കാട്ടാക്കട: കലയുടെയും സംസ്കാരത്തിന്റെയും സന്ദേശം പകരാന്‍ ദേശങ്ങള്‍ കടന്നെത്തിയവര്‍ രാജ്യം മികച്ച സാന്ത്വന പരിചരണ ഗ്രാമമായി തെരഞ്ഞെടുത്ത ഒറ്റശേഖരമംഗലം പഞ്ചായത്ത് സന്ദര്‍ശിച്ചു. കാട്ടാക്കടയില്‍ നടക്കുന്ന ദേശീയ നൃത്തോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അവര്‍.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുവന്ന എണ്‍പതോളം കലാകാരന്മാരാണ് സാന്ത്വന ഗ്രാമത്തിന്റെ ആതിഥ്യം സ്വീകരിക്കാന്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പഞ്ചായത്ത് പടിക്കലെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. അജയകുമാര്‍, സെക്രട്ടറി ഉഷകുമാരി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും ഭാവന ഭാരവാഹിയുമായ പൂഴനാട് ഗോപന് എന്നിവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു.
ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കലാസംഘം എത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ സാംസ്കാരികവിഭാഗം ദക്ഷിണമേഖലയും യുവജന ക്ഷേമ വകുപ്പുമാണ് കലയുടെ തീര്‍ഥാടനം ഒരുക്കിയത്. രജത ജൂബിലി ആഘോഷിക്കുന്ന നീരാഴിക്കോണം ഭാവന ഗ്രന്ഥശാല & കലാ സാംസ്കാരിക കേന്ദ്രം, പുനലാല്‍ ദി ഡെയില്‍വ്യു എന്നീ സംഘടനകളാണ് നൃത്തോത്സവ സംഘാടകര്‍.
ഒറ്റശേഖരമംഗലം പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളിലെ മികവിന് ഈവര്‍ഷം കേന്ദ്രസര്‍ക്കാര്‍ പുരസ്കാരം ലഭിച്ചിരുന്നു. ആലംബഹീനരെ പരിചരിച്ച് മാതൃകയായ പഞ്ചായത്തിനെ അടുത്തറിയുകയായിരുന്നു അന്യസംസ്ഥാന കലാകാരന്മാരുടെ സന്ദര്‍ശനോദ്ദേശ്യം. പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി കലാസംഘം പ്രതിനിധികള്‍ സംവദിച്ചു. ദേശീയോദ്ഗ്രഥനം കൂടി ലക്ഷ്യമിട്ടെത്തിയ സംഘത്തില്‍ ഗാന്ധിയന്‍ ചാച്ച ശിവരാജനും ഉണ്ടായിരുന്നു. ഉച്ചയൂണും കഴിഞ്ഞാണ് അവര്‍ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: