സോണ്ടേഴ്‌സിന്റെ നെറ്റി തുളച്ച ഭഗത് സിങിന്റെ തോക്ക് വീണ്ടും കണ്ടെത്തി

Sunday 18 June 2017 6:56 am IST

ന്യൂദല്‍ഹി: ഭാരതത്തിന്റെ വീരപുത്രന്‍ ഭഗത് സിങ് ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥന്‍ അസി. പോലീസ് സൂപ്രണ്ട് ജോണ്‍ സോണ്ടേഴ്‌സിനെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക് 90 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചറിഞ്ഞു. 32 എംഎം കോള്‍ട്ട് ഓട്ടോമാറ്റിക് പിസ്റ്റളാണ് തിരിച്ചറിഞ്ഞത്.

1928 ഡിസംബര്‍ 17നാണ് ഭഗത് സിങ് സോണ്ടേഴ്‌സിനെ വെടിവച്ച് കൊന്നത്. പിസ്റ്റള്‍ ഇന്‍ഡോറിലെ മ്യൂസിയത്തിന്റെ സ്‌റ്റോര്‍ മുറിയില്‍ എവിടെയോ കളഞ്ഞുപോയിരുന്നു. മ്യൂസിയത്തില്‍ ഒരു കണ്ണാടിപ്പെട്ടിയില്‍ തോക്ക് ഇരിക്കുന്നത് പലരും കാണുന്നുണ്ടായിരുന്നെങ്കിലും പിസ്റ്റളിലെ കറുത്ത പെയിന്റ് കാരണം അത് തിരിച്ചറിഞ്ഞില്ല. അതിനാല്‍ അതിന്റെ വിലയും ആരും മനസിലാക്കിയില്ല.

അമൂല്യം…ജോണ്‍ സോണ്ടേഴ്‌സിനെ വധിക്കാന്‍ ഭഗത് സിങ് ഉപയോഗിച്ച തോക്ക്.

സ്വാതന്ത്ര്യ സമരസേനാനി ലാലാ ലജ്പത് റായിയെ കൊലപ്പെടുത്താന്‍ ചുക്കാന്‍ പിടിച്ചത് സോണ്ടേഴ്‌സണായിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് ഭഗത് സിങ് സോണ്ടേഴ്‌സിനെ വെടിവച്ച് കൊന്നത്. തുടര്‍ന്ന് നടന്ന വിചാരണയില്‍ 1931 മാര്‍ച്ച് 23ന് ഭഗത് സിങിനെ തൂക്കിക്കൊന്നു. ലജ്പത് റായിയുടെ കൊലപാതകത്തില്‍ കലാശിച്ച ലാത്തിച്ചാര്‍ജ്ജിനും വെടിവെപ്പിനും ഉത്തരവാദിയായ ജയിംസ് സ്‌കോട്ടിനെ വധിക്കാനായിരുന്നു ഭഗത് സിങ്ങിന്റെ പരിപാടിയെങ്കിലും പിന്നീട് ലക്ഷ്യം മാറ്റുകയായിരുന്നു.

തോക്ക് ഇപ്പോള്‍ ഇന്‍ഡോര്‍ ബിഎസ്എഫ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. തോക്കില്‍ ഭഗത് സിങ് എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.