക്കും കര്‍ഷകര്‍ക്ക്. അടിയന്തരമായി അധികൃതര്‍ ഇടപെട്ട് കനാലില്‍ വെളളമെത്തിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം നടത്തുവാനുളള തീരുമാനത്തിലാണ് കര്‍ഷകര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.