കല്ലൂര്‍ കൊമ്പന് കഷ്ടകാലം: തത്കാലം പറമ്പികുളത്തേയ്ക്കില്ല

Sunday 12 February 2017 10:00 pm IST

ബത്തേരി: കല്ലൂര്‍ കൊമ്പന് കഷ്ടകാലം തുടരുന്നു. തല്‍കാലം പറമ്പികുളത്തേക്കില്ല. ഇന്നലെ ഉച്ചയോടെ കല്ലൂര്‍ കൊമ്പനെ പറമ്പികുളത്തേക്കു കൊണ്ടുപോകുന്നതിനുള്ള ശ്രമം ആരംഭിച്ചിരുന്നു. കൊമ്പനെ തടങ്കലില്‍ വെച്ച പന്തി പൊളിച്ചു കുങ്കി ആനയുടെ സഹായത്തോടെ വനംവകുപ്പിന്റെ ലോറിയില്‍ കയറ്റുന്നതിനായി ശ്രമം ആരംഭിച്ചു. മയക്കുവെടി വെച്ചതിനു ശേഷം കൊമ്പന് റേഡിയോ കോളര്‍ പിടിപ്പിച്ചു. ഒരുമണിക്കൂറിനു ശേഷം വീണ്ടും മയക്കുവെടി. തുടര്‍ന്ന് കുങ്കിയാനയുടെയും വനംവകുപ്പ് ജീവനക്കാരുടെയും അശ്രാന്ത പരിശ്രമത്തിലൊടുവില്‍ വൈകീട്ടു ആറു മണിയോടെ ലോറിയില്‍ കയറ്റി. പറമ്പികുളത്തേക്കു കൊണ്ടുപോകാനുള്ള എല്ലാ സജ്ജീകരണങ്ങളും വയനാട് വൈല്‍ഡ് വാര്‍ഡന്‍ ധനേഷ് കുമാറിന്റെയും, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കൃഷ്ണദാസിന്റെയും. വെറ്റിനറി ഡോക്ടര്‍ അരുണ്‍ സക്കറിയയുടെയും മേല്‍നോട്ടത്തില്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി.കൊണ്ടുപോകാന്‍ തയ്യാറായി നില്‍ക്കുമ്പോളാണ് വൈകീട്ട് ഏഴു മണിയോടെ വനം വകുപ്പ് അഡിഷണല്‍ സെക്രട്ടറി മരപാണ്ട്യന്റെ പുതിയ ഉത്തരവ് എത്തിയത്, തത്കാലം കൊമ്പനെ മുത്തങ്ങയില്‍ തന്നെ ഇറക്കി പഴയ സ്ഥിതി തുടരാനും മുഖ്യമന്ത്രി എത്തിയതിനു ശേഷം തുടര്‍ന്നുള്ള കാര്യങ്ങള്‍ തീരുമാനിക്കാമെന്നുമാണ് ഉത്തരവ്. പറമ്പി കുളത്തും പരിസരപ്രദേശങ്ങളിലും റോഡ് ഉപരോധം അടക്കമുള്ള ജനങ്ങളുടെ പ്രധിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്. ഉത്തരവ് എത്തിയപ്പോഴേക്കും കല്ലൂര്‍ കൊമ്പന്‍ പൂര്‍ണമായും മയങ്ങിക്കഴിഞ്ഞിരുന്നു. ഉത്തരവ് വനംവകുപ്പ് ജീവനക്കാരെ അക്ഷരാര്‍ത്ഥത്തില്‍ കുഴക്കി. കാരണം മണിക്കൂറുകള്‍ നേരത്തെ പരിശ്രമഫലമായാണ് കൂട്ടില്‍ നിന്നും കൊമ്പനെ ലോറിയില്‍ കയറ്റിയത്.പുതിയ ഉത്തരവിനെ തുടര്‍ന്ന് കൊമ്പനെ ലോറിയില്‍ നിന്നും ഇറക്കി തളക്കാനുള്ള ശ്രമം രാത്രി ഏറെ വൈകിയും തുടരുകയാണ്. കഴിഞ്ഞ നവംബര്‍ 22 ഇരുപത്തിരണ്ടിനാണ് രണ്ടു വര്‍ഷമായി കല്ലൂര്‍ പ്രദേശത്തെ ജനങ്ങളെ ഭീതിയിയിലാഴ്തിയ കട്ടുകൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ വനംവകുപ്പ് പിടികൂടിയത്, അതിനായി കര്‍ണാടക വനം വകുപ്പിന്റെ സഹായവും തേടിയിരുന്നു. പന്തിയില്‍ അടച്ച കൊമ്പന്‍ ആഴ്ചകളോളം പ്രധിഷേധം അറിയിയിച്ചുകൊണ്ട് ഭക്ഷണം നിരാകരിക്കുകയും പന്തിപ്പൊളിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ഇതിനിടെ ആനയെ കാട്ടിലേക്ക് തന്നെ അയക്കാനുള്ള ശ്രമം വനം വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായി. ഇതിനെതിരെ ജനകീയ പ്രഷോഭം ശക്തമായപ്പോള്‍ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് തീരുമാനമെടുക്കാന്‍ വിദഗ്ദ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്തു. വയനാടന്‍ കാടുകളില്‍ തുറന്നു വിടരുതെന്നായിരുന്നു വിദഗ്ധരുടെ നിര്‍ദ്ദേശം. ഇതിനിടെയാണ് പറമ്പികുളത്തേക്ക് ആനയെ കൊണ്ടുപോകാനായി അഡിഷണല്‍ സെക്രട്ടറി മരപാണ്ട്യന്‍ ഉത്തരവ് എത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.