കെഎസ് ആര്‍ടിസി ജീവനക്കാരന് നേരെ ആക്രമണം: ജീവനക്കാര്‍ പണിമുടക്കി

Sunday 12 February 2017 2:23 pm IST

പത്തനാപുരം; കെഎസ്ആര്‍ ടിസി ജീവനക്കാരനെ അപായപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ പ്രതിഷേധിച്ച് പത്തനാപുരം ഡിപ്പോയില്‍ സര്‍വീസ് നടത്താതെ ജീവനക്കാര്‍ പ്രതിഷേധിച്ചു. പത്തനാപുരം ഡിപ്പോയിലെ കണ്ടക്ടര്‍ പിടവൂര്‍ സ്വദേശി സജീഷ് കുമാറിനെയാണ് സ്വകാര്യ ബസ് ജീവനക്കാര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ പിടവൂരില്‍ വച്ചാണ് സംഭവം നടന്നത്. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോകവേ കാറില്‍ പിന്‍തുടര്‍ന്നെത്തിയ സംഘം കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. ബൈക്കില്‍ നിന്നും തെറിച്ച് വീണ സജീഷ് കുമാറിനെ പിന്നീട് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടിരുന്നു. പരിക്കേറ്റ സജീഷ് കുമാറിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പത്തനാപുരം ഡിപ്പോയില്‍ നിന്നും അടുത്തിടെ പറങ്കിമാംമുകള്‍ വഴി കൊട്ടാരക്കരയ്ക്ക് ചെയിന്‍സര്‍വീസ് ആരംഭിച്ചിരുന്നു. വര്‍ഷങ്ങളായി സ്വകാര്യ ബസുകള്‍ കൈയടക്കി വച്ചിരുന്ന റൂട്ടാണിത്. കെഎസ്ആര്‍ടിസി ഇതുവഴി സര്‍വീസ് ആരംഭിച്ചപ്പോള്‍ മുതല്‍ സ്വകാര്യബസ് ജീവനക്കാരുടെ ഭാഗത്ത് നിന്നും അക്രമങ്ങളും സര്‍വീസ് തടയാനുള്ള ശ്രമവും നടന്നിരുന്നു. പുതിയ റൂട്ടില്‍ ഓടുന്ന കണ്ടക്ടറാണ് സജീഷ് കുമാര്‍. ഈ വൈരാഗ്യമാണ് അക്രമത്തിന് കാരണമായത്. സംഭവത്തില്‍ പ്രതിഷേധിച്ച് പത്തനാപുരം ഡിപ്പോയിലെ 43 ബസുകളും ഉച്ചവരെ സര്‍വീസ് നടത്തിയില്ല. ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടന്നു. ഡിപ്പോ അധിക്യതര്‍ ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉച്ചയോടെ സമരം അവസാനിപ്പിച്ച് സര്‍വീസ് ആരംഭിച്ചു. പത്തനാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പത്തനാപുരത്തെ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെയും സ്വകാര്യബസുകാര്‍ കയ്യേറ്റത്തിന് മുതിര്‍ന്നിരുന്നു. വകുപ്പധികൃതര്‍ പരിശോധന നടത്തുന്നതില്‍ പ്രതിഷേധിച്ച് അവര്‍ കഴിഞ്ഞ ദിവസം സര്‍വീസ് നടത്തിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.