കൊടിസുനി പാര്‍ട്ടി ഗ്രാമത്തില്‍

Wednesday 23 May 2012 1:24 pm IST

വടകര/കോഴിക്കോട്‌: റെവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഘത്തിലെ മുഖ്യപ്രതിയായ കൊടിസുനിയും മുഖ്യ സൂത്രധാരനെന്ന്‌ പറയപ്പെടുന്ന ടി.കെ. രജീഷും കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തിലാണ്‌ കഴിയുന്നതെന്ന്‌ സൂചന. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎം നേതൃത്വത്തിന്റെ സംരക്ഷണത്തിലാണ്‌ ഇവര്‍ കഴിയുന്നതെന്നുമുള്ള വിവരം പ്രത്യേക അന്വേഷണ സംഘത്തിന്‌ ലഭിച്ചിട്ടുണ്ട്‌. കതിരൂരിലെ പാര്‍ട്ടിഗ്രാമത്തിലാണ്‌ ഇവര്‍ ഒളിവില്‍ കഴിയുന്നതെന്നാണ്‌ ലഭ്യമായ വിവരം. പാര്‍ട്ടിഗ്രാമങ്ങളില്‍ കയറി റെയ്ഡ്‌ നടത്തിയാല്‍ ശക്തമായ പ്രതിരോധം ഉണ്ടാകുമെന്നുള്ള സൂചനയും പോലീസിന്‌ കിട്ടിയിട്ടുണ്ട്‌. പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സ്ത്രീകളെയും കുട്ടികളെയും അണിനിരത്തി പ്രതിരോധം തീര്‍ക്കാനും അക്രമങ്ങള്‍ വരെ ഉണ്ടാക്കാനുമുള്ള സാദ്ധ്യതയും പോലീസ്‌ തള്ളിക്കളയുന്നില്ല. ഇതാണ്‌ ചില കേന്ദ്രങ്ങളില്‍ റെയ്ഡ്‌ നടത്തുന്നതില്‍ നിന്ന്‌ പോലീസ്‌ പിന്നോട്ട്‌ പോവുന്നതെന്നാണ്‌ വ്യക്തമാകുന്നത്‌. മുഖ്യസൂത്രധാരനായ തലശ്ശേരി പാട്യം സ്വദേശിയായ ടി. കെ.രജീഷിനെ യുവമോര്‍ച്ച സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ വധവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ തെരഞ്ഞിരുന്നു. ജയകൃഷ്ണന്‍ മാസ്റ്ററുടെ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഇയാള്‍ക്ക്‌ പങ്കുണ്ടെന്നായിരുന്നു പോലീസിന്‌ ലഭിച്ച വിവരം. എന്നാല്‍ അന്ന്‌ പോലീസിന്‌ ഇയാളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ടി.പി.യെ വധിക്കാനെത്തിയ സംഘത്തിനൊപ്പം കാറില്‍ ടി.കെ രജീഷും ഉണ്ടായിരുന്നെന്ന്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ടി.പിയെ കൊലപ്പെടുത്തിയ രാത്രി ടി.കെ. രജീഷ്‌ കൂത്തുപറമ്പിലെ ഒരുഹോട്ടലില്‍ തങ്ങിയകാര്യവും ഹോട്ടലിലെ രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്ന്്‌ പോലീസിന്‌ വ്യക്തമായി. വധവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ പിടിയിലായവരാണ്‌ പോലീസിന്‌ ഈ വിവരങ്ങള്‍ കൈമാറിയത്‌. അതേസമയം പിടിക്കപ്പെടുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായതോടെ കൊലയാളി സംഘത്തിലെ പ്രധാനിയായ കൊടിസുനി ദേഹോപദ്രവമേല്‍പ്പിക്കില്ലെങ്കില്‍ കീഴടങ്ങാമെന്ന്‌ പറഞ്ഞ്‌ മധ്യസ്ഥന്‍ മുഖേന പോലീസിനെ സമീപിച്ചതായും പറയപ്പെടുന്നുണ്ട്‌. പാര്‍ട്ടി ഗ്രാമങ്ങളില്‍ നേതൃത്വത്തിന്റെ വെല്ലുവിളി എന്തുതന്നെ ഉണ്ടായാലും വരും ദിവസങ്ങളില്‍ ശക്തമായ റെയ്ഡിന്‌ സാധ്യതയുണ്ടെന്ന്‌ ബോധ്യമായതോടെയാണ്‌ കൊടിസുനിയില്‍ നിന്നും ഇത്തരമൊരു നീക്കമുണ്ടായതെന്നും സൂചനയുണ്ട്‌. പോലീസ്‌ കസ്റ്റഡിയിലുള്ള മൂഴിക്കര സ്വദേശിയെ ചോദ്യം ചെയ്തതില്‍ നിന്നും ഇയാള്‍ക്ക്‌ കൊലപാതകത്തില്‍ നേരിട്ട്‌ പങ്കില്ലെന്ന്‌ പോലീസിന്‌ വിവരം ലഭിച്ചു. അതേ സമയം കൊലപാതകസംഘം സഞ്ചരിച്ച ഇന്നോവ കാറില്‍ അറബിഭാഷയില്‍ വാചകങ്ങള്‍ എഴുതിയത്‌ അന്വേഷണം വഴിതിരിച്ചു വിടാനാണെന്ന കാര്യംപോലീസ്‌ സ്ഥിരീകരിച്ചു. സംഭവത്തിന്‌ പിന്നില്‍ മതതീവ്രവാദികളാണെന്ന്‌ വരുത്തിതീര്‍ക്കാനുള്ള ശ്രമമായിരുന്നു ഇതിന്‌ പിന്നിലെന്നുംവ്യക്തമായി. സ്റ്റിക്കറുകള്‍ ഒട്ടിച്ചത്‌ സംഭവം നടത്തിയതിന്‌ പിറ്റേ ദിവസമാണെന്നാണ്‌ സൂചന. സംഭവത്തിന്‌ പിന്നിലെ മുഖ്യപ്രതികളെ പോലീസിന്‌ വ്യക്തമായ സാഹചര്യത്തില്‍ അന്വേഷണം വഴി തിരിച്ചുവിടുകയായിരുന്നു ഇതിന്‌ പിന്നിലെ ഉദ്ദേശ്യം. ചൈനാ സന്ദര്‍ശത്തിന്‌ പോയ സി.പി.എം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ ഇന്നലെ തിരിച്ചെത്തി. തന്റെ ചൈനായാത്ര വിവാദമാക്കിയത്‌ മാധ്യമങ്ങളാണന്നും പാര്‍ട്ടിയില്‍ പ്രതിസന്ധിയില്ലെന്നും ടി.പി.രാമകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിനെതിരെ വടകരയില്‍ ഇന്നലെ റെവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സത്യഗ്രഹം നടത്തി. ടി.പി.യുടെ വധത്തിന്‌ പിന്നില്‍ സി.പി.എം തന്നെയാണെന്ന്‌ സത്യഗ്രഹത്തില്‍ പങ്കെടുത്ത്‌ സംസാരിച്ചു. ആര്‍.എം.പി. യുടെയും ഇടത്‌ പക്ഷ ഏകോപനസമിതിയുടെയും നേതാക്കള്‍ വീണ്ടും വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.