കാട്ടാന വീട് തകര്‍ത്തു

Sunday 12 February 2017 8:05 pm IST

ബത്തേരി: കാട്ടാന വീട് തകര്‍ത്തു. നമ്പ്യാര്‍കുന്നിന് സമീപം തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ മധുവന്താള്‍ ജയപ്രകാശിന്റെ വീടാണ് തകര്‍ത്തത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. ജയരാജും ഭാര്യയും കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. സമീപത്തെ തോട്ടത്തില്‍ അഞ്ചോളം പേര്‍ കാപ്പി പറിക്കുകയായിരുന്നു. ഇവര്‍ കൊമ്പനെ കണ്ട് പേടിച്ച് ജയപ്രകാശിന്റെ വീട്ടില്‍ ഓടിക്കയറി. ഇവരുടെ പുറകെ എത്തിയ ആന വീട് തകര്‍ക്കുകയായിരുന്നു. വീടിന്റെ മേല്‍ക്കൂരയും മറ്റു സാധനങ്ങളും തകര്‍ത്തു. ചുള്ളിയോട് കുരുമുളക് പറിക്കുന്നതിനിടെ കര്‍ണാടക സ്വദേശിയെ കുത്തിക്കൊന്ന ആനയാണ് ഇതെന്ന് കരുതുന്നു. ചുള്ളിയോട് നിന്നും കൊഴുവണ, നമ്പ്യാര്‍കുന്ന് വഴി മധുവന്താളിലേക്ക് കടന്നതാണെന്നാണ് കരുതുന്നത്. പോകുന്ന വഴിക്കെല്ലാം ഭീതി പരത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം തേലമ്പറ്റ-തൊടുവട്ടി വഴി അകമ്പടിക്കുന്നിലും അരിമാനിയിലും എത്തി ഭീതി പരത്തി നാശം വിതച്ചതും ഈ ആന തന്നെയാണെന്നാണ് കരുതുന്നത്. വനത്തില്‍ നിന്നും പത്ത് കിലോമീറ്ററോളം അകലെ ജനവാസ കേന്ദ്രങ്ങളില്‍ വരെ ആന എത്തുന്നത് ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. പലരും നാട്ടാന ആണെന്ന് കരുതി വഴി മാറി നില്‍ക്കുകയും ചെയ്തു. ആക്രമിക്കാന്‍ വരുമ്പോഴാണ് കാട്ടാനയാണെന്ന് മിക്കവരും മനസിലായത്. വന്യമൃഗങ്ങള്‍ ടൗണുകളില്‍ വരെ എത്തുന്നത് ആദ്യമായാണ്. ഇതുവരെ വനത്തിനോട് ചേര്‍ന്ന് പ്രദേശങ്ങളിലാണ് കാട്ടാന ശല്യം ഉണ്ടായിരുന്നത്. എന്നാല്‍ റോഡിലൂടെ ഒരു കൂസലും ഇല്ലാതെ ഭീതി വിതച്ച് പോകുന്ന ആനയെ നോക്കി നില്‍ക്കാനെ ജനങ്ങള്‍ക്ക് കഴിയുന്നുള്ളു. വനം വകുപ്പ് അടിയന്തിരമായി ഇടപെട്ട് വന്യമൃഗ ശല്യം തടയുന്നതിനുള്ള നടപടി എടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കാടും-നാടും തമ്മില്‍ വേര്‍തിരിക്കാനുള്ള ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാന്‍ നിര്‍ബന്ധിതരാകുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.