ദുരിതക്കയത്തില്‍ മുല്ലയ്ക്കല്‍ പറപ്പള്ളി നിവാസികള്‍

Tuesday 14 February 2017 9:12 pm IST

ഇഴജയന്തുക്കളുടെ വിഹാര കേന്ദ്രമായ കോളനിയിലേക്കുള്ള റോഡ് കാടുമൂടി വഴി നടക്കാന്‍ പറ്റാത്ത നിലയില്‍

ആലപ്പുഴ: സഞ്ചാരയോഗ്യമല്ലാത്ത റോഡ്, മാലിന്യം നിറഞ്ഞ മേല്‍മൂടിയില്ലാത്ത കാന, ഇഴജന്തുക്കളുടെയും വിഷപ്പാമ്പുകളുടെയും വിഹാരഭൂമി ഇതിനു നടുവിലാണ് മുല്ലയ്ക്കല്‍ വാര്‍ഡിലെ പറപ്പള്ളി നിവാസികള്‍.
ദുരിതപര്‍വ്വമാണ് ഇവരുടെ ജീവിതം. എണ്‍പതോളം കുടുംബങ്ങളാണ് ദുരിതക്കയത്തില്‍ കഴിയുന്നത്. പറപ്പള്ളി റോഡിന്റെ ഒരു വശത്ത് ജോണ്‍സ്, പോപ്പി കുടക്കമ്പനി ഉടമകളുടെ സ്ഥലമാണ്. ഇവിടെ കാടുപിടിച്ച് ക്ഷുദ്രജീവികളും പാമ്പുകളും നിറഞ്ഞു. ഇവിടെ നിന്നാണ് സമീപ വീടുകളിലേക്ക് ഇഴജന്തുക്കള്‍ കയറി സ്ഥലവാസികള്‍ക്ക് ദുരിതം വിതയ്ക്കുന്നത്.
വാഷിങ് ബേസണുകളിലും ബാത്ത്‌റൂമുകളിലും ക്ലോസറ്റുകളിലും മുറികളെ ടീപ്പോയുടെ അടിയിലുമൊക്കെ ഇഴജന്തുക്കള്‍ കയറിയിരിക്കുകയാണ്. തീരെ ചെറിയ കുട്ടികളുള്ള വീടുകളിലെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ ഭയാശങ്കയിലാണ്.
കാനയിലെ മലിനജലമാണ് പ്രദേശവാസികളെ ദുരിതത്തിലാക്കുന്ന മറ്റൊരുഘടകം. ചെറിയ മഴ പെയ്താല്‍പോലും കാന നിറഞ്ഞ് മലിനജലം വീടിനുള്ളിലേക്ക് കയറുന്നു. സഞ്ചാരയോഗ്യമല്ലാത്ത റോഡില്‍ കാടും പടലും നിറഞ്ഞു. പോസ്റ്റാഫീസ്, ബിഎസ്എന്‍എല്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പോകാനും മറ്റാവശ്യങ്ങള്‍ക്ക് നഗരത്തില്‍ എത്താനും ഇവര്‍ രണ്ടുകിലോമീറ്റര്‍ ചുറ്റണം. രാത്രികാലങ്ങളില്‍ പ്രദേശവാസികള്‍ ഭയത്തോടെയാണ് കഴിയുന്നത്.
മദ്യപരുടെ താവളമാകുന്നു ഈ റോഡ്. ഇവര്‍ ഉപേക്ഷിക്കുന്ന കുപ്പികള്‍ കാനകളിലേക്ക് വലിച്ചെറിയുന്നതും ആഹാര അവശിഷ്ടങ്ങള്‍ റോഡില്‍ ഉപേക്ഷിക്കുന്നതും തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാക്കുന്നു.
നിരവധി തവണ നഗരസഭാ ചെയര്‍മാന്‍ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു പരിഹാരവും ഉണ്ടായില്ല. പൊതുനിരത്ത് സ്വകാര്യവ്യക്തിക്ക് നല്‍കി അനധികൃതമായി വാങ്ങിയ ഭൂമിക്ക് വഴി നല്‍കാനുള്ള ഗൂഢശ്രമമാണ് എണ്‍പതോളം കുടുംബങ്ങളെ ദുരിതത്തിലാക്കി നഗരസഭ മൗനം പാലിക്കുന്നതിനു കാരണമെന്നാണ് പരക്കെയുള്ള ആക്ഷേപം.
ജോണ്‍സ്, പോപ്പി കമ്പനി ഉടമകള്‍ക്ക് ഭരണ തലങ്ങളിലെ സ്വാധീനമാണ് എണ്‍പതോളം വീടുകളെ ദുരിതപര്‍വ്വതില്ലാക്കുന്നത് ഈ കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് ദുരിതത്തിലാക്കുന്ന അനധികൃതരുടെ നിലപാടില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.