സഹകരണ ബാങ്ക് അഴിമതി ബാങ്ക് മാനേജരില്‍ നിന്ന് സ്വീകരിച്ചത് അംഗത്വ ഫീസെന്ന് സിപിഎം സെക്രട്ടറി

Sunday 18 June 2017 5:38 pm IST

ആലപ്പുഴ: മാവേലിക്കര സഹകരണ ബാങ്കിന്റെ തഴക്കര ശാഖയില്‍ ക്രമക്കേട് നടന്നതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ മാനേജര്‍ ജ്യോതി മധുവില്‍ നിന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൈപ്പറ്റിയത് ധനസഹായമല്ല, കരുണ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ അംഗത്വ ഫീസായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന്‍. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കരുണയുടെ അംഗത്വമാണ് മാനേജര്‍ ജ്യോതിമധുവും കുടുംബവും എടുത്തത്. കോടിയേരിക്ക് നല്‍കിയത് രണ്ടുലക്ഷം രൂപയുടെ ചെക്കായിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. യുഡിഎഫ് ഭരിക്കുന്ന ജില്ലയിലെ നാലു സഹകരണ ബാങ്കുകളില്‍ നടന്ന 46കോടിയുടെ അഴിമതി അന്വേഷിച്ച് സംഘങ്ങളെ പിരിച്ചുവിടണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിവരികയാണ്. കോണ്‍ഗ്രസ് നേതാവും മാവേലിക്കര സഹകരണ ബാങ്ക് പ്രസിഡന്റുമായ കോട്ടപ്പുറത്ത് പ്രഭാകരന്‍ പിള്ളയെയോ, ബാങ്ക് മാനേജര്‍ ജ്യോതി മധുവിനെയോ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സിപിഎമ്മിനില്ല. ഇത് കോണ്‍ഗ്രസിന്റെ മാത്രം ആവശ്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഇവരുടെ നേതൃത്വത്തില്‍ 52 നിയമനങ്ങളിലായി കോടികളുടെ വിഹിതം കൈപ്പറ്റിയത് അന്വേഷിക്കണമെന്നും സതീഷ് ചെറിയാന്‍ പറഞ്ഞു.

സംഭാവന വൃദ്ധസദനത്തിന്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രണ്ടു ലക്ഷം രൂപ നല്‍കിയത് വൃദ്ധസദനം നിര്‍മ്മിക്കുന്നതിനുള്ള സംഭാവനയാണെന്ന് മാവേലിക്കര സഹകരണ ബാങ്കിന്റെ തഴക്കര ശാഖാ മാനേജര്‍ ജ്യോതിമധു മാവേലിക്കരയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പല രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അത് തങ്ങളുടെ ബിസിനസ്സ് സ്ഥാപനങ്ങളുടെ പേരിലാണെന്നും അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.