പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ശീലിക്കണം: അമ്മ

Sunday 18 June 2017 8:28 pm IST

മഞ്ചേരി: മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ശീലിച്ചാല്‍ പ്രകൃതി സംരക്ഷണം തനിയെ നടക്കുമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. മഞ്ചേരി ബ്രഹ്മസ്ഥാന മഹോത്സവത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അമ്മ. പ്രകൃതി സംരക്ഷണത്തിനായി ലോകത്തെമ്പാടും സമ്മേളനങ്ങളും സംവാദങ്ങളും ചര്‍ച്ചകളും നടത്തി മനുഷ്യന്‍ ഓടിപ്പായുകയാണ്. എന്നാല്‍ നമ്മുടെ പൂര്‍വ്വികര്‍ കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിച്ചാല്‍ ഇതിന് പരിഹാരം കണ്ടെത്താന്‍ കഴിയും. പൂര്‍വ്വികര്‍ക്ക് പ്രത്യേകിച്ചൊരു പ്രകൃതി സംരക്ഷണം ആവശ്യമുണ്ടായിരുന്നില്ല. കാരണം അവരുടെ ജീവിതം തന്നെ പ്രകൃതി സംരക്ഷണമായിരുന്നു. ആരാധനയിലും ആചാരങ്ങളിലും പ്രകൃതിയുണ്ടായിരുന്നു. സകലജീവജാലങ്ങളോടുമുള്ള ആദരവ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയില്‍ നിന്ന് വേണ്ടത് മാത്രമെടുക്കുക, പ്രകൃതിയെ നശിപ്പിക്കാതിരിക്കുകയെന്നത് അവരുടെ വ്രതമായിരുന്നു. മനുഷ്യന്‍ ഇന്ന് സഞ്ചരിക്കുന്ന ദുരന്തങ്ങളായി മാറികൊണ്ടിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യന്റെ നിയന്ത്രണത്തിലല്ല. പക്ഷേ അവ നടക്കുന്നതിന് മുമ്പ് ചില മുന്നറിയിപ്പുകളും സൂചനകളും നല്‍കാനുതകുന്ന സംവിധാനങ്ങള്‍ ഇന്നുണ്ട്. മനുഷ്യന്‍ അവന്റെ മനസ്സിനുള്ളില്‍ കൊണ്ടുനടക്കുന്ന വന്‍ദുരന്തങ്ങള്‍ കണ്ടെത്താനുള്ള യന്ത്രമൊന്നും ശാസ്ത്രത്തിന് ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. മനസ്സിനെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ കഴിയാത്ത കാലത്തോളം ദുഖം നമ്മളെ വേട്ടയാടികൊണ്ടിരിക്കും. മനസ്സ് നമ്മുടെ നിയന്ത്രണത്തിലാകുമ്പോള്‍, ദുരന്തത്തിനും ചീത്ത അനുഭവത്തിനും നമ്മെ ദുഖിപ്പിക്കാനോ തളര്‍ത്താനോ കഴിയില്ല-അമ്മ കൂട്ടിച്ചേര്‍ത്തു. ബ്രഹ്മസ്ഥാന മഹോത്സവത്തോടനുബന്ധിച്ച് ജന്മഭൂമി പുറത്തിറക്കിയ സപ്ലിമെന്റ് അമ്മ പ്രകാശനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.