ജനസമ്പര്‍ക്കം: ഒന്നേകാല്‍ കോടി രൂപയുടെ സഹായധനം വിതരണം ചെയ്തു പുതുതായി ലഭിച്ചത് 3625 അപേക്ഷകള്‍

Monday 13 February 2017 9:16 pm IST

കണ്ണൂര്‍: ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ജില്ലയിലെ 98 പേര്‍ക്കായി 114.43 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ സാന്നിധ്യത്തില്‍ പി.കെ.ശ്രീമതി ടീച്ചര്‍ എം.പി സഹായധന വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പൊടിക്കുണ്ട് സ്‌ഫോടനവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുകയിനത്തില്‍ ടി ബാലന് 12 ലക്ഷം രൂപയുടെ ചെക്ക് നല്‍കിക്കൊണ്ടായിരുന്നു ഉദ്ഘാടനം. കണ്ണൂര്‍ താലൂക്കിലെ 75 പേര്‍ക്കായി 94 ലക്ഷം, തലശ്ശേരി താലൂക്കിലെ 19 പേര്‍ക്ക് 12.43 ലക്ഷം, ഇരിട്ടി താലൂക്കിലെ രണ്ട് പേര്‍ക്ക് രണ്ട് ലക്ഷം, തളിപ്പറമ്പ് താലൂക്കിലെ രണ്ട് പേര്‍ക്ക് ആറ് ലക്ഷം എന്നിങ്ങനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയില്‍ നിന്ന് അനുവദിച്ച തുകയാണ് വിതരണം ചെയ്തത്. ജനസമ്പര്‍ക്ക പരിപാടിയിലേക്കായി ജനുവരി 10 മുതല്‍ 30 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി സ്വീകരിച്ച 28 13 അപേക്ഷകളിലാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തത്. ഇന്നലെ 3625 പുതിയ അപേക്ഷകള്‍ ലഭിച്ചു. ഇവയില്‍ അടിയന്തര പ്രാധാന്യമുള്ള 450ലേറെ അപേക്ഷകള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ വച്ചു തന്നെ പരിഗണിച്ചു. ബാക്കിയുള്ളവ കൂടുതല്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട വില്ലേജുകളിലേക്ക് അയക്കും. അവിടെ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. ചികിത്സാ ധനസഹായം, ഭവന നിര്‍മാണം, വിവിധ ആനുകൂല്യ വിതരണം, റേഷന്‍ കാര്‍ഡ് പുതുക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകളാണ് ലഭിച്ചവയിലേറെയും. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും നേരത്തേ സമര്‍പ്പിച്ച അപേക്ഷകളില്‍ വിവരങ്ങള്‍ നല്‍കുന്നതിനും പ്രത്യേക സംവിധാനമൊരുക്കിയിരുന്നു. ജില്ലാ കലക്ടറേറ്റ്, നാല് താലൂക്കുകള്‍, കണ്ണൂര്‍ കോര്‍പറേഷന്‍ എന്നിവയുടെ കൗണ്ടറുകള്‍ക്കു പുറമെ, വിവിധ വകുപ്പുകളുടെ പ്രത്യേക കൗണ്ടറുകളും പരിപാടിയുടെ ഭാഗമായി ഒരുക്കി. എ.ഡി.എം മുഹമ്മദ് യൂസുഫ്, വകുപ്പ് തലവന്‍മാര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.