രാഹുലില്‍ കോണ്‍ഗ്രസിന് വിശ്വാസം നഷ്ടപ്പെട്ടു: റീത്ത ബഹുഗുണ

Sunday 18 June 2017 8:34 am IST

ലക്‌നോ കന്റോണ്‍മെന്റിലെ ബിജെപി സ്ഥാനാര്‍ത്ഥി റീത്ത ബഹുഗുണ ജോഷി പ്രചാരണത്തിനിടെ

തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ യുപിയില്‍ ഒരു മാസത്തോളം രാഹുല്‍ നടത്തിയ പ്രചാരണ യാത്രകള്‍ അവസാനിച്ചപ്പോഴാണ് റീത്ത ബുഹുഗുണ ജോഷി ബിജെപിയിലെത്തിയത്. പാര്‍ട്ടിയെ ഒറ്റക്കെട്ടാക്കാന്‍ യാത്ര നടത്തിയ രാഹുലിന് മുതിര്‍ന്ന നേതാവിനെപ്പോലും കൂടെ നിര്‍ത്താനായില്ല. അഞ്ച് വര്‍ഷം യുപി അധ്യക്ഷയായിരുന്ന റീത്ത മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഹേമാവതി നന്ദന്‍ ബഹുഗുണയുടെ മകളാണ്. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും സഹോദരനുമായ വിജയ് ബഹുഗുണ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് റീത്തയുടെയും വരവ്.

സിറ്റിംഗ് സീറ്റായ ലക്‌നോ കന്റോണ്‍മെന്റിലാണ് റീത്ത ജനവിധി തേടുന്നത്. മുലായത്തിന്റെ രണ്ടാം ഭാര്യയുടെ മകന്‍ പ്രതീകിന്റെ ഭാര്യ അപര്‍ണ യാദവാണ് റീത്തയുടെ എതിരാളി. കുടുംബം പേരുകേട്ടതാണെങ്കിലും രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമില്ല അപര്‍ണക്ക്. റീത്ത കൊടുങ്കാറ്റാകുമെന്നാണ് മണ്ഡലത്തിലെ സംസാരം. എന്നാല്‍ അമിത ആത്മവിശ്വാസം അപകടമാകരുതെന്ന് നിര്‍ബന്ധമുണ്ട് റീത്തക്ക്. അതിനാല്‍ രാവിലെ മുതല്‍ പ്രചാരണത്തിലാണ്. സ്ത്രീകളുടെ വലിയ സംഘവും ഒപ്പമുണ്ട്. ആലംഭാഗിലെ പാര്‍ട്ടി യോഗത്തിന് ശേഷം കാണുമ്പോള്‍ കാവി ഷാളണിഞ്ഞ് ഉന്മേഷവതിയായിരുന്നു റീത്ത. സംസാരത്തിലും ആവേശവും ആത്മവിശ്വാസവും നിറഞ്ഞുനിന്നു.

ബിജെപിയില്‍ ചേരാനുണ്ടായ കാരണം? 
സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും യുപിയെ നശിപ്പിക്കുകയാണ്. ഇരു പാര്‍ട്ടികളുടെയും ഭരണത്തില്‍ സംസ്ഥാനത്ത് വികസനം മുരടിച്ചു. ബിഎസ്പിയുടേത് അഴിമതി ഭരണമാണെങ്കില്‍ എസ്പിയുടേത് മാഫിയാ ഭരണമാണ്. സ്ത്രീകള്‍ക്ക് സുരക്ഷയില്ലാതായി. മറ്റൊരു സംസ്ഥാനത്തും ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. ഇതിന് മാറ്റം വരുത്താന്‍ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് മാത്രമേ സാധിക്കൂ. മോദി ജനങ്ങളുടെ വികസനത്തില്‍ വിശ്വസിക്കുന്നു. ജനങ്ങള്‍ മോദിയില്‍ വിശ്വസിക്കുന്നു. കോണ്‍ഗ്രസ് യുപിയില്‍ തകര്‍ന്നു.

കോണ്‍ഗ്രസ്സിന് എന്താണ് സംഭവിക്കുന്നത്. രാഹുല്‍ കഴിവില്ലാത്ത നേതാവാണോ? 
ജനങ്ങള്‍ തിരസ്‌കരിച്ച നേതാവാണ് രാഹുല്‍. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും രാഹുലിന്റെ നേതൃത്വത്തില്‍ വിശ്വാസമില്ല. അവര്‍ അസംതൃപ്തരാണ്. രാഹുലിനെ അംഗീകരിക്കാന്‍ ഭൂരിഭാഗം നേതാക്കള്‍ക്കും സാധിക്കുന്നില്ല. നേതാക്കള്‍ക്ക് പറയാനുള്ളതെങ്കിലും സോണിയ കേള്‍ക്കുമായിരുന്നു. രാഹുല്‍ അതും ചെയ്യുന്നില്ല. വലിയ പതനം കോണ്‍ഗ്രസിനെ കാത്തിരിക്കുന്നുണ്ട്. മിന്നലാക്രമണത്തിനെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശം കാല്‍നൂറ്റാണ്ട് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച എന്നെപ്പോലും ദേഷ്യം പിടിപ്പിച്ചു. പാര്‍ട്ടിയിലുള്ളപ്പോള്‍ തന്നെ ഞാന്‍ ഇതില്‍ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു.

പ്രിയങ്കയെ ഇറക്കുമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത്?
പ്രിയങ്കയെ നേരത്തെയും ഇറക്കിയതാണല്ലൊ. എന്നിട്ട് എന്ത് സംഭവിച്ചു. രാഹുലിന്റെയും സോണിയയുടെയും മണ്ഡലമായ അമേത്തിയിലും റായ്ബറേലിയിലും 2012ല്‍ പ്രിയങ്ക പ്രചാരണം നടത്തിയിരുന്നു. ഒരു നേട്ടവും ഉണ്ടായില്ല. രാജ്യം മുഴുവന്‍ പ്രിയങ്ക പ്രചാരണം നടത്തിയാലും ഇതു തന്നെയാകും ഫലം.

എസ്പി-കോണ്‍ഗ്രസ് സഖ്യം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ?
വിശ്വാസ്യത നഷ്ടപ്പെട്ട രണ്ട് പാര്‍ട്ടികളുണ്ടാക്കുന്ന സഖ്യം ജനങ്ങള്‍ പുറന്തള്ളും. ഇത്രയും നാള്‍ അഖിലേഷിന്റെ ഭരണത്തിനെതിരെ പ്രചാരണം നടത്തിയ കോണ്‍ഗ്രസ് ഇപ്പോള്‍ ഭരണനേട്ടങ്ങള്‍ പറയുന്നു. ഇത് അവസരവാദമാണ്. യുപിയിലെ വോട്ടര്‍മാര്‍ തിരിച്ചറിയും. സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ ശകത്മായ അടിയൊഴുക്കുണ്ട്. ജാതിക്കും മതത്തിനും അതീതമായി ജനങ്ങള്‍ ബിജെപിക്ക് വോട്ടും ചെയ്യും. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇത് കണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.