കെട്ടിക്കിടക്കുന്ന കേസുകള്‍  വേഗം തീര്‍പ്പാക്കുമെന്ന് മന്ത്രി

Thursday 16 February 2017 12:18 am IST

കൊച്ചി: ഭൂരഹിതര്‍ക്കു ഭൂമി നല്‍കുന്നതിനായി അതുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന കേസുകള്‍ എളുപ്പത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍.ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്കു പട്ടയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായവും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പി.ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു.  
ലാന്‍ഡ്‌ട്രൈബ്യൂണലില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കേസുകളുടെ പഴക്കം നിശ്ചയിക്കാന്‍  നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കഴിയുന്നത്ര ക്യാമ്പ് സിറ്റിംഗ് നടത്തി കേസുകള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണലിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണം. സര്‍ക്കാര്‍ ഭൂമി കൈവശം വയ്ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി തുടരുമെന്ന് അദ്ദേഹം അറിയിച്ചു. 
 ജില്ലയില്‍ 450 പേര്‍ക്കാണ് പട്ടയം നല്‍കി. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ നേതൃത്വത്തിലുളള സംഘത്തെ മന്ത്രി അഭിനന്ദിച്ചു. കോതമംഗലം താലൂക്കിലെ നേര്യമംഗലത്ത് കഴിഞ്ഞ ആഴ്ച 99 പേര്‍ക്ക് ആദ്യഘട്ടമായി പട്ടയം വിതരണം ചെയ്തിരുന്നു.
തന്റെ മണ്ഡലമായ തൃക്കാക്കരയില്‍ ഇനിയും അമ്പതോളം പേര്‍ക്ക് പട്ടയംകിട്ടാനുണ്ടെന്ന് പി. ടി. തോമസ് എംഎല്‍എ പറഞ്ഞു. 
ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, ഹൈബി ഈഡന്‍ എംഎല്‍എ, സബ്കളക്ടര്‍ ഡോ. അദില, അസി. കളക്ടര്‍ ഡോ. രേണു രാജ്, എഡിഎം സി.കെ. പ്രകാശ്, മുവാറ്റുപുഴ ആര്‍ഡിഒ രാമചന്ദ്രന്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.