സുപ്രീം കോടതി നടപടി ദളിത് പീഡനം: ജസ്റ്റിസ് കര്‍ണന്‍

Sunday 18 June 2017 9:56 pm IST

ന്യൂദല്‍ഹി: കോടതിയലക്ഷ്യ നടപടി നേരിടുന്ന കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് സി.എസ്. കര്‍ണന്‍ സുപ്രീം കോടതിയെ രൂക്ഷമായി വിമര്‍ശിച്ചു. ദളിതരോടുള്ള സുപ്രീം കോടതിയുടെ വിവേചനമാണ് തനിക്കെതിരായ നടപടിയെന്ന് കര്‍ണന്‍ ആരോപിച്ചു. ജഡ്ജിമാര്‍ അഴിമതിക്കാരെന്നു കാണിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ ഉള്‍പ്പെടുന്ന ഏഴംഗ ബഞ്ച് ജസ്റ്റിസ് കര്‍ണന് കോടതിയലക്ഷ്യത്തിന് നോട്ടീസ് നല്‍കിയത്.ഇദ്ദേഹത്തിന്റെ ഔദ്യോഗികമായ എല്ലാ അധികാരങ്ങളും കോടതി എടുത്തുകളഞ്ഞു. കോടതിയലക്ഷ്യ നോട്ടീസിന് വിശദീകരണം നല്‍കാന്‍ കര്‍ണന്‍ ഇന്ന് നേരിട്ട് സുപ്രീം കോടതിയില്‍ ഹാജരാകണം. തനിക്കെതിരേ നോട്ടീസ് അയയ്ക്കാനുളള സുപ്രീം കോടതി ഉത്തരവ് ദളിത് പീഡനം തടയാനുളള നിയമത്തിന്‍െ് പരിധിയില്‍ വരുന്ന കുറ്റമാണെന്ന് ജസ്റ്റിസ് കര്‍ണന്‍ ആരോപിച്ചു. ഈ കേസ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ അദ്ദേഹം സുപ്രീം കോടതിയെ വെല്ലുവിളിച്ചു. ഉയര്‍ന്ന ജാതിക്കാരായ ജഡ്ജിമാര്‍ നിയമം കൈയിലെടുക്കുന്നു. അധികാര ദുര്‍വിനിയോഗത്തിലൂടെ ദളിതരായ ജഡ്ജിമാരെ പുറത്താക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് ചീഫ് ജസ്റ്റിസ് ഖേഹര്‍ വിരമിച്ചശേഷമെ ഈ കേസ് വിചാരണയക്കെടുക്കാവൂ. അല്ലെങ്കില്‍ അത് പാര്‍ലമെന്റിന് മുന്നില്‍ വയ്ക്കണമെന്നും കര്‍ണന്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി സിറ്റിങ് ജഡ്ജിക്കെതിരേ സുപ്രീംകോടതി സ്വമേധയാ നടപടിയെടുത്തത് ന്യായീകരിക്കാനാവില്ല. കോടതികളിലെ അഴിമതികളെക്കുറിച്ച്് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് താന്‍ കത്തെഴുതിയിട്ടുണ്ടെന്നും ജസ്റ്റിസ് കര്‍ണന്‍ പറഞ്ഞു. സുപ്രീംകോടതി ഉത്തരവിലുടെ എടുത്തകളഞ്ഞ എല്ലാ ഔദ്യോഗിക അധികാരങ്ങളും തിരിച്ചുനല്‍കണമെന്ന് കര്‍ണന്‍ ആവശ്യപ്പെട്ടു. വിവാദ നായകനായ ജസ്റ്റിസ് കര്‍ണനെതിരേ ഈ മാസം എട്ടിനാണ് സുപ്രീം കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.