ഭൂമാഫിയ പുഴയോരങ്ങള്‍ വ്യാപകമായി കയ്യേറുന്നു

Thursday 16 February 2017 1:10 pm IST

മലപ്പുറം: ജില്ലയിലെ പ്രധാനപ്പെട്ട പുഴകളുടെ തീരങ്ങള്‍ ഭൂമാഫിയ കയ്യേറുന്നതായി പരാതി. ഭാരപ്പുഴ മുതല്‍ ചാലിയാര്‍ വരെയുള്ള പുഴകളുടെ ഏക്കറുകണക്കിന് സ്ഥലങ്ങളാണ് റിയല്‍ എസ്റ്റേറ്റ് മാഫിയ കയ്യേറിയിരിക്കുന്നത്. റിസോര്‍ട്ടുകള്‍, ഒഴിവുകാല വസതികള്‍ തുടങ്ങിയവ നിര്‍മ്മിക്കാനാണ് ആളുകള്‍ പുഴയോരം തേടി വരുന്നത്. ഇത്തരക്കാരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ മാഫിയ പുഴ കയ്യേറി മതില്‍ കെട്ടിയിരിക്കുകയാണ്. പരപ്പനങ്ങാടിയില്‍ കടലുണ്ടിപ്പുഴ കയ്യേറി നിര്‍മ്മാണം നടന്നത് സമീപകാലത്ത് വിവാദമായിരുന്നു. തിരൂരിലും കുറ്റിപ്പുറത്തും സമാന സംഭവങ്ങളുണ്ട്. തിരൂര്‍പുഴ കയ്യേറിയ സ്ഥലത്താണ് വമ്പന്‍ ഹോട്ടലുകളടക്കം പ്രവര്‍ത്തിക്കുന്നത്. നഗരസഭയോ ബന്ധപ്പെട്ട അധികൃതരോ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ബിനാമികളാണ് ഇത്തരം കയ്യേറ്റക്കാരില്‍ ഭൂരിഭാഗവും. മലയോര മേഖലയുടെ അവസ്ഥയും ഇതുതന്നെയാണ്. വഴിക്കടവ്, എടക്കര, മൂത്തേടം, ചുങ്കത്തറ, പോത്തുകല്‍ തുടങ്ങിയ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കലക്കന്‍പുഴ, കാരക്കോടന്‍ പുഴ, പുന്നപ്പുഴ, കരിമ്പുഴ, ചാലിയാര്‍, നീര്‍പുഴ, കുറുവന്‍പുഴ എന്നിവയുടെ തീരങ്ങള്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറിയിരിക്കുകയാണ്. മൂത്തേടം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുഴയോരം കൈയേറിയതിനെതിരെ നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. നെല്ലിക്കുത്ത്, ഈങ്ങാര്‍, തോട്ടപ്പാള മുതല്‍ നിരവധി സ്ഥലങ്ങളില്‍ ഏക്കറുകണക്കിന് പുഴയോരമാണ് കൈയേറ്റക്കാര്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. വര്‍ഷക്കാലത്ത് നിറഞ്ഞൊഴുകുന്ന പുഴ വേനല്‍ക്കാലത്ത് നീര്‍ച്ചാലുകളായി മാറുമ്പോഴാണ് സ്വകാര്യ വ്യക്തികള്‍ കൈയേറ്റം ആരംഭിക്കുന്നത്. മഴക്കാലത്ത് ജലനിരപ്പുയരുമ്പോള്‍ പുഴകളില്‍ അടിഞ്ഞുകൂടുന്ന മണ്‍തിട്ടകളും എക്കല്‍ മണ്ണ് അടിഞ്ഞുണ്ടാകുന്ന കരപ്രദേശവും ചേര്‍ത്താണ് സമീപത്തെ തോട്ടം ഉടമകള്‍ കൈയേറുന്നത്. വേനല്‍ക്കാലങ്ങളില്‍ ഇത്തരം സ്ഥലങ്ങളില്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള ഹൃസ്വകാല കൃഷികള്‍ നടത്തുന്നവര്‍ പിന്നീട് വേലികെട്ടി തെങ്ങ്, കമുക്, റബര്‍ തുടങ്ങി ദീര്‍ഘകാല വിളകള്‍ കൃഷി ചെയ്ത് സ്വന്തമാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ഹെക്ടര്‍ കണക്കിന് പുഴയോരമാണ് വെട്ടി പിടിച്ച് സ്വന്തമാക്കിയിട്ടുള്ളത്. നിലവിലുള്ള ഭൂമി രേഖകള്‍ പരിശോധിച്ചാല്‍ കൈയേറ്റം ബോധ്യപ്പെടുമെന്നിരിക്കെ ഗ്രാമപഞ്ചായത്ത് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും നടപടിഎടുക്കാത്തതിലും നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.