എല്ലാ ജില്ലകളിലും സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുറക്കും: മന്ത്രി

Sunday 18 June 2017 2:34 pm IST

  തൃശൂര്‍: എല്ലാ ജില്ലകളിലും 40 കോടി രൂപ ചിലവില്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുറക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍. സാംസ്‌കാരിക നായകന്മാരുടെ പേരിലായിരിക്കും കേന്ദ്രങ്ങള്‍ തുറക്കുന്നതെന്നും തൃശൂര്‍ സാഹിത്യ അക്കാഡമി ഹാളില്‍ സംഘടിപ്പിച്ച സ്വാതി-രവിവര്‍മ്മ പുരസ്‌കാര സമര്‍പ്പണം ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാഡമി ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സംഗീതലോകത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ മങ്ങാട് കെ.നടേശന് നല്‍കി. ചിത്രകലാ രംഗത്തെ രാജാ രവിവര്‍മ്മ പുരസ്‌കാരം പ്രമുഖ ചിത്രകാരന്‍ അക്കിത്തം നാരായണന് നല്‍കി. പൊന്നാടയും പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുമുള്‍പ്പെടെയാണ് അവാര്‍ഡ്. വിവിധ ജില്ലകളില്‍ തുടങ്ങുന്ന സാംസ്‌കാരിക കേന്ദ്രങ്ങളില്‍ തൃശൂരിലെ കേന്ദ്രം കവി വള്ളത്തോളിന്റെ പേരിലും പാലക്കാട്ടെ കേന്ദ്രം വി.ടി. ഭട്ടതിരിപ്പാടിന്റെ പേരിലും അറിയപ്പെടുമെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി സജിനി എസ് സ്വാഗതം പറഞ്ഞു. കലാമണ്ഡലം ഗോപി, സംഗീത നാടക അക്കാഡമി ചെയര്‍പെഴ്‌സണ്‍ കെപിഎസി ലളിത, സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ലളിതകലാ അക്കാഡമി ചെയര്‍മാന്‍ സത്യപാല്‍, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.