കോര്‍പ്പറേഷന്‍ വായ്പയെടുക്കുന്നു

Monday 21 May 2012 10:28 pm IST

കൊച്ചി: കരാറുകാരുടെ കുടിശിക കൊടുത്തുത്തീര്‍ക്കുന്നതിന്‌ കൊച്ചിന്‍ കോര്‍പ്പറേഷന്‍ അഞ്ചു കോടി രൂപ ബാങ്ക്‌ വായ്പയെടുക്കുന്നു. സിന്‍ഡിക്കേറ്റ്‌ ബാങ്കില്‍നിന്നും മൂന്നുമാസത്തെ തിരിച്ചടവ്‌ കാലാവധിയിലാണ്‌ വായ്പയെടുക്കുന്നത്‌. കോര്‍പ്പറേഷന്‍ പരിധിയിലെ ഡിവിഷനുകളിലെ ഡിവിഷന്‍ വര്‍ക്കുകള്‍ കരാറുകാര്‍ ഏറ്റെടുക്കുന്നില്ലെന്ന കൗണ്‍സില്‍ അംഗങ്ങളുടെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്‌ കരാറുകാരുടെ കുടിശിക തീര്‍ക്കുന്നതിന്‌ കോര്‍പ്പറേഷന്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നത്‌. ബാങ്ക്‌ വായ്പ അഞ്ചു കോടി വായ്പയെടുക്കുന്നത്‌ മതിയായ തുകയല്ലെന്നും പത്ത്‌ കോടിയെങ്കിലും വായ്പയായി എടുക്കണമെന്ന്‌ ഭരണപ്രതിപക്ഷ ഭേദമന്യേ അംഗങ്ങള്‍ കൗണ്‍സിലില്‍ ആവശ്യപ്പെട്ടു. എന്നാല്‍ വായ്പയെടുക്കല്‍ കോര്‍പ്പറേഷന്‌ അധിക ബാധ്യതയാകുമെന്ന്‌ സ്റ്റാന്‍ഡിങ്‌ കമ്മറ്റി ചെയര്‍മാന്‍ എ.ജെ. സോഹന്‍ പറഞ്ഞു. ഇത്‌ നല്ല നടപടിയല്ല. നിലവില്‍ വാട്ടര്‍ അതോറിറ്റിക്ക്‌ 29 കോടി തുകയാണ്‌ കോര്‍പ്പറേഷന്‍ കൊടുക്കാനുള്ളത്‌. ഇത്‌ ഒരു വര്‍ഷത്തിനകം അടച്ചുത്തീര്‍ക്കേണ്ടതാണ്‌. ഇതില്‍ അഞ്ചുകോടി ഒന്നുരണ്ട്‌ മാസത്തിനുള്ളില്‍ കെടുക്കണം. ഇത്തരമൊരു സാഹചര്യത്തില്‍ പുതുതായി വായ്പയെടുക്കുന്നത്‌ കോര്‍പ്പറേഷന്‌ അധിക ബാധ്യതയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഭരണപക്ഷത്തുനിന്നുള്ള പ്രേമകുമാറും ടി.ജെ. വിനോദുമെല്ലാം ഇതിനെ എതിര്‍ത്തു. വാട്ടര്‍ അതോറിറ്റിക്ക്‌ നല്‍കാനുള്ള കുടിശിക സംബന്ധിച്ച്‌ കോടതിയെ സമീപിക്കണമെന്നും ആലപ്പുഴയില്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നും പ്രേമകുമാര്‍ പറഞ്ഞു. പത്ത്‌ കോടി രൂപ വായ്പയെടുക്കണമെന്ന അംഗങ്ങളുടെ ആവശ്യം സ്റ്റിയറിങ്ങ്‌ കമ്മറ്റി പഠിച്ചുതീരുമാനിക്കുമെന്നും മേയര്‍ ടോണി ചമ്മണി കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. നിലവിലുള്ള സ്ഥിതിയില്‍ പശ്ചിമകൊച്ചിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്‌ സാധിക്കില്ല. പശ്ചിമകൊച്ചിയിലെ മുഴുവന്‍ പൈപ്പുലൈനും മാറ്റി സ്ഥാപിക്കും. പൈപ്പുലൈനുകളിലെ ചോര്‍ച്ച തടയുന്നതിന്‌ വാട്ടര്‍ അതോറിറ്റി നടപടിയെടുക്കണം. ഇക്കാര്യം കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഉടമസ്ഥത തര്‍ക്കം നിലനില്‍ക്കുന്ന പച്ചാളം ടാറ്റ ഗ്രീന്‍ ഹൗസിലെ ഹിന്ദുസ്ഥാന്‍ ലിവറിന്റെ ഫ്ലാറ്റിന്‌ അഡീഷണല്‍ സെക്രട്ടറി കെട്ടിടനമ്പര്‍ നല്‍കിയത്‌ അനധികൃതമായാണെന്നും ഉദ്യോഗസ്ഥനെതിരേ കര്‍ശന നടപടിയെടുക്കണമെന്നും കൗണ്‍സിലര്‍ കെ.വി. മനോജ്‌ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും പരിഗണനയിലിരിക്കുന്ന കാര്യത്തില്‍ അഡീഷണല്‍ സെക്രട്ടറി അനധികൃതമായി നമ്പര്‍ അനുവദിച്ചത്‌ അന്വേഷിക്കണമെന്നും പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. കെട്ടിടത്തിന്‌ കെട്ടിട നമ്പര്‍ അനുവദിച്ച കോര്‍പ്പറേഷനിലെ അഡീഷണല്‍ സെക്രട്ടറിയുടെ നടപടി പരിശോധിക്കുമെന്നും അനധികൃതമായാണ്‌ നമ്പര്‍ അനുവദിച്ചിരിക്കുന്നതെന്ന്‌ തെളിഞ്ഞാല്‍ ഉദ്യോഗസ്ഥനെതിരെ കര്‍ശന്യൂനടപടിയെടുക്കുമെന്നും മേയര്‍ പറഞ്ഞു. എളംകുളത്ത്‌ ഹീര കണ്‍സ്ട്രക്ഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന്‌ കൈയേറിയ പുറമ്പോക്ക്‌ ഭൂമി തിരിച്ചുപിടിക്കുന്നതിനും കൗണ്‍സിലില്‍ തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.