ദളിത് വേട്ട: സിപിഎം പൊതുസമൂഹത്തോട് മാപ്പ് പറയണം

Sunday 18 June 2017 7:34 pm IST

അയിത്താചരണത്തിനെതിരെ എകെജി സെന്ററിന് മുന്നില്‍ സമരം നടത്തേണ്ട സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്നത്. അഴീക്കല്‍ പാമ്പാടി ആലിന്‍ കീഴില്‍ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് അയിത്തം കല്‍പ്പിക്കുന്നത് അവസാനിപ്പിക്കണം. അയിത്താചരണത്തെ കുറിച്ച് നാം പറയാറുണ്ടെങ്കിലും അത് ഇന്നും നിലനില്‍ക്കുന്നുവെന്നത് വേദനാജനകമാണ്. നമ്മുടെ നാട്ടില്‍ നിന്ന് പിഴുതുകളയേണ്ടതാണ് അയിത്തമെന്ന ദുരാചാരം. ശ്രീനാരായണ ഗുരുസ്വാമികളും ചട്ടമ്പി സ്വാമികളുമുള്‍പ്പടെയുള്ള മഹാത്മാക്കള്‍ ശ്രമിച്ചത് അയിത്തം ഇല്ലാതാക്കാനാണ്. സാമൂഹ്യ പരിഷ്‌കരണത്തിന് അവിരതം പോരാടിയ മഹത്തുക്കള്‍ ശ്രമിച്ചത് സാമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി വിവേചനം ഇല്ലാതാക്കാനാണ്. നമ്മുടെ നാട്ടില്‍ സാമൂഹ്യ പരിഷ്‌കരണത്തിന് വേണ്ടി നടന്ന സമരങ്ങളിലൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്കാളിത്തം കാണാന്‍ സാധിക്കില്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമാകുന്നതിന് മുമ്പ് എകെജി ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തിരുന്നു. അതേ എകെജിയുടെ മണ്ണിലാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഉത്സവം നടത്തുന്ന ക്ഷേത്രത്തില്‍ നഗ്‌നമായ അയിത്താചരണം നടക്കുന്നത്. കേരളത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ദളിതര്‍ക്കെതരായ അക്രമം വര്‍ധിച്ചിരിക്കുകയാണ്. ദളിത് അക്രമത്തിന്റെ പേരില്‍ ഏകദേശം നാനൂറോളം കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. കോട്ടയം ജില്ലയിലെ നാട്ടകം പോളി ടെക്നിക്കില്‍ അവിനാഷ് എന്ന ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയെ ഒരു ക്ലാസ്സ് റൂമില്‍ പൂട്ടിയിട്ട് പുലയക്കുടില്‍ എന്നെഴുതിവെച്ച് ക്രൂരമായി മര്‍ദ്ധിച്ചു. വിദ്യാര്‍ത്ഥി ഇപ്പോഴും ആശുപത്രിയിലാണ്. എതിര്‍ ശബ്ദങ്ങളെയെല്ലാം അടിച്ചമര്‍ത്തുക എന്ന നയമാണ് സിപിഎം സ്വീകരിക്കുന്നത്. മഹാരാജാസ് കോളേജില്‍ പ്രന്‍സിപ്പാളിന്റെ കസേര കത്തിച്ച്ത് അവര്‍ ദളിത് വിഭാഗത്തില്‍പ്പെട്ടതുകൊണ്ടോണോ എന്ന് സിപിഎം വ്യക്തമാക്കണം. തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചതും വീട്ട് ജോലി ചെയ്യിച്ചതും ന്യായീകരണമില്ലാത്ത പ്രവൃത്തിയാണ്. നിരന്തരമായ ദളിത് പീഡനങ്ങള്‍ നടന്നിട്ടും നടപടിയെടുക്കാന്‍ പോലീസ് മടിക്കുകയാണ്. ദളിത് ആക്ഷേപം നടത്തിയ ലക്ഷ്മി നായര്‍ക്കെതിരെ ദളിത് പീഡന നിരോധന നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണം. അയിത്താചരണത്തിനെതിരെ ശക്തമായ നിലപാടെടുക്കേണ്ട ജില്ലാ ഭരണകൂടം നിസ്സംഗത പാലിക്കുന്നത് അംഗീകരിക്കാനാവില്ല. സാമൂഹ്യ നീതി ഉറപ്പ് വരുത്താനുള്ള ബാധ്യത ജില്ലാ ഭരണകൂടത്തിനുണ്ട്. അയിത്തം ആചരിക്കുന്നതിന് കൂട്ടു നില്‍ക്കുന്നവരെ നിയമപരമായി അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. നീതി നിഷേധം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അയിത്താചരണവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി ദളിത് സംഘടനകള്‍ കണ്ണൂര്‍ കലക്ട്രേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തിയിട്ടും സമരക്കാരെ കാണാനോ ചര്‍ച്ച നടത്താനോ കലക്ടര്‍ തയ്യാറാകാത്തത് നീതിയല്ല. ദളിത് സംഘടനാ നേതാക്കന്‍മാര്‍ കലക്ടറുടെ ചേംമ്പറിന് മുന്നില്‍ കുത്തിയിരുന്നപ്പോള്‍ മാത്രമാണ് കലക്ടര്‍ കൂടിക്കാഴ്ചക്ക് അനുവാദം നല്‍കിയത്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് തമ്പ്രാന്‍ ഭരണമാണ്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അടിമ വേലക്കെതിരായി അധസ്തിതര്‍ക്ക് വേണ്ടിയുള്ള സമരമാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തില്‍ നടക്കുന്ന മേലാള ഭരണത്തിനെതിരെ പ്രതികരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സാമൂഹ്യ സമത്വം കേവലം പറഞ്ഞ് നടക്കാനുള്ളതല്ല, മറിച്ച് ജീവിതത്തില്‍അനുഷ്ഠിക്കാനുള്ളതാണ്. സിപിഎം എന്ന സംഘടന മാലിന്യങ്ങളുടെ കൂമ്പാരമായി മാറി. ദളിത് വേട്ടയില്‍ സിപിഎം പൊതുസമൂഹത്തോട് മാപ്പ് പറയണം. https://www.facebook.com/kummanam.rajasekharan/videos/1075427892566997/