കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് തീപിടിത്തം. ആശുപത്രിയിലെ കാര്‍ഡിയോളജി-ഗൈനക്കോളജി റോഡിലെ ഇടതുവശത്ത് സ്ഥിതിചെയ്യുന്ന നേഴ്സിംഗ് ഹോസ്റ്റലിന്റെ മുന്‍ഭാഗത്തുള്ള സ്ഥലത്തെ പുല്ലുകള്‍ക്കാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം. ഹോസ്റ്റലിന്റെ മുന്‍ഭാഗത്തെ ഏകദേശം 50സെന്റ് ഭൂമിയിലെ പുല്ലുകളും ചെറിയ മരങ്ങളും കത്തിനശിച്ചു. ഹോസ്റ്റലിലെ ഡ്രൈനേജ് പൈപ്പിന്റെ ഭൂരിഭാഗവും ചൂടുമൂലം വെന്തുരുകി. തീപിടിച്ച സ്ഥലത്തിന്റെ തൊട്ടുമുകളില്ക്കൂടിയാണ് 11കെവി ലൈന്‍ കടന്നുപോകുന്നത്. എന്നാല്‍ യഥാസമയം ഫയര്‍ഫോഴ്സെത്തി തീയണച്ചതിനാല്‍ വലിയ അപകട സാദ്ധ്യത ഒഴിവായി. പൈപ്പ് കത്തിനശിച്ചതുമൂലം രണ്ടുലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി സ്ഥലം സന്ദര്‍ശിച്ച പ്രിന്‍സിപ്പാള്‍ ഡോ.ജോസ് ജോസഫ് പറഞ്ഞു. ആശുപത്രിയില്‍ എത്തിയ ആരോ സിഗരറ്റോ, ബീഡിയോ വലിച്ചശേഷം അത് വലിച്ചെറിഞ്ഞതുമൂലമായിരിക്കാം തീപിടിക്കുവാന്‍ കാരണമെന്ന് കരുതുന്നു. കോട്ടയത്തുനിന്ന് ബിജുവിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘം അരമണിക്കൂര്‍ നേരത്തെ കഠിനപരിശ്രമംകൊണ്ടാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: