ആധുനിക സംവിധാനത്തില്‍ ഉറപ്പുള്ള റോഡ് നിര്‍മ്മിക്കും : മന്ത്രി

Sunday 12 February 2017 10:40 pm IST

ചിറ്റൂര്‍ : അഞ്ചു വര്‍ഷത്തിനകം സംസ്ഥാനത്ത് 50000 കോടി രൂപയുടെ വികസന പദ്ധതി നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കിഫ്ബിയില്‍(കേരള ഇന്‍ഫ്രാസെക്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) ഉള്‍പ്പെടുത്തി ആധുനിക സംവിധാനങ്ങളിലൂടെ കൂടുതല്‍ ഉറപ്പോടെയുളള റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കും. ചിറ്റൂരില്‍ 25 കോടി രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന സംസ്ഥാന പാത 25 ന്റെയും അനുബന്ധ റോഡുകളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിന് രൂപ ചിലവഴിച്ച് റോഡ് നിര്‍മിച്ച ശേഷം പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ റോഡ് വെട്ടി പൊളിക്കുന്നത് കുറ്റകരമാണെന്ന് മന്ത്രി പറഞ്ഞു. റോഡ് നിര്‍മാണത്തിന് ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രീയമായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് മാത്രമേ കരാറുകള്‍ നല്‍കുകയുള്ളൂ. അതിന് സൂപ്പര്‍വൈസര്‍മാരുടെ മേല്‍നോട്ടവുമുണ്ടാകും. വരാനിരിക്കുന്ന ഭവിഷ്യത്തുകളും വികസനങ്ങളും മുന്നില്‍ക്കണ്ടായിരിക്കും റോഡ് നിര്‍മാണം നടപ്പാക്കുകയെന്നും സംസ്ഥാനത്തെ അപകട ഭീഷണിയുളള പാലങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തത്തമംഗലം-നാട്ടുകല്‍, നാട്ടുകല്‍-നടുപ്പുണി, ചിറ്റൂര്‍-വണ്ണാമട, പാലക്കാട് -ചിറ്റൂര്‍ എന്നീ സംസ്ഥാന പാതകളുടെ ഭാഗമായ 34 കിലോമീറ്ററാണ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരിക്കുന്നത്. 24.50 കോടി രൂപ ചെലവില്‍ ഒരുവര്‍ഷം കൊണ്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ രാജേഷ് അറിയിച്ചു. ചിറ്റൂര്‍ഭാഗത്തേക്കൂളള എല്ലാ റോഡുകളും നവീകരണപ്രവര്‍ത്തനങ്ങള്‍ക്കു ശേഷം കൂടുതല്‍ നിലവാരത്തിലാകുമെന്നും എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ അദ്ധ്യക്ഷനായി. പി കെ ബിജു എം പി, നഗരസഭ ചെയര്‍മാന്‍ ടി എസ് തിരുവെങ്കിടം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധുരി പത്മനാഭന്‍, അഡ്വക്കേറ്റ് വി.മുരുകദാസ്, കെ. ചിന്നസ്വാമി, കെ രാജന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.