നെടുമ്പാശ്ശേരി: ബീജിങ്ങില്‍ നടന്ന റോബോ റേവ് ഏഷ്യാ 2017 റോബോട്ടിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച ഇന്ത്യന്‍ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഓപ്പന്‍ ചലഞ്ച് വിഭാഗത്തിലാണ് കൊച്ചിയില്‍ നിന്നുള്ള നാലംഗ സംഘം ഒന്നാമതെത്തിയത്. അദ്ധ്യാപകരും സുഹൃത്തുക്കളും ചേര്‍ന്നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്. വിവിധ വിഭാഗങ്ങളിലായി രാജ്യത്തെ പ്രതിനിധീകരിച്ച മൂന്ന് ടീമുകളില്‍ മിഡ് സ്കൂള്‍ വിഭാഗത്തിലാണ് കൊച്ചിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഒന്നാമതെത്തിയത്. അര മണിക്കൂര്‍ മാത്രം നല്കിയ ഓപ്പണ്‍ ചലഞ്ച് വിഭാഗത്തിലാണ് സ്വയം നിയന്ത്രിത റോബോട്ട് വാഹനം നിര്‍മിച്ച് സ്പീഡ് റേസിങ്ങില്‍ ഒന്നാമതെത്തിയത്. മറ്റ് രണ്ട് വിഭാഗങ്ങളായ ഫയര്‍ ഫൈറ്റിങ്ങിലും, ആല്‍പൈന്‍ ക്ലൈമ്പിങ്ങിലും 200 പോയിന്റ് വീതംനേടി.
ചൈനയും ജപ്പാനുമായിരുന്നു പ്രധാന എതിരാളികളെന്ന് കോച്ച് വര്‍ഗീസ് ജോണ്‍ പറഞ്ഞു. ഇരുപത് രാജ്യങ്ങളില്‍ നിന്നായി 200 ഓളം പേരാണ് ബീജിങ്ങിലെ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. കൊച്ചി തേവക്കല്‍ വിദ്യോദയ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ, ഗൗരിശങ്കര്‍, ആദിത്യ, രോഹിത്, ആലുവ ജീവാസ് സ്കൂളിലെ ജുനൈദ് എന്നിവരാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: