ശാര്‍ക്കര ശ്രീ ഭഗവതി ക്ഷേത്രം

Tuesday 29 March 2016 12:59 pm IST

തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ്‌ പഞ്ചായത്തിലാണ്‌ കേരളത്തിലെ പുരാതനമായ ശാര്‍ക്കര ഭഗവതി ക്ഷേത്രം. കാളിയൂട്ടിലൂടെ പ്രസിദ്ധമായ മഹാക്ഷേത്രം. ജടായുവിന്റെ ചിറകിന്റെ കീഴിലുള്ള സ്ഥലമെന്ന അര്‍ത്ഥത്തില്‍ ചിറയിന്‍കീഴ്‌ എന്ന്‌ ആദ്യം ഈ സ്ഥലത്തിന്‌ പേരുണ്ടായി എന്നും അത്‌ പിന്നീട്‌ ചിറയിന്‍കീഴ്‌ എന്നായി മാറിയെന്നും അതല്ല പൗരാണികകാലത്ത്‌ വിജനമായ ഈ പ്രദേശത്ത്‌ ധാരാളം ചിറകുകളുണ്ടായിരുന്നുന്നെന്നും ചിറയുടെ കീഴ്പ്രദേശമായിരുന്നതുകൊണ്ട്‌ ചിറയിന്‍കീഴ്‌ എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു. ക്ഷേത്രത്തില്‍ നിന്നും അധികം അകലത്തിലല്ലാതെ ഇപ്പോഴും ചിറയുണ്ട്‌. അനന്തര ചിറ അത്തരത്തിലൊന്നാണ്‌. ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ സഭവിള ആശ്രമം എന്നൊരു ബോര്‍ഡുണ്ട്‌. അവിടെനിന്നും കുറച്ച്‌ അകലെയായി ഒരു കുന്നിന്‍പ്രദേശം. ശ്രീനാരായണഗുരു ഇടയ്ക്കിടെ വന്നിരിക്കാറുണ്ടായിരുന്ന സ്ഥാനം ഈ മനോഹരസ്ഥലത്താണ്‌ ആശ്രമം സ്ഥിതിചെയ്യുന്നത്‌. അനശ്വരനടനായ പ്രേംനസീറിന്റെയും പ്രശസ്ത നാടകകൃത്ത്‌ ജി.ശങ്കരപിള്ളയുടെയും ചിത്രകാരനായ ചിറയിന്‍കീഴ്‌ ശ്രീകണ്ഠന്‍ നായരുടെയും കാളിയൂട്ടിന്‌ പ്രധാന പങ്കുവഹിക്കുന്ന പൊന്നറ നാരായണപിള്ളയുടെയും ജന്മങ്ങളാല്‍ അനുഗൃഹീതമാണ്‌ ചിറയിന്‍കീഴ്‌. ചുറ്റും തണല്‍വീഴ്ത്തുന്ന ആല്‍മരങ്ങള്‍. നാലുമൂലയിലും കളിത്തട്ടുകള്‍ വലിയ നടപന്തലും സ്വര്‍ണ്ണധ്വജവും ബലിക്കല്‍പ്പുരയും നാലമ്പലവും വേലപ്പന്തലുമുണ്ടിവിടെ. ശ്രീകോവിലില്‍ വടക്കോട്ട്‌ ദര്‍ശനമേകുന്നു ഭഗവതി-ഭദ്രകാളി ഗണപതി, വീര്‍ഭദ്രന്‍, യക്ഷി, നാഗം എന്നീ ഉപദേന്മാര്‍ പ്രത്യേകം കോവിലുകളിലുണ്ട്‌. മൂന്നു പൂജയുണ്ട്‌. തന്ത്രം തരണനെല്ലൂരാണ്‌. പായസ്സവും, മുഴുക്കാപ്പും പ്രധാന വഴിപാടുകള്‍. കുട്ടികള്‍ക്കായി ഉരുള്‍വഴിപാടുമുണ്ട്‌. പണ്ട്‌ ഈ നാട്‌ ജനവാസം കുറഞ്ഞപ്രദേശമായിരുന്നു. അക്കാലത്ത്‌ അമ്പലപ്പുഴ ഭാഗത്തുനിന്നും വന്ന ഏതാനും ശര്‍ക്കര വ്യാപാരികള്‍ ഇവിടെയുണ്ടായിരുന്നു . വഴിയമ്പലത്തില്‍ വിശ്രമിച്ചു ക്ഷീണമകറ്റിയശേഷം ശര്‍ക്കരകുടങ്ങളുമെടുത്ത്‌ അവര്‍ യാത്ര തുടരാന്‍ ഒരുങ്ങവെ കുടങ്ങളില്‍ ഒന്ന്‌ ഇളകാതെയായി. അവര്‍ ബലം പ്രയോഗിച്ച്‌ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കുടം പിളര്‍ന്ന്‌ ശര്‍ക്കര ഒഴുകുകയും അതില്‍ ഒരു വിഗ്രഹം പ്രത്യക്ഷപ്പെടുകയും ചെയ്തു. വഴിയമ്പലം വൃത്തിയാക്കാന്‍ എത്തിയ ഒരു വൃദ്ധ ഇതു കാണുകയും നാട്ടിലെ പ്രധാനിയെ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട്‌ അവര്‍ ക്ഷേത്രം പണിത്‌ വിഗ്രഹം പ്രതിഷ്ഠിക്കുകയാണുണ്ടായത്‌. ശര്‍ക്കരകുടത്തില്‍ നിന്നും ഉയിര്‍കൊണ്ട ദേവി ശര്‍ക്കരദേവി എന്ന്‌ അറിയിപ്പെട്ടു. പിന്നീട്‌ ശാര്‍ക്കരദേവി എന്നായി. വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവുമുണ്ട്‌. ക്ഷേത്രത്തിനടുത്തുള്ള ഒരു മഠത്തില്‍ കളിച്ചുകൊണ്ടുനിന്നിരുന്ന കുട്ടികളുടെ കൂട്ടത്തില്‍ ഒരു ബാലികയെ കാണാതെയായി. വീട്ടുകാര്‍ അന്വേഷണത്തിലുമായി. അപ്പോഴാണ്‌ സ്വാമിയാര്‍ അവിടെ എത്തിയത്‌. കുട്ടി ശര്‍ക്കരെകുടത്തില്‍ ഒളിച്ചതാണെന്നു പറഞ്ഞ്‌ വില്വമംഗലസ്വാമിയാര്‍ അവരെ സമാധാനിപ്പിച്ചു. അതുകൊണ്ടാണ്‌ വ്യാപാരികളുടെ ഒരു കുടം ഉറച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു. ശാര്‍ക്കര ക്ഷേത്രത്തിലെ കാളിയൂട്ട്‌ ഉത്സവം പ്രസിദ്ധം. കുംഭമാസത്തിലെ മൂന്നാമത്തെ അല്ലെങ്കില്‍ അവസാനത്തെ വെള്ളിയാഴ്ചയാണ്‌ കാളിയൂട്ട്‌. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ്‌ തുടക്കംകുറിച്ചതെന്നാണ്‌ ഐതിഹ്യം. മാര്‍ത്താണ്ഡവര്‍മ്മ രാജാവ്‌ ഒരു നേര്‍ച്ച നേര്‍ന്നു. യുദ്ധത്തില്‍ ജയിച്ചാല്‍ ശാര്‍ക്കരയില്‍ കാളിയൂട്ട്‌ നടത്താമെന്നായിരുന്നു ആ നേര്‍ച്ച. യുദ്ധം ജയിച്ചതിനെതുടര്‍ന്ന്‌ മഹാരാജാവ്‌ ഏര്‍പ്പെടുത്തിയ ചടങ്ങാണ്‌ കാളിയൂട്ട്‌. ക്ഷേത്രത്തിലെ നാലമ്പലത്തിലെ കുളത്തിലാണ്‌ കാളിയൂട്ട്‌ നടക്കുക. ശാര്‍ക്കര മീനഭരണിക്കും പ്രശസ്തി. സ്വര്‍ണ്ണധ്വജത്തില്‍ കൊടിയേറുന്നതോടെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്‌ തുടക്കം കുറിക്കും. ഭരണി നാളിലാണ്‌ ആറാട്ട്‌. അന്ന്‌ ഗരുഡന്‍തൂക്കവുമുണ്ട്‌. അശ്വതിദിവസം ഇരുപത്തിയെട്ട്‌ സ്ഥലങ്ങളില്‍ നിന്നും ഉരുള്‍ വരാറുണ്ട്‌. അതോടെ ഈ ദേശം ഉത്സവത്തിന്റെ ഉത്സാഹതിമിര്‍പ്പിലാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.