ഇന്ത്യ ലോകത്തിന്റെ നിറുകയില്‍

Sunday 18 June 2017 9:18 am IST

ഒറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച് ഇന്ത്യ ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. 2014 ല്‍ റഷ്യ സ്ഥാപിച്ച റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിക്കുറിച്ചിരിക്കുന്നത്. 37 ഉപഗ്രഹങ്ങളാണ് റഷ്യ വിക്ഷേപിച്ചത്. ഇതിനേക്കാള്‍ മൂന്നിരട്ടിയിലധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ചാണ് ഇന്ത്യ ലോകത്തിന്റെ നിറുകയില്‍ എത്തിയിരിക്കുന്നത്. ബഹിരാകാശ ചരിത്രത്തില്‍ ചുവന്ന ലിപികളില്‍ രേഖപ്പെടുത്തേണ്ട മഹാസംഭവമാണിത്. ഇതോടെ ഇന്ത്യ ബഹിരാകാശത്തെ രാജ്ഞിയായിരിക്കുകയാണ്. ഈ മഹാദൗത്യം വിജയകരമായി നിര്‍വഹിച്ച ഐഎസ്ആര്‍ഒ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. ഈ വിക്ഷേപണത്തോടെ ശ്രീഹരിക്കോട്ടയും ലോകചരിത്രത്തില്‍ സ്ഥാനംപിടിച്ചിരിക്കുന്നു. ഇന്ത്യയുടെ റോക്കറ്റായ പിഎസ്എല്‍വി ഏറ്റവും നൂതനമാണ്. 38 വിക്ഷേപണത്തില്‍ ഒരു ഭാഗിക തകരാര്‍ മാത്രമാണുണ്ടായത്. 1997 ല്‍ ഐഎസ്ആര്‍ഒ 34 പിഎസ്എല്‍വി റോക്കറ്റുകള്‍ തുടര്‍ച്ചയായി വിക്ഷേപിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ ഉപഗ്രഹ വിക്ഷേപണം ഒരു എഞ്ചിനീയറിങ് വെല്ലുവിളിയാണ്. ഇതിന് പ്രത്യേക ഹാര്‍ഡ്‌വെയറും നൂതനമായ റിലീസ് സ്ട്രാറ്റജികളും ആവശ്യമായിരുന്നു. ഇവയൊക്കെ നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ കഴിവുകൊണ്ട് നിര്‍മിച്ചെടുക്കാനായി എന്നത് അങ്ങേയറ്റം അഭിമാനകരമാണ്. വികസിത രാഷ്ട്രങ്ങള്‍ എന്ന് അഭിമാനിക്കുന്ന പലര്‍ക്കും ഇത്തരമൊരു നേട്ടത്തിന്റെ അടുത്തുപോലും എത്താന്‍ കഴിയാത്തപ്പോഴാണ് മൂന്നാം ലോക രാജ്യം എന്ന കുറ്റപ്പേരുകൂടിയുള്ള ഇന്ത്യ വന്‍ശക്തികളെ ഞെട്ടിച്ചിരിക്കുന്നത്. ഇപ്പോഴത്തെ വിക്ഷേപണ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കൂടി ഐഎസ്ആര്‍ഒയെ അനുമോദിച്ചു. ഇത് ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ ലോക റെക്കോര്‍ഡായതില്‍ ഇന്ത്യ അഭിമാനിക്കുന്നു. ഇന്ത്യ ഇതോടെ സ്‌പേസ് മാര്‍ക്കറ്റിലെ വലിയ കളിക്കാരായി മാറിയിരിക്കുകയാണ്. ഇനി ഇന്ത്യ വ്യാഴം, ശുക്രന്‍ എന്നീ ഗ്രഹങ്ങളിലേക്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ തയ്യാറെടുക്കുകയാണ്. 714 കിലോ തൂക്കം വരുന്ന പ്രധാന ഉപഗ്രഹത്തിനോടൊപ്പം 103 ചെറിയ ഉപഗ്രഹങ്ങളും ഉള്‍പ്പെടുത്താനാണ് പദ്ധതിയിടുന്നത്. ഇത് വിജയിക്കുകയാണെങ്കില്‍ ഇന്ത്യ ലോകത്തില്‍ ഏറ്റവുമധികം സാറ്റലൈറ്റുകള്‍ വിക്ഷേപിച്ച രാജ്യം എന്ന ലോക റെക്കോര്‍ഡും കരസ്ഥമാക്കും. 2013 ല്‍ ഇന്ത്യ മനുഷ്യനിയന്ത്രണമില്ലാത്ത ഒരു റോക്കറ്റ് ചൊവ്വയെ ചുറ്റാന്‍ അയച്ചിരുന്നു. ഇപ്പോള്‍ വിക്ഷേപിച്ചിരിക്കുന്ന പ്രധാന സാറ്റലൈറ്റിന് 914 കിലോ തൂക്കമുണ്ട്. ചെറിയ സാറ്റലൈറ്റുകള്‍ക്കെല്ലാം കൂടി 664 കിലോയും. ഇതോടെ ബഹിരാകാശ വിപണി പങ്കുവയ്ക്കാന്‍ വന്‍ശക്തികളോട് ഇന്ത്യ ആവശ്യപ്പെടുകയാണ്. ഈ രംഗത്ത് ഇന്ത്യയുമായി സഹകരിക്കാന്‍ മറ്റ് രാജ്യങ്ങള്‍ ഇനി നിര്‍ബന്ധിതമാകും എന്നുറപ്പാണ്. മംഗള്‍യാന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഐഎസ്ആര്‍ഒ ചെലവഴിച്ചത് 'ഗ്രാവിറ്റി'യെന്ന ഹോളിവുഡ് സിനിമ നിര്‍മിക്കാന്‍ വേണ്ടിവന്ന ചെലവിനേക്കാള്‍ കുറവായിരുന്നു. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കൗതുകകരമായ ഈ താരതമ്യം എടുത്തുകാട്ടിയത്. നമ്മുടെ ശാസ്ത്രജ്ഞരുടെ നൈപുണ്യവും ത്യാഗവും രാജ്യസ്‌നേഹവും പ്രതിബദ്ധതയുമാണ് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ ഇടവരുത്തിയത്. ഒറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചതോടെ ലോകത്തെ 'സ്‌പേസ് റേസിങ്' ചൂടുപിടിക്കുകയാണ്. സോവിയറ്റ് യൂണിയനുമായുള്ള ശീതസമരം നിലനിന്ന കാലത്ത് ബഹിരാകാശ യുദ്ധം എന്നതായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ മുദ്രാവാക്യം. ഇത്തരം നശീകരണ സങ്കല്‍പ്പങ്ങള്‍ക്കുപകരം ശാസ്ത്രത്തെ സൃഷ്ടിപരമായി എങ്ങനെ ഉപയോഗിക്കാമെന്നാണ് ഇന്ത്യ ലോകരാഷ്ട്രങ്ങളെ കാണിച്ചുകൊടുത്തിരിക്കുന്നത്. ഇപ്പോഴത്തേത് മഹത്തായ ചുവടുവയ്പ്പ് ആയിരിക്കുമ്പോള്‍ തന്നെ ഇനിയും ഔന്നത്യങ്ങള്‍ കീഴടക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അതിലേക്കുള്ള യാത്ര ഐഎസ്ആര്‍ഒയും അതിലെ ശാസ്ത്രജ്ഞരും തുടരുക തന്നെയാണ്. ഇപ്പോഴത്തെ വിജയത്തില്‍ അഭിനന്ദിക്കുന്നതോടൊപ്പം ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ പിന്തുണയും പ്രാര്‍ത്ഥനയും ഇതിന് ഒപ്പമുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.