പാരീസില്‍ കറ്റാലന്‍ കണ്ണീര്‍

Sunday 18 June 2017 9:00 am IST

ബാഴ്‌സലോണയ്‌ക്കെതിരെ ഗോള്‍ നേടിയ ശേഷം പാരീസ് സെന്റ് ജര്‍മന്റെ ഏയ്ഞ്ചല്‍ ഡി മരിയയുടെ ആഹ്ലാദം

പാരീസ്: പ്രിന്‍സ് പാര്‍ക്കില്‍ മെസി-സുവാരസ്-നെയ്മര്‍ ത്രയത്തിന്റെ കേളീ മികവൊന്നും ബാഴ്സലോണയെ തുണച്ചില്ല. എംഎസ്എന്‍ ത്രയമെന്ന ചെല്ലപ്പേരിലറിയപ്പെടുന്ന ഇവരുടെ പെരുമയില്‍ പാരീസ് സെന്റ് ജര്‍മന്റെ ചുണക്കുട്ടികള്‍ ഭയന്നുമില്ല. അര്‍ജന്റൈന്‍ മധ്യനിരക്കാരന്‍ ഏയ്ഞ്ചല്‍ ഡി മരിയ ജന്മദിനത്തില്‍ ഇരട്ട ഗോളുമായി നിറഞ്ഞാടിയപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ബാഴ്സലോണയ്ക്ക് എതിരില്ലാത്ത നാലു ഗോള്‍ തോല്‍വി. ജന്മദിനം ആഘോഷിച്ച എഡിന്‍സണ്‍ കവാനിയും ഗോളുമായി ജയത്തിന്റെ പകിട്ടേറ്റി.

പ്രതിരോധത്തില്‍ തിയാഗൊ സില്‍വ, മധ്യനിരയില്‍ തിയാഗൊ മോട്ട എന്നീ സൂപ്പര്‍ താരങ്ങളുടെ അഭാവത്തിലാണ് പിഎസ്ജി ജയം സ്വന്തമാക്കിയത്. ഇനി മാര്‍ച്ച് എട്ടിന് രാത്രി നൗകാമ്പിലെ രണ്ടാം പാദം നാലു ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രമേ ബാഴ്സയ്ക്ക് മുന്നോട്ടുള്ള വഴിയെക്കുറിച്ച് ചിന്തിക്കാനാകു. 2007നു ശേഷം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിട്ടില്ലെന്ന കറ്റാലന്‍ പടയുടെ പ്രൗഢിക്കു മേലാണ് പിഎസ്ജിയുടെ വാള്‍ തൂങ്ങുന്നത്. മെസി, സുവാരസ്, ഇനിയേസ്റ്റ എന്നിവരടങ്ങിയ കറ്റാലന്‍ സൂപ്പര്‍ താര നിര പരാജയപ്പെട്ടതാണ് സ്പാനിഷ് ടീമിന്റെ പതനത്തിനു കാരണം. നെയ്മര്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ടു നിന്നത്.

പ്രണയ ദിനം ആഘോഷിക്കാന്‍ സ്റ്റേഡിയത്തിലേക്കൊഴുകിയ ആരാധകരെ ആവേശത്തിമിര്‍പ്പിലാക്കി തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തി പിഎസ്ജി. 18ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ സ്‌കോറിങ് തുടങ്ങി. ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്കായി അരങ്ങേറിയ ജര്‍മന്‍ താരം ജൂലിയന്‍ ഡ്രാക്സലറാണ് ഗോളിനു വഴിയൊരുക്കിയത്. ബാഴ്സ ബോക്സിലേക്ക് പന്തുമായി മുന്നേറിയ ഡ്രാക്സലറെ വീഴ്ത്തിയതിനു ലഭിച്ച ഫ്രീ കിക്കില്‍ മരിയയ്ക്കു പിഴച്ചില്ല. ആദ്യ പകുതിയുടെ അവസാന ഘട്ടത്തില്‍ ലക്ഷ്യം കണ്ട് ഡ്രാക്സ്ലര്‍ അരങ്ങേറ്റം ഗംഭീരമാക്കി. മധ്യഭാഗത്തു നിന്ന് മാര്‍ക്കൊ വെരാറ്റി നല്‍കിയ പന്ത് ഡ്രാക്സ്ലര്‍ പോസ്റ്റിനു മുകള്‍ മൂലയില്‍ ഭദ്രമായി നിക്ഷേപിച്ചു. 40ം മിനിറ്റിലാണ് ഗോള്‍ വന്നത്. മെസിക്കു സംഭവിച്ച പിഴവാണ് വെരാറ്റിക്കു പന്തു ലഭിക്കാന്‍ കാരണം.

ഇടവേളയ്ക്കു ശേഷവും ആതിഥേയര്‍ ആധിപത്യം കൈവിട്ടില്ല. 55ാം മിനിറ്റില്‍ മരിയ രണ്ടാമതും വലകുലുക്കി. ഇടതു പാര്‍ശ്വത്തിലൂടെ പന്തുമായി മുന്നേറിയ ലേവിന്‍ കുര്‍സവ മധ്യഭാഗത്തേക്ക് മറിച്ചു നല്‍കി. പന്ത് സ്വീകരിച്ച മരിയ തടയാനെത്തിയ അലബയെ മറികടന്ന് വലയിലെത്തിച്ചു. 71ാം മിനിറ്റില്‍ സൂപ്പര്‍ താരം എഡിന്‍സണ്‍ കവാനി പട്ടിക തികച്ചു. തോമസ് മ്യൂനിയര്‍ ബോക്സിനു മുന്നില്‍ നിന്ന് മറിച്ചു നല്‍കിയ പന്ത് കാവല്‍ക്കാരന്‍ ടെര്‍ സ്റ്റെഗന് അവസരം നല്‍കാതെ കവാനി അനായാസം വലയില്‍ നിക്ഷേപിച്ചപ്പോള്‍ ബാഴ്സയുടെ പരാജയം സുനിശ്ചിതമായി.

ബൊറൂസിയയ്ക്കും തോല്‍വി

ലിസ്ബണ്‍: ജര്‍മന്‍ കരുത്തര്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനും തോല്‍വി. പോര്‍ച്ചുഗല്‍ ടീം ബെനഫിക്കയോട് എതിരില്ലാത്ത ഒരു ഗോളിന് കീഴടങ്ങി ബൊറൂസിയ. 48ാം മിനിറ്റില്‍ ഗ്രീസ് താരം കൊണ്‍സ്റ്റന്റിനോട് മിട്രൊഗ്ലൗ സ്‌കോറര്‍. സമനില നേടാനുള്ള അവസരം പെനല്‍റ്റി തുലച്ച് പോള്‍ ഔബമേയങ് നഷ്ടമാക്കിയതോടെ ജര്‍മന്‍ ടീമിന്റെ വിധിയുറപ്പിച്ചു. മാര്‍ച്ച് എട്ടിന് ബൊറൂസിയയുടെ ഇഡുന പാര്‍ക്കില്‍ രണ്ടാം പാദം.

ലിസ്ബണില്‍ ജയം പ്രതീക്ഷിച്ചിറങ്ങിയ ബൊറൂസിയയ്ക്ക് ഫലം തിരിച്ചടി. എങ്കിലും ഒരു ഗോള്‍ മാത്രമേ വഴങ്ങിയുള്ളൂവെന്നത് ആശ്വാസമായി. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 48ാം മിനിറ്റിലാണ് മിട്രൊഗ്ലൗ ലക്ഷ്യം കണ്ടത്. കോര്‍ണറില്‍ നിന്ന് ഗോള്‍. പിസ്സയെടുത്ത കിക്ക് ആന്‍ഡേഴ്സണ്‍ ഡിസില്‍വ ഹെഡ് ചെയ്ത് ബോക്സിലേക്കു മറിച്ചു. പന്ത് നിയന്ത്രിച്ച മിട്രൗഗ്ലൗവിന് പിഴച്ചില്ല. 58ാം മിനിറ്റിലാണ് ഔബമേയങ് പെനല്‍റ്റി നഷ്ടപ്പെടുത്തിയത്. ബോക്സില്‍ ഫെസ പന്ത് കൈകൊണ്ട് തൊട്ടത്തിനാണ് പെനല്‍റ്റി വിധിച്ചത്.

കിക്കെടുത്ത ഔബമേയങ് പന്ത് ഗോള്‍കീപ്പര്‍ എഡഴ്സണ്‍ സാന്റ മോറിസിനു നേരെ അടിച്ചുകൊടുത്തു. മോശം ഫോം തുടരുന്ന താരത്തിന് ഇരുട്ടടിയായി പെനല്‍റ്റി നഷ്ടം. 62ാം മിനിറ്റില്‍ ഔബമേയങ്ങിനെ പിന്‍വലിച്ച് ആന്ദ്രെ സ്‌കറളിനെ ഇറക്കിയെങ്കിലും ഫലം മാറിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.