വനവാസി ഹെറിറ്റേജ് കെട്ടിടം ഹോസ്റ്റലാക്കണം: കണ്‍വെന്‍ഷന്‍

Sunday 12 February 2017 11:06 pm IST

  കാക്കനാട്: കൊച്ചിയിലെ വനവാസി ഹെറിറ്റേജ് കെട്ടിടം വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിനുള്ള സംവിധാനങ്ങളാക്കി മാറ്റണമെന്ന് പ്രക്ഷോഭ കണ്‍വെന്‍ഷന്‍. പട്ടിക വിഭാഗ ക്ഷേമത്തിന് കോടികള്‍ ചെലവഴിക്കുമ്പോഴും വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിനുള്ള ഹോസ്റ്റല്‍ സൗകര്യം സംസ്ഥാനത്ത് ഒരു നഗരത്തിലും ഇല്ലെന്ന് കണ്‍വെന്‍ഷന്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പട്ടികജാതി വികസനവകുപ്പിന്റെ നിയന്ത്രണത്തില്‍ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിലവിലുള്ള മൂന്ന് ഹോസ്റ്റലുകള്‍ നാല് ദശകം മുമ്പ് സ്ഥാപിച്ചതും കാലഹരണപ്പെട്ടതുമാണ്. വികസനവകുപ്പിന്റെ ഹോസ്റ്റലുകളിലാവട്ടെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പരിമിത താമസ സൗകര്യങ്ങള്‍ മാത്രമേയുള്ളു. എറണാകുളം മഹാരാജാസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരളത്തിലെ സ്വയംഭരണസ്ഥാപനമാണെങ്കിലും ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമില്ല. കൊച്ചിയിലെ വിവിധ കലാലയങ്ങളില്‍ പഠിക്കാനെത്തിയ 50ല്‍പ്പരം ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴും ഹോസ്റ്റല്‍ സൗകര്യം ലഭിച്ചിട്ടില്ല. ഉപരിപഠനത്തിന് ഹോസ്റ്റല്‍ സൗകര്യ ഇല്ലാത്തതിനാല്‍ നിരവധി ആദിവാസി, ദലിത് വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ചു. മഹാരാജാസില്‍ പ്രവേശനം ലഭിച്ച അഞ്ച് വിദ്യാര്‍ഥികളാണ് താമസത്തിനും, ഭക്ഷണത്തിനും വകയില്ലാതെ തിരിച്ചുപോയത്. സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ ഇടപെട്ട് അധികാരികള്‍ക്ക് നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് അട്ടപ്പാടിയിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് എറണാകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ പ്രവേശനം നല്‍കി. ഹെറിറ്റേജ് കെട്ടിടം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍, ഉന്നതപഠന സംവിധാനങ്ങളാക്കി മാറ്റണമെന്നാവശ്യപ്പെട്ടു ഫെബ്രുവരി 27ന് ഹെറിറ്റേജ് കെട്ടിടം പിടിച്ചെടുക്കല്‍ സമരം നടത്താന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. രാവിലെ 10 ന് ഹൈക്കോടതി ജങ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചില്‍ ആയിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കും. കാക്കനാട് യൂത്ത് ഹോസ്റ്റലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഭൂഅധികാരസംരക്ഷണസമിതി ചെയര്‍മാന്‍ സണ്ണി എം. കപിക്കാട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എം.ഗീതാനന്ദന്‍ അധ്യക്ഷനായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.