ഹിന്ദുമതത്തിനുനാശമില്ല: സ്വാമി അശ്വതി തിരുന്നാള്‍

Wednesday 15 February 2017 11:17 pm IST

അനന്തപുരി ഹിന്ദുധര്‍മ്മപരിഷത്ത് ക്ഷേത്രകാര്യകര്‍ത്തൃയോഗം സ്വാമി അശ്വതി തിരുനാള്‍ ഉദ്ഘാടനം ചെയ്യുന്നു. വെങ്കിടേഷ്, പ്രൊഫ. എം.ലീലാമണി, സി.കെ.കുഞ്ഞ്, ദിനേശ്പണിക്കര്‍, പി.അശോക്കുമാര്‍, പി.രാജശേഖരന്‍, എം.ഗോപാല്‍ സമീപം

തിരുവനന്തപുരം: ഹിന്ദു മതം ഉത്ഭവിച്ചത് കാട്ടിലാണെന്നും പൂന്തോട്ടത്തിലല്ലെന്നും അതിനാല്‍ സ്വയം വഴി കണ്ടെത്തിയാണ് ശിഷ്യന്‍മാര്‍ പോകേണ്ടതെന്നും ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുന്നാള്‍. അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ക്ഷേത്രകാര്യകര്‍ത്തൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു മതങ്ങള്‍ ഉത്ഭവിച്ചത് മരുഭൂമിയിലും പുല്‍നാമ്പുപോലും കുരുക്കാത്ത കുന്നുകളിലുമാണ്. അതുകൊണ്ടുതന്നെ ശിഷ്യര്‍ പ്രവാചകന്‍ നടന്നു നീങ്ങിയ വഴിയുടെ പിന്നാലെ സഞ്ചരിക്കേണ്ടി വന്നു. ഹിന്ദു മതത്തെ ഒരിക്കലും നശിപ്പിക്കാന്‍ സാധ്യമല്ല. നിരവധി മതങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടും നശിക്കാത്ത ലോകത്തിലെ ഒരേയൊരു മതമാണ് ഹിന്ദുമതം. സംഘടിപ്പിക്കാതെയും നിര്‍ബന്ധിക്കാതെയും ഒരു ആഘോഷത്തില്‍ ലക്ഷക്കണക്കിന് പേര്‍ അണിനിരക്കുന്നത് ഹിന്ദു മതത്തില്‍ മാത്രമെ കാണാന്‍ സാധിക്കുകയുള്ളു. ഇതിന്റെ ഉദാഹരണമാണ് ശബരിമലയും ആറ്റുകാല്‍ പൊങ്കാലയും. ഹിന്ദുവിനെ ഇന്നും നിലനിര്‍ത്തുന്നത് ക്ഷേത്രങ്ങളും നിലവിളക്കുകളുമാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റു മതങ്ങള്‍ കുട്ടികള്‍ക്ക് മതപഠന പരിശീലനം നല്‍കുമ്പോള്‍ നമ്മുടെ ക്ഷേത്രങ്ങള്‍ ഇത്തരം സാഹചര്യങ്ങള്‍ ഒരുക്കുന്നില്ലെന്ന് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ചെയര്‍മാന്‍ ദിനേഷ് പണിക്കര്‍ പറഞ്ഞു. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തപസ്യ രക്ഷാധികാരി പി. രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.കെ. കുഞ്ഞ്, വിഎച്ച്പി ദക്ഷിണമേഖല സംയോജക് വെങ്കിടേഷ്, അനന്തപുരി ഹിന്ദു മഹാസമ്മേളന സെക്രട്ടറി എം. ഗോപാല്‍, ജനറല്‍ സെക്രട്ടറി രതീഷ്, പി. അശോക് കുമാര്‍, പ്രൊഫ. എം. ലീലാമണി, ബിജെപി മണ്ഡലം പ്രസിഡന്റ് രാജശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി വി.ജി. ഷാജു സ്വാഗതവും വിഷ്ണു നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.