മുന്നറിയിപ്പ് ലംഘിച്ച് വീണ്ടും ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം

Sunday 18 June 2017 11:22 pm IST

സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ജപ്പാന് സമീപമുള്ള കിഴക്കന്‍ തീരത്തായിരുന്നു പരീക്ഷണം. ഉത്തര കൊറിയയുടെ പടിഞ്ഞാറന്‍ പ്രദേശത്തുനിന്ന് പ്രാദേശിക സമയം രാവിലെ എട്ടു മണിയോടെയാണ് മിസൈല്‍ വിക്ഷേപിച്ചത്. ദക്ഷിണ കൊറിയന്‍ സൈന്യമാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റ ശേഷം ഉത്തര കൊറിയ നടത്തുന്ന ആദ്യ മിസൈല്‍ പരീക്ഷണമാണിത്. മിസൈല്‍ ജപ്പാന്‍ കടലിനടുത്താണ് പതിച്ചതെന്നും രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ പതിച്ചിട്ടില്ലെന്നും ജപ്പാനീസ് അധികൃതര്‍ പറഞ്ഞു. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം അമേരിക്കന്‍ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു. ഉത്തര കൊറിയ ഉയര്‍ത്തുന്ന ആണവ, മിസൈല്‍ വെല്ലുവിളി നേരിടാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാന്‍ അമേരിക്കയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളില്‍ നേരത്തെ ധാരണയായിരുന്നു. ഇപ്പോള്‍ നടത്തിയിരിക്കുന്ന പരീക്ഷണത്തിന് ഉത്തര കൊറിയ ശക്തമായ തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്ന് അമേരിക്ക വ്യക്തമാക്കി. ജപ്പാനും പരീക്ഷണത്തെ രൂക്ഷമായി വിമര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.