യുവാക്കളെ വസ്ത്രമുരിഞ്ഞ്  ലോക്കപ്പിലടച്ച സംഭവം മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Wednesday 15 February 2017 12:29 am IST

കൊച്ചി: പൊതുസ്ഥലത്ത് കാറിലിരുന്ന് മദ്യപിച്ചെന്ന പേരില്‍ മൂന്നുയുവാക്കളെ കസ്റ്റഡിയിലെടുത്ത് അടിവസ്ത്രത്തില്‍ ലോക്കപ്പിലടച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
ജില്ലാ പോലീസ് മേധാവി മൂന്നാഴ്ചയ്ക്കകം അനേ്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് നിര്‍ദ്ദേശം നല്‍കി. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് സംഭവം.  മദ്യപിച്ച് വാഹനം ഓടിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ് നടന്നതെങ്കിലും കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതായി കമ്മീഷന്‍ നിരീക്ഷിച്ചു.  
പോലീസ് തന്നെ നിയമം നടപ്പാക്കിയതായും കമ്മീഷന്‍ നടപടിക്രമത്തില്‍ പറഞ്ഞു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നാഴ്ചയ്ക്കകം അനേ്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.  കേസ് എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
നഗരഹൃദയത്തിലുള്ള ഇടപ്പള്ളി കനാല്‍ മലിനീകരിക്കപ്പെട്ടിട്ടും നടപടിയെടുക്കാത്ത അധികൃതര്‍ക്കെതിരെയും കമ്മീഷന്‍ കേസെടുത്തു.  കനാലിന്റെ ഇരുവശത്തും കയ്യേറ്റങ്ങള്‍ വ്യാപകമാണെന്ന് കമ്മീഷന്‍  ചൂണ്ടികാട്ടി.  ഏരൂര്‍ മുട്ടാര്‍ ഭാഗത്ത് കനാല്‍ മാലിന്യകൂനയായി മാറുന്നു.  ഇങ്ങനെയാണ് പോകുന്നതെങ്കില്‍ എറണാകുളം പകര്‍ച്ചവ്യാധികളുടെ തലസ്ഥാനമായി മാറുമെന്നും പി. മോഹനദാസ് പറഞ്ഞു.
ജില്ലാകളക്ടര്‍, കൊച്ചി നഗരസഭാ സെക്രട്ടറി, കളമശേരി,തൃക്കാക്കര, തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ അടിയന്തരവിശദീകരണങ്ങള്‍ സമര്‍പ്പിക്കണം.  മാര്‍ച്ചില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.