കടം നല്‍കിയ 50 രൂപ മടക്കിനല്‍കാത്തതിന്‌ മര്‍ദ്ദിച്ചതിന് 15,000 രൂപ പിഴ

Sunday 10 July 2011 11:32 am IST

ന്യൂദല്‍ഹി: കടം നല്‍കിയ 50 രൂപ മടക്കി നല്‍കാത്തതിന്റെ പേരില്‍ അയല്‍വാസിയെ മര്‍ദ്ദിച്ച കേസില്‍ 15,000 രൂപ പിഴയൊടുക്കാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടു. 2006ലാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്‌. ദല്‍ഹിയിലെ ഒരു കോളനിയില്‍ താമസക്കാരനായിരുന്ന സഞ്ജീവ്‌ എന്നയാളാണ്‌ തന്റെ അയല്‍ക്കാരനായ ശ്രീ ഭഗ്‌വനെ തര്‍ക്കത്തിനൊടുവില്‍ മര്‍ദ്ദിച്ചത്‌. സഞ്ജീവ്‌ നേരത്തെ ഇയാള്‍ക്ക്‌ അമ്പതു രൂപ കടം നല്‍കിയിരുന്നു. പണം തിരികെ നല്‍കാന്‍ വിസമ്മതിച്ച ഭഗ്‌വാനെ ക്ഷുഭിതനായ സഞ്ജീവ് ഇഷ്ടിക ഉപയോഗിച്ചു തലയ്ക്കടിക്കുകയായിരുന്നു. സംഭവശേഷം സഞ്ജീവ്‌ അവിടെ നിന്ന്‌ പോവുകയും ചെയ്‌തു. രക്തം വാര്‍ന്ന്‌ കിടന്ന ഭഗ്‌വനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കി. തുടര്‍ന്ന് സഞ്ജീവിനെ പോലീസ്‌ അറസ്റ്റു ചെയ്യുകയും കേസ് കോടതിയില്‍ എത്തുകയും ചെയ്തു. കൊല്ലണമെന്ന വിചാരത്തോടെ അല്ലാതെ അപകടപ്പെടുത്താന്‍ ശ്രമിച്ചതിന്‌ കോടതി സഞ്ജീവിന്‌ 15,000 രൂപ പിഴശിക്ഷ വിധിച്ചു. ഇതില്‍ 10,000 രൂപ പരിക്കേറ്റ ഭഗ്‌വന്‌ നല്‍കാനും അഡീഷണല്‍ സെഷന്‍സ്‌ ജഡ്ജി പവന്‍കുമാര്‍ ജെയിന്‍ ഉത്തരവിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.