നെയ്യാറ്റിന്‍കരയില്‍ വ്യാപകമായി വയല്‍ നികത്തുന്നു

Sunday 12 February 2017 10:17 pm IST

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കരയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി വയല്‍ നികത്തുന്നു. ഇതിനു ഒത്താശ ചെയ്യുന്നത് ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍. കൊല്ലയില്‍ പഞ്ചായത്തിലെ കളത്തറക്കല്‍ ഏലായില്‍ ഹരിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവേ കേരളത്തിലെ പാടശേഖരങ്ങള്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ പ്രസ്താവനകളെല്ലാം കാറ്റില്‍ പറത്തിയാണ് വയല്‍ നികത്തുന്നത്. വ്യാപകമായി നികത്തുന്ന വയലുകളില്‍ നെയ്യാറ്റിന്‍കരയിലെ ഒരു മുന്‍ തഹസില്‍ദാരുടെയും നെയ്യാറ്റിന്‍കര നഗരസഭയിലെ ഒരു സിപിഎം കൗണ്‍സിലറുടെ ബന്ധുവിന്റെ വയലുകളും ഉള്‍പ്പെടുന്നു. ഗുണ്ടകളെ കാവല്‍ നിര്‍ത്തി ഇരുട്ടിന്റെ മറവിലാണ് വയല്‍ നികത്തല്‍. പരിസര വാസികള്‍ പോലീസിനും നഗരസഭയ്ക്കും കൃഷിവകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടില്ല. നഗരസഭാ ആസ്ഥാനത്തിന്റെ ഒരു വിളിപ്പാടകലെയാണ് വയല്‍ നികത്തല്‍ നടക്കുന്നത്. നെയ്യാറ്റിന്‍കര താലൂക്കിലെ തിരുപുറം പാഞ്ചായത്തിലും നഗരസഭയുടെ പനങ്ങാട്ടുകരി , ചിറക്കുളം വയലേലകളും വ്യാപകമായി നികത്തപ്പെടുന്നുണ്ട്. രണ്ടും മൂന്നും അവധി ദിനങ്ങള്‍ തുടര്‍ച്ചയായി വരുന്ന ദിവസങ്ങളില്‍ പോലീസിന്റെ ഒത്താശയോടുകൂടിയാണ് നികത്തല്‍ നടക്കുന്നത്. പളളിച്ചല്‍ പഞ്ചായത്തിലെ നരുവാമൂടിനു സമീപം അടുത്തിടെ മുപ്പതോളം സെന്റ് നിലം നികത്തിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സമീപത്തുളള കര്‍ഷകരുടെ നേതൃത്വത്തില്‍ കളക്ടര്‍ക്ക് പരാതിനല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. കൃഷി ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്കാഫീസ് തലങ്ങളില്‍ സ്വാധീനം ചെലുത്തി നെല്‍പാടങ്ങളെ കരഭൂമിയാക്കി മാറ്റിയാണ് നികത്തല്‍ പൊടി പൊടിക്കുന്നത്.മുന്‍ തഹസില്‍ദാരുടെയും കൗണ്‍സിലറുടെയും ഉന്നത സ്വാധീനം മൂലം റവന്യു അധികൃതര്‍ പിന്‍വാങ്ങുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലക്ക് വേണ്ടി നിലമൊരുക്കുകയാണ് വയല്‍ നികത്തലിനു പിന്നിലുള്ള ലക്ഷ്യം. 25000 മുതല്‍ 50000 വരെ വിലവരുന്ന വയലുകള്‍ കൃഷി ചെയ്യാനെന്ന വ്യാജേന വാങ്ങി മണ്ണിട്ട് നിരത്തി സെന്റിന് അഞ്ച് ലക്ഷം മുതല്‍ പത്തു ലക്ഷം വരെ വിലയ്ക്ക് മറിച്ചു വില്‍ക്കുന്നു. ഇത്തരത്തില്‍ വയലുകള്‍ വാങ്ങാനും നികത്താനുമായി താലൂക്ക് കേന്ദ്രീകരിച്ചു ഭൂമാഫിയകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുപുറം ഏലായിലെ ഇരുവൈക്കോണം കാലുമുഖം നടുത്തോടിന്റെ ബണ്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മാറ്റുന്ന മണ്ണ് വയല്‍ നികത്തലിന് ഉപയോഗിക്കുന്നത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.തോടിന്റെ നടപാത നിര്‍മ്മാണത്തിന്റെ പേരില്‍ തൊഴിലുറപ്പ്്് തൊഴിലാളികളെ ഉപയോഗിച്ചാണ് ഇവിടെ നെല്‍കൃഷി ചെയ്തിട്ടുളള വയല്‍ നികത്തുന്നത് എന്നാണ് കര്‍ഷകരുടെ പരാതി.വയല്‍ നികത്തല്‍ കാരണം സമീപ പ്രദേശങ്ങളിലെ കുളങ്ങള്‍ വറ്റി വരണ്ടു. കിണറുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. വേനല്‍ കടുക്കുന്നതോടെ ജലക്ഷാമം രൂക്ഷമാകുകയാണിവിടെ. പല സ്ഥലങ്ങളിലും വയല്‍ നികത്തലിന്റെ മുന്നോടിയായി രാത്രികാലങ്ങളില്‍ പഴയ കെട്ടിടം പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതും പതിവാകുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.