കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിം ജോങ് നാം കൊല്ലപ്പെട്ടു

Sunday 18 June 2017 12:06 pm IST

സോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിം ജോങ് നാം (45) കൊല്ലപ്പെട്ടു. ക്വാലലംപുര്‍ വിമാനത്താവളത്തില്‍ വെച്ച് അജ്ഞാതരായ രണ്ടു യുവതികള്‍ നാമിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു വെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കൃത്യം നടത്തിയതിനു ശേഷം യുവതികള്‍ ടാക്‌സിയില്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. വിമാനത്താവളത്തില്‍ അവശനിലയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് മലേഷ്യന്‍ പോലീസ് വ്യക്തമാക്കി. ഉത്തരകൊറിയന്‍ രഹസ്യ ഏജന്റുമാരാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്. എന്നാല്‍ മരിച്ചത് നാം തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് മലേഷ്യന്‍ അധികൃതര്‍ പറയുന്നത്. വിമാനത്താവളത്തില്‍ അവശനിലയില്‍ കണ്ടെത്തിയ കൊറിയന്‍ സ്വദേശി എന്ന് മാത്രമാണ് അവര്‍ പറയുന്നത്. ഉത്തര കൊറിയന്‍ ഏകാധിപതിയായിരുന്ന അന്തരിച്ച കിം ജോങ് ഇല്ലിന്റെ മൂത്ത മകനാണു കിം ജോങ് നാം. അനന്തരാവകാശിയാകുമെന്ന് ഒരിക്കല്‍ കരുതിയിരുന്നുവെങ്കിലും 2001ല്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ ജപ്പാനില്‍ പോകാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഇലും മകനും തമ്മിലുള്ളബന്ധം വഷളായിരുന്നു.ഇതോടെയാണ് ഇലിന്റെ മരണശേഷം 2011-ല്‍ അധികാരം മറ്റൊരു മകനായ കിം ജോങ് ഉന്നിലേക്കെത്തിയത്. 2001-മുതല്‍ ചൈനയുടെ അധീനതയിലുള്ള മക്കാവുവടക്കമുള്ള സ്ഥലങ്ങളില്‍ താമസിച്ചുവരികയായിരുന്നു നാം. റഷ്യയിലും സ്വിറ്റസസര്‍ലഡിലും വിദ്യാഭ്യാസം നടത്തിയ കംപ്യൂട്ടര്‍ വിദഗ്ധന്‍ കൂടിയായ നാം ഉത്തരകൊറിയിയുടെ വിവരസാങ്കേതികവിദ്യ നയത്തിന്റെ ചുമതല വഹിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.