കുടിവെള്ളം ഊറ്റല്‍: കളക്ടറുടെ തീരുമാനത്തിനെതിരെ നഗരസഭ

Saturday 11 February 2017 11:25 pm IST

  ആലുവ: കിണറുകളില്‍ നിന്ന് കുടിവെള്ളം ഊറ്റാന്‍ ടാങ്കര്‍ലോറികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ശുദ്ധീകരണം നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആലുവ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ല കളക്ടര്‍ക്ക് നാളെ കത്ത് നല്‍കുമെന്നും അവര്‍ പറഞ്ഞു. നഗരസഭയില്‍ നിന്ന് ശുദ്ധീകരിച്ചല്ല വെള്ളം ടാങ്കര്‍ ലോറിയില്‍ കൊണ്ടു പോകുന്നത്. ശുദ്ധീകരിച്ച് വെള്ളം വിതരണം ചെയുന്നതിനായി നഗരസഭയില്‍ ഒരപേക്ഷ മാത്രമാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ 17 ഇടങ്ങളില്‍ നിന്നായാണ് നഗരസഭയില്‍ നിന്ന് വെള്ളമെടുക്കുന്നത്. ആലുവ നഗരസഭ പരിധിയില്‍ നിന്ന് അനധികൃതമായി ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം കൊണ്ടു പോയതിനെതിരെ നഗരസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ കുടിവെള്ള വിഷയത്തില്‍ കളക്ടര്‍ പുതിയ ഉത്തരവിറക്കിയതോടെ ശുദ്ധീകരിക്കാത്ത വെള്ളം കുടിവെള്ളമെന്ന പേരില്‍ കൊണ്ടു പോകുന്നതില്‍ കടുത്ത എതിര്‍പ്പാണ് നഗരസഭ രേഖപ്പെടുത്തിയിരിക്കുന്നത്. ആലുവ നഗരസഭയുടെ പരിധിയില്‍ തന്നെയാണ് ജലശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നും കുറഞ്ഞ നിരക്കില്‍ ശുദ്ധീകരിച്ച കുടിവെള്ളം ടാങ്കര്‍ ലോറികള്‍ക്ക് കൊണ്ടു പോകാം. ഒരേ സമയം മൂന്ന് ടാങ്കര്‍ ലോറികള്‍ക്ക് വരെ ഇവിടെ നിന്ന് വെള്ളമെടുക്കാം. ആലുവയിലേയും സമീപ പഞ്ചായത്തുകളിലേയും കിണറുകളില്‍ നിന്ന് വെള്ളമെടുക്കുന്നത് തടസപ്പെട്ടപ്പോള്‍ ദിനം പ്രതി നൂറ് കണക്കിന് ടാങ്കര്‍ ലോറികളാണ് ഇവിടെയെത്തി വെള്ളം ശേഖരിച്ചത്. ഇതുവഴി പ്രതിദിനം രണ്ടര ലക്ഷം രൂപയോളം അധിക വരുമാനവും സര്‍ക്കാറിന് ലഭിച്ചു. പുതിയ തീരുമാനത്തോടെ അധിക വരുമാനം ജല അതോറിറ്റിയ്ക്ക് ലഭിക്കാതെയാകും. ജില്ല കളക്ടറുടെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യവും ശക്തമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.