സമരവും സദാചാരവും

Sunday 18 June 2017 1:04 pm IST

ഇന്നത്തെ കലുഷിതമായ അക്കാദമിക് രംഗങ്ങള്‍ കാണുമ്പോള്‍ ഞാന്‍ എന്റെ കുട്ടിക്കാലം ഓര്‍ത്തുപോകുന്നു. അന്ന് വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയമുണ്ടായിരുന്നില്ല. കോണ്‍ഗ്രസായിരുന്നു അന്ന് കേരളത്തിലെ ഏക പാര്‍ട്ടി. രാജഭരണമാണ് നിലനിന്നിരുന്നതെങ്കിലും കേരളം ഭരിച്ചിരുന്നത് ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ ആയിരുന്നു. അദ്ദേഹത്തിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങിയത്; പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ. ഞാനും അന്ന് 'സിപി രാജ് ഗുണ്ടാരാജ്' എന്നു വിളിച്ചു. സ്‌കൂളില്‍നിന്ന് ചന്തയില്‍ക്കൂടി നടന്ന് പോലീസ് സ്റ്റേഷന് മുന്‍പില്‍ കുത്തിയിരുന്നു. എന്റെ ബന്ധുക്കളായ കുട്ടികളൊന്നും പങ്കെടുത്തില്ല. അവര്‍ വീട്ടിലെത്തിയപ്പോള്‍ 'ലീല എവിടെ' എന്ന് അമ്മ ചോദിച്ചു. അപ്പോള്‍ അവര്‍ അമ്മയോട് ഞാന്‍ സമരരംഗത്തിറങ്ങി ജാഥയില്‍ പങ്കെടുത്ത് പോലീസ് സ്റ്റേഷനുമുന്‍പില്‍ കുത്തിയിരിക്കുകയാണെന്ന് പറഞ്ഞു. വീട്ടില്‍ എത്തിയ എനിക്ക് പൊതിരെ തല്ലുകിട്ടി. ഈ പശ്ചാത്തലത്തിലാണ് ഇന്നത്തെ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തെ ഞാന്‍ നോക്കിക്കാണുന്നത്. പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് മരണപ്പെട്ട സംഭവം ദാരുണമെന്നേ പറയാവൂ. ജിഷ്ണു ആത്മഹത്യ ചെയ്തതാണോ കൊലചെയ്യപ്പെട്ടതാണെണോ എന്ന് ഇപ്പോഴും വ്യക്തമല്ല. ജിഷ്ണുവിന്റെ മരണം പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥികളെ മാത്രമല്ല മറ്റ് കോളജുകളിലെ വിദ്യാര്‍ത്ഥികളെയും സമരപാതയിലെത്തിച്ചു. സമരം രൂക്ഷമായതിനെത്തുടര്‍ന്ന് ഇപ്പോള്‍ നെഹ്‌റു ഗ്രൂപ്പ് മാനേജരും മറ്റും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ പ്രബലമായ വിദ്യാര്‍ത്ഥി സംഘടനയാണ് എസ്എഫ്‌ഐ. ഇതിന്റെ ദുരന്തഫലം അനുഭവിക്കാത്ത കാമ്പസുകള്‍ ഇല്ലെന്നുതന്നെ പറയാം. ഇപ്പോഴിവര്‍ സദാചാര പോലീസും ആകുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ഇവരുടെ മര്‍ദ്ദനമേറ്റ് ഒരു യുവാവ് ആശുപത്രിയിലാണ്. എസ്എഫ്‌ഐ സദാചാര പോലീസല്ലെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും വസ്തുത നേരെ മറിച്ചാണ്. എസ്എഫ്‌ഐക്കെതിരെ സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫും സമരപാതയിലാണ്. തിരുവനന്തപുരം ലോ അക്കാദമിയില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തെ വഞ്ചിക്കുകയാണ് എസ്എഫ്‌ഐ ചെയ്തത്. എസ്എഫ്‌ഐ തന്ത്രപരമായി പിന്മാറിയെങ്കിലും എബിവിപിയും എഐഎസ്എഫും സമരവുമായി മുന്നോട്ടുപോവുകയാണുണ്ടായത്. ഈ സമരത്തിന് മുന്‍പില്‍ സര്‍ക്കാരും മാനേജുമെന്റും കീഴടങ്ങിയപ്പോള്‍ ഒറ്റപ്പെട്ടത് എസ്എഫ്‌ഐയാണ്. ജിഷ്ണു പ്രണോയി എന്ന വിദ്യാര്‍ത്ഥി പരീക്ഷയില്‍ കോപ്പിയടിച്ചു എന്നാണ് ആരോപണമുയര്‍ന്നത്. ഇതില്‍ മനംനൊന്ത് ജിഷ്ണു ആത്മഹത്യ ചെയ്തതുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ജിഷ്ണു കോപ്പിയടിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. ജിഷ്ണുവിന് തന്റെ സീറ്റിലിരുന്ന് കോപ്പിയടിക്കാന്‍ യാതൊരു സാഹചര്യവുമില്ലായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്. ലോ അക്കാദമി സമരത്തിലും എസ്എഫ്‌ഐ കള്ളക്കളി കളിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ ശക്തമായ നിലപാടാണ് ഒടുവില്‍ ലക്ഷ്മിനായരുടെ പുറത്താക്കലിലും അക്കാദമിയുടെ ഗേറ്റ് പൊളിക്കുന്നതിലും കലാശിച്ചത്. ലോ അക്കാദമിയില്‍ പാര്‍ട്ടികള്‍ക്ക് ക്വാട്ട വരെ നിശ്ചയിച്ചിരുന്നുവത്രെ. ലോ അക്കാദമി സമരത്തില്‍ കടുത്ത ആരോപണങ്ങള്‍ക്ക് വിധേയയായ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരെ സംരക്ഷിക്കാനാണ് സിപിഎമ്മും എസ്എഫ്‌ഐയും ശ്രമിച്ചത്. കുറച്ചുവര്‍ഷത്തേക്ക് ലക്ഷ്മിനായരെ മാറ്റിനിര്‍ത്തണമെന്ന ധാരണയില്‍ ഇവര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. പക്ഷേ ഇതിനെതിരെ ബിജെപിയും കോണ്‍ഗ്രസും നിരാഹാര സത്യഗ്രഹം ആരംഭിച്ച ശേഷമാണ് ലക്ഷ്മി നായരെ രാജിവപ്പിച്ച് പകരം മറ്റൊരാളെ പ്രിന്‍സിപ്പലാക്കിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് സംഭവവുമായി ബന്ധപ്പെട്ട് 'എസ്എഫ്‌ഐയ്ക്ക് സദാചാരമില്ല' എന്ന സംഘടനാ പ്രസിഡന്റിന്റെ പ്രസ്താവന ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. സദാചാര വാദികള്‍ക്ക് എസ്എഫ്‌ഐയില്‍ സ്ഥാനമില്ലത്രെ. കാമ്പസുകളിലാണെങ്കില്‍ എസ്എഫ്‌ഐ നിലപാട് ഒന്നൊന്നായി പരാജയപ്പെടുകയാണ്. സദാചാരവും സദാചാര പോലീസും തമ്മിലുള്ള വ്യത്യാസം മനസ്സിലാകാത്തയാളാണ് എസ്എഫ്‌ഐ പ്രസിഡന്റ് എന്ന് വ്യക്തം. ഇന്ന് എസ്എഫ്‌ഐയുടെ നില പരുങ്ങലിലാണ്. ഒറ്റപ്പെട്ട സംഭവങ്ങളെ ഉപയോഗിച്ച് തങ്ങളെ കരിവാരി തേയ്ക്കുന്നു എന്ന് എസ്എഫ്‌ഐ പറയുമ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇതിനര്‍ത്ഥം ഇവ ആസൂത്രിതമാണെന്നുതന്നെയാണ്. 2011 മുതല്‍ എസ്എഫ്‌ഐ സമരങ്ങള്‍ അക്രമാസക്തമാകുന്നുണ്ട്. കാമ്പസുകള്‍ അസ്വസ്ഥമാകുമ്പോള്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സ്വപ്‌നങ്ങളാണ് കരിയുന്നത്. ജിഷ്ണുവിനെ മാനസിക സംഘര്‍ഷത്തിലേക്ക് നയിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് കരുതപ്പെടുന്നു. പഠിത്തത്തിലും സര്‍ഗാത്മകതയിലും ജിഷ്ണു മുന്നിലായിരുന്നതിനാല്‍ കോപ്പിയടിച്ചെന്ന വാദം വിലപ്പോവില്ല. ജിഷ്ണുവിന്റെ ശരീരത്തില്‍ കണ്ട മുറിവുകള്‍ക്കും വിശദീകരണമില്ല. പോലീസ് മാനേജുമെന്റിനൊപ്പം നിന്ന് ജിഷ്ണുവിന്റെ കുടുംബത്തെയും ദ്രോഹിക്കുകയാണ്.      

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.