പരമോന്നത നീതിപീഠം നല്‍കുന്ന മുന്നറിയിപ്പ്

Sunday 18 June 2017 1:02 pm IST

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇന്നലെ ഉണ്ടായ സുപ്രീംകോടതി വിധി പലതുകൊണ്ടും നിര്‍ണായകമാണ്. ജയലളിതയുടെ തോഴി ശശികലയുടെ അധികാരമോഹം വിധി മൂലം എന്നെന്നേക്കുമായി കെട്ടിടങ്ങി. അതുമാത്രമല്ല അഴിമതിക്കെതിരായ ശക്തമായ മുന്നറിയിപ്പും താക്കീതുമാണ് പരമോന്നത നീതിപീഠം നല്‍കിയിട്ടുള്ളത്. സുപ്രീംകോടതി വിധിയെ തമിഴ് ജനതയും സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന. ജയലളിതയേയും ശശികല ഉള്‍പ്പെടെ മറ്റ് പ്രതികളെയും വിചാരണ കോടതി ശിക്ഷിച്ചപ്പോള്‍ ആത്മഹത്യ ചെയ്തത് 16 പേരാണ്. ആത്മഹത്യാശ്രമത്തില്‍ 193 പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ ഇന്നലെ ശശികലയുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചപ്പോള്‍ ആത്മഹത്യാശ്രമങ്ങള്‍ ഒന്നുപോലുമുണ്ടായില്ല. ഒരു പൂച്ചക്കുട്ടിക്കുപോലും അകാലചരമമുണ്ടായില്ല. പകരം ആഹ്ലാദ പ്രകടനങ്ങളും കരിമരുന്ന് പ്രയോഗങ്ങളും മധുരപലഹാരവിതരണങ്ങളുമൊക്കെയായി ആഘോഷത്തിമിര്‍പ്പാണ് തമിഴ്‌നാട്ടിലെങ്ങും കാണാനായത്. മുഖ്യമന്ത്രി പദവി കപ്പിനും ചുണ്ടിനുമിടയില്‍ നിന്നും തട്ടിനീക്കിയപ്പോള്‍ പൊട്ടിക്കരഞ്ഞ ശശികലയുടെ കണ്ണീരിന് പാഴ് ജലത്തിന്റെ വിലപോലും ജനങ്ങള്‍ കല്‍പ്പിച്ചില്ല. ജയലളിതയുടെ തോഴിയായി ശശികലയെ ജനങ്ങള്‍ അംഗീകരിക്കും എന്നാല്‍ അവരെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് കാണാന്‍ താല്‍പര്യമില്ലെന്നതിന്റെ തെളിവും. തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേന്ദ്രത്തിന്റെ താല്‍പര്യമാണ് ഗവര്‍ണര്‍ നടപ്പാക്കുന്നതെന്നും ആക്ഷേപിച്ചവരുണ്ട്. എന്നാലിന്ന് ഗവര്‍ണര്‍ സ്വീകരിച്ച തന്ത്രങ്ങള്‍ ഫലം കണ്ടു എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ വളരെ മുമ്പുതന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടില്‍ സുസ്ഥിരതയുള്ള സര്‍ക്കാര്‍ എന്നതില്‍ കവിഞ്ഞുള്ള ഒരു താല്‍പര്യവും കേന്ദ്രത്തിനില്ലെന്നതായിരുന്നു അത്. എഐഎഡിഎംകെയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്ന് ബിജെപിയും വ്യക്തമാക്കിയിരുന്നു. ആ പാര്‍ട്ടി തകരാതെ ഒറ്റക്കെട്ടായി നിന്ന് നല്ലൊരു ഭരണം ഉണ്ടാകട്ടെ എന്നും തന്നെയാണ് ഇപ്പോഴും ബിജെപി ആഗ്രഹിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് വിലകുറഞ്ഞ രാഷ്ട്രീയ കളിക്കുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തുകയാണ്. ആ പാര്‍ട്ടിയുടെ നേതാക്കളുടെ പ്രതികരണം അതാണ് കാണിക്കുന്നത്. ഒരുവേള ശശികലയ്ക്ക് പിന്തുണ നല്‍കി സര്‍ക്കാരില്‍ പങ്കാളിയാകാനുള്ള വളഞ്ഞവഴിപോലും കോണ്‍ഗ്രസ് ചിന്തിച്ചു. സുപ്രീംകോടതിവിധിയോടെ എല്ലാം തകിടം മറിഞ്ഞു. ശശികലയ്ക്കുപകരം നിയമസഭാ കക്ഷി നേതാവായി പളിസ്വാമി രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവും ഉന്നയിച്ചിട്ടുണ്ട്. എംഎല്‍എമാരെ തടവറയിലാക്കി അവകാശവാദമുന്നയിക്കുന്നത് ജനാധിപത്യവും ഭരണഘടനയും കശാപ്പുചെയ്യുന്നതിന് സമമാണ്. എംഎല്‍എമാര്‍ സ്വതന്ത്രരാകണം. അവര്‍ക്ക് തങ്ങളുടെ നിലപാട് നിര്‍ഭയം വെളിപ്പെടുത്താന്‍ അവസരമുണ്ടാകണം. അതിനായി ഏതെങ്കിലും ഒരു നേതാവിനെ സത്യവാചകം ചൊല്ലാന്‍ ക്ഷണിക്കുന്നതിനുമുമ്പ് എംഎല്‍എമാര്‍ ഏത് പക്ഷത്താണെന്ന് അറിയാനുള്ള അവസരം ഗവര്‍ണര്‍ ഒരുക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു. അത്തരം കാഴ്‌വഴക്കങ്ങള്‍ ഉണ്ടുതാനും. ശശികലയെ മുഖ്യമന്ത്രിയാക്കാനുള്ള നീര്‍ദ്ദേശം അണ്ണാ ഡിഎംകെ മുന്നോട്ടുവച്ച് ശേഷം ഗവര്‍ണര്‍ ഇതുവരം തീരുമാനം എടുക്കാത്തതിന് ഏന്തായാലും വിധി വന്നത് എന്തായാലും ന്യായീകരണമായി. ഇനി സുപ്രീംകോടതി തമിഴ്‌നാട്ടിലെ സംഭവവികാസങ്ങളില്‍ ഗവര്‍ണറുടെ പങ്കേറുന്നു. സശികല പകരം നിര്‍ദ്ദേശിക്കുന്ന വ്യക്തിക് സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരം എന്തായാലും ഗവര്‍ണര്‍ നല്‍കുമെന്ന് കരുതാന്‍ വയ്യ. ഒരു ദിവസം കൂടി ഗവര്‍ണര്‍ രാഷ്ട്രീയ ബലാബലം എങ്ങനെ മാറുമെന്നറിയാന്‍ കാക്കും. ശശികല ക്യാമ്പിലെ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. അവസാനം സംഖ്യ എവിടെയെത്തുന്നു എന്ന് ഗവര്‍ണര്‍ നിരീക്ഷിക്കും. നിയമസഭ വിളിച്ച് ആര്‍ക്കാണ് ഭൂരിപക്ഷം എന്ന് തെളിയിക്കാന്‍ അവസരം നല്‍കുക എന്ന അറ്റോര്‍ണി ജനറലിന്റെ ഉപദേശം സുപ്രീംകോടതിവിധിക്ക് ഒരു ദിവസം മുമ്പ് നല്‍കിയത് യാദൃശ്ചികമല്ല. ഇതിലൂടെ പനീര്‍ശെല്‍വത്തെ മാറ്റാതെ ബലാബലത്തിന് നിയമസഭയില്‍ അവസരമൊരുങ്ങും. മുമ്പ് ഉത്തര്‍പ്രദേശിലും ജാര്‍ഖണ്ഡിലും അസാധാരണ സാഹചര്യങ്ങളില്‍ മാത്രം പരീക്ഷിച്ച മനസാക്ഷി വോട്ട് രഹസ്യ ബാലറ്റിലൂടെ രേഖപ്പെടുത്തുക എന്ന വഴി തേടാം. ഇപ്പോള്‍ അണ്ണാ ഡിഎംകെ പക്ഷത്തുള്ള എല്ലാവരും കൂറുമാറാന്‍ ഇത് ഇടയാക്കിയേക്കും. മുഖ്യമന്ത്രിസ്ഥാനത്ത് ആര് ഇരുന്നാലും തല്‍ക്കാലത്തേക്കെങ്കിലും കേന്ദ്രപിന്തുണ അനിവാര്യമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എംപിമാരുടെയും എംഎല്‍എമാരുടെയും വോട്ടിന് വലിയ വിലയുണ്ട്. ശശികലയുടെ രാഷ്ട്രീയ ഭാവിയുടെ കാര്യത്തില്‍ ഈ സുപ്രീംകോടതിവിധിയിലൂടെ തീരുമാനമായെങ്കിലും തമിഴ് രാഷ്ട്രീയം കലങ്ങിത്തെളിയാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നേക്കും. വിചാരങ്ങളെക്കാള്‍ വികാരങ്ങള്‍ നയിക്കുന്ന തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുന്നത് രാജ്യത്തിന്റെ പൊതുതാല്‍പര്യത്തിന് ചേരുന്നതല്ല. അതുകൊണ്ടുതന്നെ നല്ലൊരു ഭരണത്തിനുള്ള അവസരമായി സുപ്രീംകോടതി വിധി പരിണമിക്കുമെന്നാശിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.