സഹകരണ ബാങ്കുകളില്‍ വ്യാപക ക്രമക്കേട്

Monday 13 February 2017 9:20 pm IST

ആലപ്പുഴ: ജില്ലയിലെ പല സഹകരണ ബാങ്കുകളിലും ക്രമക്കേടുകള്‍ നടന്നതായി സൂചന. നിലവില്‍ പട്ടണക്കാട്, കണിച്ചുകുളങ്ങര, തഴക്കര, ശ്രീകണ്‌ഠേശ്വരം ശാഖകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുള്ളത്. ഇത് നാലും യുഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളാണ്. എസ്എല്‍പുരം സഹകരണബാങ്കിലും ക്രമക്കേടുകള്‍ നടന്നതായി ആക്ഷേപമുയരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കില്‍ കാര്‍ഷിക വായ്പയുടെ പേരില്‍ അംഗങ്ങള്‍ വായ്പ തിരിമറി നടത്തിയെന്നാണ് സൂചന. എസ്എല്‍പുരം എ64 സര്‍വ്വീസ് സഹകരണ ബാങ്കില്‍ ബോര്‍ഡംഗങ്ങളുടെ പേരില്‍ രണ്ടുലക്ഷം രൂപ വീതം കാര്‍ഷിക വായ്പയെടുത്തതിലും ക്രമക്കേട് നടന്നിട്ടുണ്ട്. പത്തുസെന്റ് ഭൂമി വേണമെന്നിരിക്കെ സ്ഥലമില്ലാതെയാണ് വായ്പ എടുത്തിട്ടുള്ളത്. പല അംഗങ്ങളും അറിയാതെ അവരുടെ പേരുകളിലും വായ്പകള്‍ എടുത്തിട്ടുണ്ട്. മറ്റു ബാങ്കുകളിലെ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ അംഗങ്ങളെ പ്രസിഡന്റ് വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു. തങ്ങളറിയാതെ തങ്ങളുടെ പേരില്‍ വായ്പഎടുത്ത വിവരം അപ്പോഴാണ് പലരുമറിയുന്നത്. ഉടന്‍തന്നെ അടച്ചുതീര്‍ത്തുകൊള്ളാമെന്ന് പലര്‍ക്കും ഉറപ്പു നല്‍കിയിട്ടുണ്ട്. അഴിമതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടും ഭരണസമിതികളെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ ദുരൂഹത നിലനില്‍ക്കുന്നു. എട്ടുമാസം പിന്നിട്ടിട്ടും അഴിമതി നടത്തിയ ഭരണ സമിതികള്‍ പിരിച്ചുവിടാതെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ തുടരുന്നത്. ഇതിന് കുടപിടിക്കുകയായിരുന്നു സിപിഎം ജില്ലാ നേതൃത്വവും. ക്രമക്കേടുകള്‍ വ്യക്തമായിട്ടും ഇതിനെതിരെ പ്രതികരിക്കാന്‍ സിപിഎം ജില്ലാ നേതൃത്വത്തിന് മൂന്നുമാസം വേണ്ടിവന്നു. ഇന്നലെയാണ് ആദ്യമായി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ഇതിനെതിരെ പ്രസ്താവന ഇറക്കിയത്. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്ഥലംമാറ്റപ്പെട്ട സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എം.എസ്. സുധാദേവിയെ കോട്ടയത്തേക്ക് സ്ഥലംമാറ്റിയെങ്കിലും അതനുസരിക്കാന്‍ അവര്‍ തയ്യാറായില്ല. ഇതിനെതിരെ യാതൊരു നടപടിയും സര്‍ക്കാരില്‍ നിന്നുണ്ടാകാത്തതും അഴിമതിക്കാരോടൊപ്പമാണ് സര്‍ക്കാരും സിപിഎം ജില്ലാനേതൃത്വവുമെന്ന് വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.