കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ക്ക് സര്‍വകക്ഷി പിന്തുണ

Sunday 18 June 2017 2:38 pm IST

സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്ററും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും

കണ്ണൂര്‍: ജില്ലയില്‍ ശാശ്വത സമാധാനമുണ്ടാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് സര്‍വകക്ഷി യോഗത്തിന്റെ പിന്തുണ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് എല്ലാ പാര്‍ട്ടികളും സമാധാനശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണ അറിയിച്ചത്.

കണ്ണൂരിനെ സംഘര്‍ഷരഹിതമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ സമാധാനകാംക്ഷികള്‍ക്കു പ്രതീക്ഷ നല്‍കുന്നുവെന്ന് യോഗത്തില്‍ സംസാരിച്ച വിവിധ നേതാക്കള്‍ അഭിപ്രായപ്പെട്ടു. അക്രമസാധ്യത മുന്‍കൂട്ടിക്കണ്ട് തടയാനാവശ്യമായ നടപടി പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും അഭിപ്രായമുയര്‍ന്നു. പോലീസ് ഏതെങ്കിലും സംഘങ്ങളുടെ ഭീഷണിക്ക് വഴങ്ങി നടപടികളില്‍ നിന്ന് പിന്‍വാങ്ങരുത്. ആയുധ നിര്‍മാണം തടയാനും ആയുധശേഖരം കണ്ടെത്താനും കൂടുതല്‍ നടപടികള്‍ ആവശ്യമെന്നും നേതാക്കള്‍ നിര്‍ദേശിച്ചു.

കണ്ണൂരിനെ സംഘര്‍ഷരഹിത ജില്ലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആമുഖ ഭാഷണത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. അക്രമമുണ്ടായാല്‍ കര്‍ക്കശമായ ഇടപെടലിനാണ് പോലീസിന് നിര്‍ദേശം കൊടുത്തിട്ടുള്ളത്. മുഖംനോക്കാതെ നടപടിയുണ്ടാകും. ബാഹ്യനിയന്ത്രണവും പോലീസിന്റെ മേലുണ്ടാകില്ല. എന്തെങ്കിലും സംഭവമുണ്ടായാല്‍ എല്ലാവരും ചേര്‍ന്ന് ഇടപെടുന്ന നില ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയിലെ പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്തുവാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്നതായി ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി അറിയിച്ചു. ആര്‍ക്കും സംഘടനാപ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടരുത്. വരാനിരിക്കുന്ന ഉത്സവ സീസണ്‍ അക്രമരഹിതമാക്കാന്‍ മുന്‍കരുതല്‍ വേണം.

വ്യക്തികള്‍ ചെയ്യുന്ന അക്രമങ്ങള്‍ പാര്‍ട്ടികള്‍ ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടാവരുത്. ഇത്തരം സംഭവങ്ങളില്‍ രാഷ്ട്രീയമില്ലെങ്കില്‍ അക്കാര്യം പൊതുജനങ്ങളെ അറിയിക്കാന്‍ പോലിസ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ. ശ്രീമതി എംപി, എംഎല്‍എമാരായ ഇ.പി. ജയരാജന്‍, കെ. സി. ജോസഫ്, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. സുമേഷ്, കലക്ടര്‍ മിര്‍ മുഹമ്മദലി, ജില്ലാ പൊലിസ് മേധാവി ജി. ശിവവിക്രം, സബ് കലക്ടര്‍ രോഹിത് മീണ, എഡിഎം ഇ. മുഹമ്മദ് യൂസുഫ്, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, വിഭാഗ് കാര്യവാഹ് വി. ശശിധരന്‍, ജില്ലാ കാര്യവാഹ് കെ. പ്രമോദ്, ബിജെപി സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രഞ്ചിത്ത്, ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ്, പി.പി. ദിവാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.