അമ്പലമുകള്‍ ബിപിസിഎല്ലില്‍ തൊഴില്‍ അനുപാത കരാര്‍ അവസാനിപ്പിച്ചു

Saturday 11 February 2017 11:28 pm IST

  അമ്പലമുകള്‍: ബിപിസിഎല്‍ കൊച്ചി റിഫൈനറി വികസന പദ്ധതി (ഐആര്‍ഇ പി ) യുമായി ബന്ധപ്പെട്ട് മുപ്പത് വര്‍ഷത്തിന് മുകളിലായി നിലനിന്നിരുന്ന തൊഴില്‍ വീതം വയ്ക്കുന്ന 1:1:1 എന്ന അനുപാത കരാര്‍ അവസാനിപ്പിച്ചു. റിഫൈനറിയില്‍ സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകള്‍ നടത്തി വന്നിരുന്ന തൊഴില്‍ കച്ചവടത്തിനെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി ബിഎംഎസ് പ്രക്ഷോപത്തില്‍ ആയിരുന്നു. തൊഴിലാളികളെ ജോലിക്ക് കയറ്റുന്നതിന് തലവരിപ്പണം വാങ്ങുകയും വേതനത്തിന്റെ നിശ്ചിത ശതമാനം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായത് അനുപാത കരാറിന്റെ മറവിലായിരുന്നു. സ്വതന്ത്രമായി തൊഴില്‍ ചെയ്യുന്ന സാഹചര്യത്തെ അടിച്ചമര്‍ത്തുന്ന ട്രേഡ് യൂണിയന്‍ നയങ്ങള്‍ക്കെതിരെ ബിഎംഎസ് ജനറല്‍ കോണ്‍ട്രാക്റ്റ് വര്‍ക്കേഴ്‌സ് സംഘ് പ്രസിഡന്റ് കെ. കെ.വിജയന്‍, ഐ. ബിനില്‍, സുനില്‍കുമാര്‍ .എസ്, സൂരജ് കാണിനാട്, തുടങ്ങിയരുടെ നേതൃത്വത്തില്‍ മുന്‍പ് നേരിട്ട് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സ്വതന്ത്രമായി തൊഴില്‍ ചെയ്യാനാവുന്ന സാഹചര്യം ഒരുക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അന്ന് ഉറപ്പ് നല്‍കിയിരുന്നു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി. മുരളിധരന്‍, സംസ്ഥാന വക്താവ് അഡ്വ. പത്മകുമാര്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ആണ് മന്ത്രി അന്ന് ഉറപ്പ് നല്‍കിയത്. പിന്നീട് ഈ വിഷയത്തില്‍ അദ്ദേഹം ഇടപെടുകയും തൊഴില്‍ കച്ചവടത്തിനെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അനുപാത കരാര്‍ നിര്‍ത്തലാക്കിയത്. ജനറല്‍ കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് സംഘം ( ബിഎംഎസ്) അമ്പലമുകള്‍ യൂണിറ്റ് ഉദ്ഘാടനം ബിഎംഎസ് എറണാകുളം ജില്ലാ സെക്രട്ടറി കെ. വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര നടപടി സ്വാഗതാര്‍ഹമെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശവാസികള്‍ക്കും, കുടിയിറക്കപ്പെട്ടവര്‍ക്കും, ജോലി നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജനറല്‍ കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് സംഘ് പ്രസിഡന്റ് കെ. കെ. വിജയന്‍, മേഖല സെക്രട്ടറി കെ. എസ്. മോഹനന്‍, സൂരജ് കാണിനാട്, സുമേഷ് വലിയനെല്ലൂര്‍, കെ.എ. സാജു, വി. എ. വത്സന്‍, ജയനീഷ് കുമാര്‍, എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.