ജില്ലയില്‍ പമ്പുകളുടെ പ്രവര്‍ത്തനവും പാചക വാതക വിതരണവും നിലച്ചു പെട്രോള്‍ പമ്പ്-ഗ്യാസ് തൊഴിലാളികള്‍ ജോലിക്ക് ഹാജരായില്ല

Monday 13 February 2017 6:48 pm IST

കണ്ണൂര്‍: ജില്ലയിലെ പെട്രോള്‍ പമ്പ്-ഗ്യാസ് തൊഴിലാളികള്‍ ഇന്നലെ ജോലിക്ക് ഹാജരായില്ല. ഇതേത്തുടര്‍ന്ന് ജില്ലയില്‍ പമ്പുകളുടെ പ്രവര്‍ത്തനവും പാചകവാതക വിതരണവും നിലച്ചു. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് ജില്ലയിലെ പെട്രോള്‍ പമ്പ്-ഗ്യാസ് തൊഴിലാളികള്‍ ഇന്നലെ മുതല്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച തൊഴിലാളി സമരത്തിന് ഉടമകളുടെ ഹരജിയില്‍ ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ സ്വയമേവ ജോലിക്ക് ഹാജരാകാതെ പ്രതിഷേധിക്കുകയായിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശമുളളതിനാല്‍ സമരം ചെയ്യാനോ ചെയ്യാതിരിക്കാനോ യൂണിയനുകള്‍ അംഗങ്ങളോട് ആഹ്വാനം ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യമാകാത്ത തരത്തില്‍ ജോലിക്ക് ഹാജരാവാതെ സമാനമായ സാഹചര്യം സൃഷ്ടിച്ചത്. ജില്ലയിലെ 136 പെട്രോള്‍ പമ്പുകളിലെയും 38 ഗ്യാസ് ഏജന്‍സികളിലെയും മുഴുവന്‍ തൊഴിലാളികളും ബിഎംഎസ്, സിഐടിയു, ഐഎന്‍ടിയുസി എന്നീ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നത്. നിയമാനുസൃതമുള്ള പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നു. തൊഴില്‍വകുപ്പ് നാലുതവണ അനുരഞ്ജന ചര്‍ച്ച നടത്തി. അതിലൊന്നും മാനേജ്‌മെന്റ് കൂലിവര്‍ദ്ധിപ്പിക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ സമരം പ്രഖ്യാപിച്ചത്.. പെട്രോള്‍ പമ്പിലെ തൊഴിലാളിക്ക് പ്രതിദിനം 286 രൂപയും പാചകവാതക മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് 308 രൂപയുമാണ് കൂലി. 2011ന് ശേഷം കൂലിയില്‍ വര്‍ദ്ധനവുണ്ടായിട്ടില്ല. പുതുക്കി നിശ്ചയിച്ച മിനിമംകൂലി വിജ്ഞാപനം 7 വര്‍ഷമായി ഹൈക്കോടതി തടഞ്ഞുവെച്ചിരിക്കുകയാണ്. പ്രതിദിനം 286 രൂപ മാത്രമാണ് പമ്പ് തൊഴിലാളികള്‍ കൂലി ലഭിക്കുന്നത്. തുച്ഛമായ ഈ വരുമാനം കൊണ്ട് കുടുംബം പോറ്റാന്‍ കഴിയാത്ത സ്ഥിതിയിലാണ് പമ്പ്ഗ്യാസ് ജീവനക്കാര്‍. സമരം നിരോധിച്ച ഹൈക്കോടതി നടപടിക്കെതിരെ തൊഴിലാളികള്‍ ഡിവിഷന്‍ ബെഞ്ചിന് നല്‍കിയ ഹരജി ഇന്ന് പരിഗണിക്കും. ജോലി ഹാജരാകാഞ്ഞ തൊഴിലാളികള്‍ ഇന്നലെ ജില്ലയിലെ വിവിധ ടൗണുകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.