മുഖ്യമന്ത്രിയാകാന്‍ കൊതിച്ചു, വിധിയായി ജയില്‍

Sunday 18 June 2017 9:02 am IST

രാജാവും മുഖ്യമന്ത്രിയാകുന്നതുമൊക്കെ ആര്‍ക്കും സ്വപ്‌നം കാണാം.സ്വപ്നത്തെ ആരാണ് വിലങ്ങുവെക്കുക.തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത് ഇനി ജയിലില്‍ക്കിടന്നു ശശികലയ്ക്കും സ്വപ്‌നംകാണാം.അന്തരിച്ച തമിഴ്‌നാട് മുന്‍മഖ്യ മന്ത്രി ജയലളിതയുടെ തോഴി എന്ന യോഗ്യതയില്‍ മാഫിയാ തലൈവിയായ വി.കെ.ശശികല തമിഴ്‌നാട് രാഷ്ട്രീയത്തെ വിലയ്ക്കു വാങ്ങി മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുന്നതിനിടയില്‍ അനധികൃത സ്വത്തു കേസില്‍ എല്ലാം പൊളിച്ചടക്കുന്ന ്ബംഗളുരു വിചാരണക്കോടതി വിധി.ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കിയിരുന്ന ഒരു രാഷ്ട്രീയ നാടകത്തിന്റെ ആന്റി ക്‌ളൈമാക്‌സ്. അനധികൃത സ്വത്തുകേസില്‍ ശശികലയ്‌ക്കെതിരെയുള്ള വിചാരണക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.ശശികലയ്ക്ക് 4വര്‍ഷം തടവുശിക്ഷയും 10 കോടിരൂപ പിഴയും വിധിച്ചു.വളര്‍ത്തു മകന്‍ വി.എന്‍.സുധാകരന്‍,ബന്ധു ഇളവരശി എന്നിവരേയും ശിക്ഷിച്ചു.പത്തു വര്‍ഷത്തേക്ക് ഇനി ശശികലയ്ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.മുഖ്യമന്ത്രി കസേര ഒരുകൈപ്പാടകലെ വന്നുവെന്നു കരുതിയ ശശികലയ്ക്ക് ജയിലകം എന്ന് വിധിയുടെ തിരുത്തി എഴുത്ത്. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ മാഫിയയാണ് ശശികലയുടെ നേതൃത്വത്തിലുള്ള മന്നാര്‍ ഗുഡി സംഘം.അതിഭാവുകത്വം മാത്രമുള്ള നാലാംതരം തമിഴ് സിനിമയേയും വെല്ലുന്നതാണ് ജയലളിതയുടെ തോഴിയായതോടെ ശശികലയ്ക്കുണ്ടായ വളര്‍ച്ച.ജയ മുഖ്യമന്ത്രിയായിരുന്നപ്പോഴും എല്ലാ നിയന്ത്രണങ്ങളുടേയും ചുക്കാന്‍ പിടിച്ച് പിന്‍ ഡ്രൈവ് ചെയ്തത് ശശികലയും കുപ്രസിദ്ധമായ മന്നാര്‍ഗുഡി സംഘമായിരുന്നു.അധ്വാനവും വികാരവായ്പും സിനിമയും ജീവനായിക്കരുതിയ തമിഴ് മക്കളുടെ ദൗര്‍ബല്യത്തെ ജയ ചൂഷണം ചെയ്തപ്പോള്‍ ജയയ്ക്കുമേലുള്ള പാരസൈറ്റായിരുന്നു ശശികല. ഒ.പനീര്‍ശെല്‍വംപോലും യഥാര്‍ഥത്തില്‍ ശശികലയുടെ നോമിനിയായിരുന്നു. ജയയുടെ മരണശേഷം താനായിരിക്കും മന്ത്രി എന്ന നിലയിലാണ് കാര്യങ്ങള്‍ അവര്‍ നീക്കിയിരുന്നത്.അതോടുകൂടി അധികാരം മാത്രമല്ല, 25000 കോടിയോളം വരുമെന്നു പറയപ്പെടുന്ന സ്വന്തമാകുമെന്ന് അവര്‍ക്കറിയാമായിരുന്നു.ജയയുടേത് ദുരൂഹ മരണമാണെന്നും അതില്‍ ശശികലയുടെ പങ്കുണ്ടെന്നും പറയപ്പെടുന്നു.ജയയുടെ മരണശേഷം സ്വത്തിനു അവകാശികളില്ലാതെ വന്നതും അതു മന്നാര്‍ഗുഡി സംഘത്തിലെത്തിച്ചര്‍ന്നതും മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയുടെ സ്വാഭാവിക പരിണതി മാത്രം. കുടില തന്ത്രങ്ങളുടെ ആഭിചാര മനസുള്ളവര്‍ക്കു പ്രകൃതി നല്‍കുന്ന ശിക്ഷയാണ് ശശികലയും ഇപ്പോള്‍ ഏറ്റു വാങ്ങിയത്.പലതുംനേടാനുള്ള ഒറ്റ വെടി തിരികെ വന്ന് എല്ലാം തകര്‍ത്തു കളഞ്ഞു.പനീര്‍ശെല്‍വത്തെ പിണക്കിയതോടെ അതിനുള്ള വഴിയൊരുങ്ങി.ശശികലയ്ക്കു വേണ്ടിയാണ് പനീര്‍ശെല്‍വം അധികാരത്തിന്റെ പടിയിറങ്ങിയത്.വിനീത വിധേയന്റെ നട്ടെല്ലില്ലായ്മ പ്രകടിപ്പിച്ചിരുന്ന പനീര്‍ശെല്‍വം ജയയുടെ ഓര്‍മ്മക്കുടീരത്തിനു മുന്നില്‍ നിന്നും പ്രാര്‍ഥിച്ചെണീക്കുന്നത് ഇടഞ്ഞ ഒറ്റക്കൊമ്പന്റെ മനസോടെയായിരുന്നു.അതിനിടയില്‍ കോടതി വിധിയും കാത്തിരിക്കേണ്ടി വന്നു.ഇതു ശശികല സ്വന്തമായി എഴുതിയ രാഷ്ട്രീയ തിരക്കഥയില്‍ മറ്റാരോ വെള്ളംചേര്‍ത്തപോലുള്ള ഇടവേളയായിരുന്നു. ഇനി അണ്ണാ ഡിഎംകെ പരസ്പ്പരം മത്സരിക്കുന്ന രണ്ടു വിഭാഗം.ഒന്നിനെ രണ്ടാക്കിയ നായിക ജയിലിലേക്കും.പനീര്‍ശെല്‍വം മുഖ്യമന്ത്രിയായാലും അല്ലെങ്കിലും മന്നാര്‍ഗുഡി സംഘത്തെ തകര്‍ക്കുക തന്നെയാവും ലക്ഷ്യം.അച്ചടക്കമില്ലാതെ തോന്നിയപോലെഴുതിയ നാലാംതരം തിരക്കഥയായിരുന്നു എന്നും തമിഴ്‌നാട് രാഷ്ട്രീയം.ഇത്തരം അഴകൊഴമ്പന്‍ രീതികൊണ്ടാണ് അമ്മയ്ക്കു ഭരിക്കാമെങ്കില്‍ തനിക്കും കഴിയും എന്നു പറഞ്ഞ് ജയയുടെ തോഴിയായ ശശികല ആ തിരക്കഥയില്‍ മുഖ്യവേഷമാടാന്‍ ഒരുങ്ങുകയായിരുന്നു.അതാണ് കോടതി മറ്റൊരു തരത്തില്‍ തിരുത്തി എഴുതിയത്.