മരം വൈദ്യുതികമ്പിയില്‍ വീണ് വൈദ്യുതി നിലച്ചു ഒഴിവായത് വന്‍ ദുരന്തം

Sunday 12 February 2017 9:22 pm IST

കുന്നംകുളം : ബസ് സ്റ്റാന്റിനു സമീപം ചൂണ്ടല്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ മരം വീണു വൈദ്യുതി കമ്പിയില്‍ പതിച്ചു. വൈദ്യുതി പോസ്റ്റ് ചെരിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. തലനാരിഴയ്ക്ക് നഗരത്തില്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് കുന്നംകുളം ബോയ്‌സ് സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നിരുന്ന ഉങ്ങ് മരം പൊട്ടി വൈദ്യുതികമ്പിയില്‍ പതിച്ചത്. തുടര്‍ന്ന് ബസ്സ്റ്റാന്റിനു സമീപം നിന്നിരുന്ന വൈദ്യുതി പോസ്റ്റ് ചെരിഞ്ഞു റോഡിലേക്ക് വീണു. മരം വീഴുന്നതുകണ്ട യാത്രക്കാര്‍ ഓടിമാറിയത് കാരണം വന്‍ ദുരന്തം ഒഴിവായി. മരം പൊട്ടി വൈദ്യുതി കമ്പിക്കു മുകളില്‍ പതിച്ചതോടെ പോസ്റ്റ് ചെരിഞ്ഞു റോഡിലേക്ക് വീഴുകയായിരുന്നു. സംഭവം നടന്ന സമയത്ത് നിരവധി വാഹനങ്ങളും യാത്രക്കാരും ഇതുവഴി സഞ്ചരിച്ചിരുന്നു. ബസ് സ്റ്റാന്റിനു സമീപം നിരവധി പേര്‍ ബസ്സ് കാത്തു നിന്നിരുന്നു. തലനാരിഴക്കാണ് വന്‍ ദുരന്തം നഗരത്തില്‍ നിന്ന് ഒഴിവായത്.ഏറെക്കാലമായി ബസ് സ്റ്റാന്റിന് സമീപത്തെ പോസ്റ്റിന്റെ അടിവശം തുരുമ്പു പിടിച്ചു ദ്രവിച്ച നിലയിലായിരുന്നു. ഇതു മാറ്റി സ്ഥാപിക്കണമെന്ന് നിരവധി തവണ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല. മരം വീണതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റോഡില്‍ അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് കുന്നംകുളം സി ഐ കെ. രാജേഷ് മേനോന്റെ നേതൃത്വത്തില്‍ ഗതാഗതം നിയന്ത്രിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.