മുസ്ലിം വോട്ടുകള്‍ക്ക് തുറന്ന യുദ്ധം

Sunday 18 June 2017 1:08 am IST

മുലായവും അഖിലേഷും

ഏത് മണ്ഡലത്തില്‍ നിന്നാണ് ഞാന്‍ മത്സരിക്കേണ്ടതെന്ന മൗലാനാ അബുള്‍ കലാം ആസാദിന്റെ ചോദ്യത്തിന് കൂടുതല്‍ മുസ്ലിം വോട്ടുള്ള മണ്ഡലം എന്നായിരുന്നു പ്രഥമ പ്രധാനമന്ത്രി നെഹ്റുവിന്റെ മറുപടി. നെഹ്റുവിന്റെ കാലത്താരംഭിച്ച പ്രീണന രാഷ്ട്രീയം അപകടകരമായി ആഞ്ഞടിക്കുകയാണ് ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് കാലത്ത്. മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടിയുള്ള തുറന്ന യുദ്ധമാണ് തെരഞ്ഞെടുപ്പ് കാഴ്ചകളിലൊന്ന്. 19.1 ശതമാനമുള്ള മുസ്ലിം സമുദായം പലമണ്ഡലങ്ങളിലും ജനവിധിയെ സ്വാധീനിക്കും.

ലക്നോ കൈലാസ് മാര്‍ഗ്ഗിലെ അഖിലേഷ് യാദവിന്റെ വസതിക്ക് മുന്നില്‍ ഹിന്ദിക്ക് പുറമെ ഉര്‍ദുവിലും പേരെഴുതി വെച്ചിട്ടുണ്ട്. ‘മൗലാനാ മുലായ’ത്തിന്റെ മകനെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ! എസ്പി-കോണ്‍ഗ്രസ് സഖ്യവും ബിഎസ്പിയുമാണ് മുസ്ലിം വോട്ടുകള്‍ ലക്ഷ്യമിട്ട്് പരസ്യപോരില്‍. മുസ്ലിം നേതാക്കളെ മെഗാഫോണുകളാക്കി പാര്‍ട്ടികള്‍ രംഗത്തിറക്കിയിട്ടുണ്ട്. ബിജെപി വിരുദ്ധ രാഷ്ട്രീയത്തിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. മായാവതിയാണ് ഇതില്‍ ഒരു ചുവട് മുന്നില്‍.

മായാവതി

തുടര്‍ച്ചയായ തോല്‍വികളുടെ ക്ഷീണത്തിലാണ് ബിഎസ്പിയും മായാവതിയും. ഇനിയൊരു തോല്‍വി പാര്‍ട്ടിയുടെ നിലനില്‍പ്പ് ഇല്ലാതാക്കും. അതിനാല്‍ ദളിത് സംരക്ഷണത്തിന്റെ വക്താക്കള്‍ ഇപ്പോള്‍ മുസ്ലിം സംരക്ഷകരായാണ് അഭിനയിക്കുന്നത്. ദളിതരേക്കാള്‍ കൂടുതല്‍ മുസ്ലിങ്ങള്‍ക്ക് ബിഎസ്പി ഇത്തവണ സീറ്റുനല്‍കി. 97 സീറ്റുകള്‍ മുസ്ലിങ്ങള്‍ക്ക് നല്‍കിയപ്പോള്‍ ദളിതര്‍ക്ക് ലഭിച്ചത് 87 മാത്രം. 2012ലേതിനേക്കാള്‍ 12 മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍. കലാപ ബാധിത പ്രദേശങ്ങളിലും മുസ്ലിം മുഖങ്ങളെ മത്സരിപ്പിച്ച് മായാവതി നയം വ്യക്തമാക്കുന്നു. രാമജന്മഭൂമിയിലും മുസ്ലിം സ്ഥാനാര്‍ത്ഥിയാണ്.

മാഫിയാ തലവന്‍ മുഖ്താര്‍ അന്‍സാരിയുടെ പാര്‍ട്ടി ക്വാമി ഏക്താ ദളിനെ ബിഎസ്പിയോട് ചേര്‍ത്തതും മുസ്ലിം വോട്ടുകള്‍ ലക്ഷ്യമിട്ടാണ്. മുഖ്താറിന് പുറമെ മകനും സഹോദരനും മത്സരരംഗത്തുണ്ട്. ബിജെപിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയായ ചരിത്രമുള്ള മായാവതി പ്രചാരണങ്ങളില്‍ ഏറ്റവുമധികം ആക്രമിക്കുന്നതും ബിജെപിയെയാണ്. അഖിലേഷ് ഭരണത്തില്‍ അരങ്ങേറിയ വര്‍ഗ്ഗീയ കലാപങ്ങളും മായാവതി ഉന്നയിക്കുന്നു. അഞ്ച് വര്‍ഷത്തിനിടെ അഞ്ഞൂറ് കലാപങ്ങള്‍ ഉണ്ടായതായാണ് ആരോപണം. മുസ്ലിം നേതാക്കളുമായി ചര്‍ച്ച നടത്താന്‍ രാജ്യസഭാ എംപിമാരായ മിഷ്റ, അശോക് സിദ്ധാര്‍ത്ഥി, എംഎല്‍സി സിദ്ദിഖി എന്നിവരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

മുഖ്താര്‍ അന്‍സാരി

മുസ്ലിം അജണ്ടയുള്ള യാദവ പാര്‍ട്ടിയെന്നാണ് എസ്പിയുടെ വിശേഷണം. രാമജന്മഭൂമി പ്രക്ഷോഭ കാലത്ത് കര്‍സേവകര്‍ക്കെതിരെ വെടിവെക്കാന്‍ ഉത്തരവിട്ട മുലായം തീവ്രമുസ്ലിം നേതാക്കളുടെ കണ്ണിലുണ്ണിയാണ്. തര്‍ക്ക മന്ദിരം സംരക്ഷിക്കാന്‍ 16 കര്‍സേവകരെ വെടിവെച്ചു കൊന്നത് ലക്‌നോവിലെ പൊതുയോഗത്തിലും മുലായം അഭിമാനത്തോടെ വിളിച്ചു പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം മുസ്ലിം സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചതും എസ്പിയാണ്. 68 മുസ്ലിം എംഎല്‍എമാരില്‍ 43 പേര്‍ എസ്പിയും 15 പേര്‍ ബിഎസ്പിയുമാണ്. കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയത് മുസ്ലിം പിന്തുണ വര്‍ദ്ധിപ്പിക്കുമെന്നാണ് അഖിലേഷിന്റെ വിശ്വാസം.

സഖ്യത്തിന്റെ പൊതുമിനിമം പരിപാടിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നുണ്ട്. മതനേതാക്കളുടെ യോഗം വിളിക്കുന്നതിന് പുറമെ മുസ്ലിങ്ങള്‍ക്ക് മാത്രമായി പരിപാടികളും എസ്പിയും ബിഎസ്പിയും സംഘടിപ്പിക്കുന്നുണ്ട്.

ഉലമ കൗണ്‍സില്‍, ഷിയാ ക്ലറിക് കല്‍ബെ ജവാദ് തുടങ്ങിയവര്‍ ബിഎസ്പിയെ പിന്തുണക്കുമ്പോള്‍ നദ്വ ഉല്‍ ഇസ്ലാം പ്രിന്‍സിപ്പല്‍ സയ്യിദ് ഉര്‍ റഹ്മാന്‍ അസമി നദ്വിയെപ്പോലുള്ളവര്‍ സമാജ്വാദി പാര്‍ട്ടിക്കൊപ്പമാണ്. ഒവൈസിയുടെ എഐഎംഐഎം, പീസ് പാര്‍ട്ടി എന്നിവരുടെ നോട്ടവും മുസ്ലിം വോട്ടുകളിലാണ്.

തെരഞ്ഞെടുപ്പ് കാലത്തെ സ്നേഹം അടവുനയം മാത്രമാണെന്ന തിരിച്ചറിവ് യുപിയിലെ മുസ്ലിം സമൂഹത്തിനുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ തൊണ്ണൂറ് ശതമാനത്തിലേറെ സീറ്റുകള്‍ ബിജെപി നേടിയത് മുസ്ലിം വോട്ടുകളും സ്വന്തമാക്കിയാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മോദിയെ ചൂണ്ടിക്കാട്ടി മുസ്ലിങ്ങളെ ഭയപ്പെടുത്തുന്ന പ്രചാരണമാണ് എതിരാളികള്‍ അന്ന് നടത്തിയത്.

ഒവൈസി

ബിജെപിയല്ല തങ്ങളുടെ പ്രശ്നം ദാരിദ്ര്യമാണെന്ന് തുറന്നടിക്കുന്ന മുസ്ലിങ്ങളെ യുപിയില്‍ നേരില്‍ക്കാണാം. ”കഴിഞ്ഞ തവണ അഖിലേഷിനാണ് വോട്ടുചെയ്തത്. കലാപങ്ങളല്ലാതെ എസ്പി എന്താണ് ജനങ്ങള്‍ക്ക് തിരിച്ചു നല്‍കിയത്?”. മുസ്ലിം വോട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അയോധ്യയില്‍ വ്യാപാരിയായ അന്‍സാരിയുടെ പ്രതികരണം ഇങ്ങനെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.